പടിഞ്ഞാറത്തറ:വയനാട്ടിലെ വനമേഖലയിൽ ഇന്നലെ പുലർച്ചെ ആറംഗ മാവോയിസ്റ്റ് സംഘവും തണ്ടർ ബോൾട്ട് കമാൻഡോകളും തമ്മിലുണ്ടായ വെടിവയ്‌പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇയാൾ ഉൾപ്പെടെ അഞ്ച് പേർ ഉൾവനത്തിലേക്ക് രക്ഷപ്പെട്ടു.തമിഴ്നാട്ടിലെ തേനി ജില്ലയിലെ പെരിയകുളം പുതുക്കോട്ട സ്വദേശി വേൽമുരുഗനാണ് (32) കൊല്ലപ്പെട്ട മാവോയിസ്റ്റ്. പടിഞ്ഞാറത്തറ ബാണാസുരൻ മലയടിവാരത്തെ വാളാരകുന്ന് വനമേഖലയിലാണ് പുലർച്ചെ വെടിവയ്പ് നടന്നത്. അതേസമയം രാവിലെ 9.15 ഓടെയാണ് വെടിവയ്പുണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം.മീൻമുട്ടി വെള്ളച്ചാട്ടത്തിന് തൊട്ടടുത്താണ് ഇൗ പ്രദേശം. പതിവ് പട്രോളിംഗ് നടത്തിയ തണ്ടർബോൾട്ടിനെതിരെ മാവോയിസ്റ്റുകൾ വെടിവച്ചെന്നും സ്വയരക്ഷയ്‌ക്കായി സേന തിരിച്ച് വെടിവച്ചെന്നുമാണ് ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചത്. കമാൻഡോകൾക്ക് പരിക്കില്ല. സംഭവസ്ഥലത്തു നിന്ന് ഒരു ബോൾട്ട് ആക്ഷൻ റൈഫിളും ഒഴിഞ്ഞ തിരകളും ലഘുലേഖകളും കണ്ടെടുത്തു. സംഭവത്തെപ്പറ്റി മജിസ്റ്റീരിയൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.പട്ടികജാതിക്കാരായ സെണ്ടു - അന്നമ്മാൾ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട വേൽമുരുഗൻ. ഇയാളുടെ സഹോദരൻ മുരുഗൻ മധുര കോടതിയിലെ അഭിഭാഷകനാണ്. മൂത്ത സഹോദരി അയ്യമ്മാൾ ഭർത്താവ് പരമനൊപ്പം മധുര ഉസിലാംപട്ടിയിലാണ് താമസിക്കുന്നത്.മാവോയിസ്റ്റുകളുടെ പശ്ചിമഘട്ട ദളങ്ങൾ ഈ മേഖലയിൽ സജീവമാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇവരെ നേരിടാൻ തണ്ടർ ബോൾട്ടിന്റെ എട്ടംഗ കമാൻഡോ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ പുലർച്ചെ മാവോയിസ്റ്റുകളെ വളഞ്ഞ കമാൻഡോകൾ കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ മഴയും ഇരുട്ടും മറയാക്കി പതുങ്ങിയ മാവോയിസ്റ്റുകൾ വെടിവയ്‌ക്കുകയായിരുന്നു. കമാൻഡോകൾ തിരിച്ചും വെടിവച്ചു. പുലർച്ചെ നാലരയോടെ തുടങ്ങിയ വെടിവയ്‌പ് ഏഴ് മണിവരെ നീണ്ടു. ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുകയും മറ്റുള്ളവർ കാട്ടിലേക്ക് മറയുകയും ചെയ്‌തു. പിൻവാങ്ങിയ മാവോയിസ്റ്റുകൾ കമാൻഡോകളെ കുടുക്കാൻ കെണിബോംബുകൾ സ്ഥാപിച്ചതായി സംശയിക്കുന്നതായും അതിനാൽ വളരെ ജാഗ്രതയോടെയാണ് തെരച്ചിലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പൊലീസ് ആദിവാസ കോളനികളിലും പുറത്തെ ആശുപത്രികളിലും തെരച്ചിൽ നടത്തുന്നുണ്ട്.2019 മാർച്ച് ആറിന് രാത്രി വയനാട്ടിലെ വൈത്തിരി ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റ് സി.പി.ജലീൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു.അതേവർഷം ഒക്ടോബറിൽ വയനാട്ടിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചു കൊന്നത് വിവാദമായിരുന്നു.
മാദ്ധ്യമങ്ങളെ തടഞ്ഞു
ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് മാദ്ധ്യമ പ്രവർത്തകരെ വിട്ടില്ല.കാപ്പിക്കളം എന്ന സ്ഥലത്ത് അവരെ സേന തടഞ്ഞു. മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
വ്യാജ ഏറ്റുമുട്ടലെന്ന്
വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായി പോരാട്ടം സംസ്ഥാന കൺവീനർ ഷാന്റോ ലാൽ പറഞ്ഞു.
വേൽമുരുഗൻ പിടികിട്ടാപ്പുള്ളി
വെടിയേറ്റ് മരണപ്പെട്ട വേൽമുരുഗൻ തമിഴ്നാട് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മാവോയിസ്റ്റെന്ന് വിവരം.എട്ട്പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുണ്ട്.2015മുതൽ ഇയാളെ തമിഴ്നാട് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്.ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.