man
പാതയോരത്തെ മൺപാത്ര കച്ചവടം

സുൽത്താൻ ബത്തേരി: കളിമണ്ണിന് വില വല്ലാതെ കൂടുകയും കൊവിഡ് നിയന്ത്രണങ്ങൾ തുടരവെ ഉത്പന്നങ്ങളുടെ വില്പന വല്ലാതെ ഇടിയുകയും ചെയ്തതോടെ മൺപാത്ര നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലായി.

ഉൾനാടുകളിൽ പോലും മൺപാത്രങ്ങളുടെ സ്ഥാനം അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ കൈയടക്കിയതോടെ തന്നെ വിപണിയിൽ നിന്ന് മൺപാത്രങ്ങൾ അപ്രത്യക്ഷമായികൊണ്ടിരിക്കുകയായിരുന്നു. കളിമണ്ണിന്റെ ക്ഷാമത്തിനു പുറമെ ചെലവിനനുസരിച്ച് വരുമാനമില്ലാത്ത അവസ്ഥ കൂടിയായതോടെ മൺപാത്ര നിർമ്മാണം പൊതുവെ കുറയാനുമിടയായി. അതിനിയ്ക്കാണ് കൊവിഡിന്റെ വ്യാപനത്തിൽ നിയന്ത്രണങ്ങൾ വന്നത്. നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചെങ്കിലും വീടുകളിൽ കയറിയിറങ്ങിയുള്ള വില്പന ഇനിയും തുടങ്ങാനായിട്ടില്ല. തെരുവോര വില്പന മാത്രമാണ് ഇപ്പോൾ ആശ്രയം. അതാകട്ടെ, വീട് കയറിയുള്ള കച്ചവടം പോലെ നടക്കുന്നുമില്ല.
കുലത്തൊഴിലിൽ തുടരാനാവുന്നില്ലെന്ന സാഹചര്യത്തിൽ കുംബാരവിഭാഗത്തിൽ പെട്ടവർ പലരും മറ്റു മേഖലകളിൽ തൊഴിൽ തേടുകയാണിപ്പോൾ. കളിമണ്ണിന്റെ വില നോക്കിയാൽ നിർമ്മാണ ചെലവിന്റെ തുക പോലും പാത്രങ്ങൾ വിറ്റാൽ കിട്ടില്ലെന്നായെന്ന് ഇവർ പറയുന്നു. പരമ്പരാഗതമായി മൺ പാത്രങ്ങൾ നിർമ്മിച്ചുവരുന്ന കുറച്ച് പേർ മാത്രമാണ് ഇപ്പോൾ ഈ രംഗത്തുള്ളത്.
പാത്രനിർമ്മാണത്തിനുള്ള കളിമണ്ണിന് വലിയ ക്ഷാമമാണ് നേരിടുന്നത്. അഞ്ച് വർഷം മുമ്പ് വരെ കുറഞ്ഞ വിലയ്ക്ക് കളിമണ്ണ് ലഭിച്ചിരുന്നു. ഇപ്പോൾ ഒരു ലോഡ് മണ്ണ് പണിശാലയിൽ എത്തുമ്പോഴേക്കും 25,000 രൂപ ചെലവ് വരുന്നുണ്ട്. പാത്രങ്ങൾ ചൂളയ്ക്ക് വെക്കുന്നതിന്റെ ചെലവ് വേറെയും. എങ്ങനെയെങ്കിലും പിടച്ചുനിൽക്കുന്നതിനായി മിക്കവരും പാത്രങ്ങളുമായി വഴിയോരത്ത് തമ്പടിക്കുകയാണ്.