അങ്കത്തട്ടിലേക്ക്

സുൽത്താൻ ബത്തേരി: കഴിഞ്ഞ അഞ്ച് വർഷകാലത്തെ വികസന മുന്നേറ്റം ഉയർത്തി കാണിച്ച് ഭരണം നിലനിർത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബത്തേരി നഗരസഭയിൽ എൽ.ഡി.എഫ്. അതേസമയം ചുണ്ടിനും കപ്പിനും ഇടയിൽവെച്ച് നഷ്ടപ്പെട്ടുപോയ ഭരണം തിരികെ പിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിൽ യു.ഡി.എഫും. ഭരണ പരാജയവും കെടുകാര്യസ്ഥതയും വികസന മുരടിപ്പുമാണ് യു.ഡി.എഫിന്റെ ആരോപണങ്ങൾ. വൃത്തിയുടെ പേരിൽ ലഭിച്ച പ്രശസ്തി മറ്റ് ജില്ലകൾ വരെ മാതൃകയാക്കിയത് ചൂണ്ടിക്കാട്ടി ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടും.

#

ചരിത്രം
1969-ലാണ് സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. തുടർച്ചയായി കാൽ നൂറ്റാണ്ട് കാലം യു.ഡി.എഫിനൊപ്പം നിന്ന ചരിത്രമാണ് ബത്തേരിക്കുള്ളത് . മുസ്ലീം ലീഗിലെ പി.സി. അഹമ്മദ്ഹാജി കാൽ നൂറ്റാണ്ടിലധികം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായി. ഡി.ഐ.സി ഇടതുമുന്നണിക്ക് പിന്തുണ നൽകിയ ഒരു തവണ മാത്രമാണ് പഞ്ചായത്ത് ഇടതുപക്ഷത്തിന് ലഭിച്ചത്. 2015-ൽ ബത്തേരിയെ നഗരസഭയായി ഉയർത്തിയതോടെയാണ് ഭരണം യു.ഡി.എഫിന് നഷ്ടമായത്.

#

ഭരണം ഇടത്പക്ഷത്തേക്ക്
35 ഡിവിഷനുകളിലായി നാൽപതിനായിരത്തോളം വോട്ടർമാരാണ് ബത്തേരി നഗരസഭയിൽ. എൽ.ഡി.എഫ് 17, യു.ഡി.എഫ് 17, ബി.ജെ.പി 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫിലെ ഒരു സീറ്റ് ഉണ്ടായിരുന്ന കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിന് പിൻതുണ നൽകിയതോടെ ഭരണം ഇടത്തേക്ക് മറിഞ്ഞു. സി.പി.എമ്മിലെ സി.കെ. സഹദേവൻ ആദ്യ നഗരസഭയുടെ പ്രഥമ നഗരപിതാവായി. രണ്ട് വർഷം കഴിയുമ്പോൾ ഒരു വർഷം കേരള കോൺഗ്രസ് എമ്മിലെ ടി.എൽ.സാബുവിന് അദ്ധ്യക്ഷ സ്ഥാനം നൽകണമെന്നായിരുന്നു കരാർ. അവസാന 2 വർഷം സി.പി.എമ്മിനും.
എന്നാൽ ഉപതിരഞ്ഞെടുപ്പിൽ എല്ലാം മാറിമറിഞ്ഞു. സി.പി.എമ്മിന്റെ ഒരു മെമ്പർ സർക്കാർ ജോലി കിട്ടി പോവുകയും മറ്റൊരു മെമ്പർ മരണപ്പെടുകയും ചെയ്തതോടെയാണ് രണ്ട് ഡിവിഷനുകളിൽ ഉപതിരഞ്ഞടുപ്പ് നടന്നത്.

ഒന്നിൽ എൽ.ഡി.എഫ് തോറ്റതോടെ ഭരണ പ്രതിപക്ഷ കക്ഷിനില തുല്യമായി. ഈ സാഹചര്യത്തിൽ നഗരസഭ ചെയർമാനെ കരാർ അനുസരിച്ച് മാറ്റിയാൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തുല്യത വന്ന് നറുക്കെടുപ്പുണ്ടായാൽ ഭരണം നഷ്ടപ്പെടാൻ ഇടയാകുമെന്നതിനാലാണ് ടി.എൽ.സാബുവിന് ചെയർമാനായി തുടരാൻ അവസരം ഒരുങ്ങിയത്.

#

രാഹുലിന്റെ വരവ്
ലോകസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മൽസരിക്കാൻ എത്തിയതോടെ സാബുവിനോട് ചെയർമാൻ സ്ഥാനം രാജിവെച്ച് യു.ഡി.എഫിനൊപ്പം നിൽക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വം സാബുവിന് കത്ത് നൽകി. എന്നാൽ നേരത്തെ തീരുമാനിച്ച വ്യവസ്ഥയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ സാബുവിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കേസ് നടന്നു വരികയാണ്. അതിനിടെ ബൈപാസ് റോഡിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാന്റേതായി സഭ്യമല്ലാത്ത ചില ശബ്ദ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നുവെന്നതിന്റെ പേരിൽ സി.പി.എം.സാബുവിനോട് അവധിയിൽ പോകാൻ നിർദേശിക്കുകയായിരുന്നു. നാളെയാണ് അവധി അവസാനിക്കുന്നത്.

#

സിറ്റിംഗ് സീറ്റിൽ ഭാര്യ
ചെയർമാന്റെ സിറ്റിംഗ് ഡിവിഷനിൽ സ്വതന്ത്രയായി ഭാര്യയെ ഇറക്കി മൽസരിപ്പിക്കാനാണ് നീക്കം. സീറ്റ് ഇത്തവണ വനിത സംവരണമാണ്. താൻ ചെയ്ത വികസന കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ഭാര്യ നിഷ സാബുവിന് വേണ്ടി വോട്ട് ചോദിക്കുന്നത്. നേരത്തെ പഞ്ചായത്തായിരുന്ന സമയത്ത് നിഷ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

#

സീറ്റ് ധാരണ
സീറ്റിന്റെയും സ്ഥാനാർത്ഥികളുടെയും കാര്യത്തിൽ എൽ.ഡി.എഫിൽ ഏകദേശം ധാരണയിലായിട്ടുണ്ട്. 35 ഡിവിഷനിൽ 28ൽ സി.പി.എമ്മും, 2 സീറ്റ് കേരളകോൺഗ്രസ് എമ്മിനും, ഒരു സീറ്റ് സി.പി.ഐക്കും, ഒന്നിൽ സി.പി.ഐക്കും സി.പി.എമ്മിനും സമ്മതനായ ഒരു സ്വതന്ത്രനെയും എൻ.സി.പി, ജനതാദൾ (എസ്) ഐ.എൻ.എൽ എന്നീ കക്ഷികൾക്ക് ഓരോ സീറ്റ് വീതവുമാണ് നീക്കിവെച്ചിരിക്കുന്നത്.

യു.ഡി.എഫിൽ 21 സീറ്റ് കോൺഗ്രസിനും 14 സീറ്റ് ലീഗിനുമായാണ് സീറ്റ് ധാരണ.

എൻ.ഡി.എയിൽ രണ്ട് ദിവസത്തിനകം സീറ്റ് ധാരണയുണ്ടാകും. ഘടകകക്ഷികളായ ബി.ഡി.ജെ.എസും. എൽ.ജെ.ഡിയുമായി ചർച്ച നടത്തി വരുകയാണ്.

#

ജിഷഷാജി
സംസ്ഥാനത്ത് മറ്റൊരു നഗരസഭയും നടപ്പിലാക്കാത്തവിധമുള്ള വികസന പ്രവർത്തനമാണ് ബത്തേരി നഗരസഭ നടപ്പിലാക്കിയത്. വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടും. ബത്തേരിയുടെ ഏറ്റവും വലിയ വികസന സ്വപ്നമായിരുന്ന രാജീവ് ഗാന്ധി മിനി പൈബാസ് റോഡ് പൂർത്തീകരിച്ചു. ഗ്രീൻ സിറ്റി-ഫ്‌ളവർ സിറ്റി, ക്ലീൻ സിറ്റി പദ്ധതി നടപ്പിലാക്കി. റോഡ്, വീട്, കുടിവെള്ളം , തൊഴിൽ,ആരോഗ്യം, കാർഷിക-വ്യവസായിക മേഖലകൾ എന്നുവേണ്ട എല്ലാ വിഭാഗത്തിനും മുന്തിയ പരിഗണനയാണ് നഗരസഭ ഭരണ സമിതി നൽകിയത്.

ജിഷ ഷാജി

നഗരസഭ ഉപാദ്ധ്യക്ഷ, ചെയർപേഴ്‌സൺ ചുമതല

#


കൊട്ടിഘോഷിച്ച് കൊണ്ടുവന്ന മാലിന്യ സംസ്‌ക്കരണ പദ്ധതി എവിടെയും എത്തിയില്ല. വികസനം പട്ടണത്തിൽ മാത്രമായി ഒതുങ്ങി. ഗ്രാമീണമേഖലയിൽ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. എൽ.ഡി.എഫിന്റെ ഭരണം വെറും മേനി പറച്ചിൽ മാത്രമാണെന്ന് വോട്ടർമാർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

എൻ.എം.വിജയൻ

പ്രതിപക്ഷ നേതാവ്

#

മുൻ പ്രസിഡന്റുമാർ

1969 മുതൽ 1998 വരെ പി.സി.അഹമ്മദ്.

1998-2000 വരെ എൻ.എം.വിജയൻ,

2000-2005 നഫീസ അഹമ്മദ് കോയ,

2005-2006 സി.കെ.സഹദേവൻ,

2006-2008 ബാബു പഴുപ്പത്തൂർ,

2008-2009 രാധാ രവീന്ദ്രൻ,

2009-2010 ഒ.എം.ജോർജ്,

2010-2013 പി.പി.അയൂബ്ബ്,

2013-2015 ഒ.എം.ജോർജ്.