മാനന്തവാടി: സോളാറിൽ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിച്ച് വരുമാനം നേടുകയാണ് മാനന്തവാടി ഗവ.യു.പി സ്‌കൂൾ. മാനന്തവാടി നഗരസഭ 2018-2019, 2019-2020 വർഷങ്ങളിൽ 5 ലക്ഷം രൂപ വീതം ആകെ 10 ലക്ഷം ചെലവഴിച്ച് നടപ്പാക്കിയ സോളാർ ക്യാമ്പസ് പദ്ധതിയാണ് മാതൃകപരമായ പ്രവർത്തനമായി മാറുന്നത്.
ആദ്യം ഓരോ മാസവും 4000 രൂപയോളം ഈ വിദ്യാലയത്തിന് വൈദ്യുതിയിനത്തിൽ നൽകാനുണ്ടായിരുന്നു. അത് പദ്ധതി നിലവിൽ വന്നതോടെ 500 രൂപയായി കുറഞ്ഞു. മാത്രമല്ല, കെ.എസ്.ഇ.ബി ക്ക് വൈദ്യുതി ഉൽപ്പാദിപ്പിച്ച് നൽകിയ ഇനത്തിൽ ആദ്യ ഗഡുവായി 18000 രൂപ ഗവ.യു.പി സ്‌കൂളിന് ബോർഡ് നൽകുകയാണ്.
ജില്ലയിൽ ആദ്യമായാണ് ഒരു സ്‌ക്കൂളിൽ നഗരസഭ ഇത്തരം ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. നഗരസഭയിലെ കുടുതൽ സ്‌ക്കൂളുകളിലേക്ക് പദ്ധതി വ്യാപിപിക്കാൻ ഉദ്ദേശിക്കുന്നതായി വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.ബിജു പറഞ്ഞു.