മീനങ്ങാടി: പൂതാടി മഹാദേവ ശിവക്ഷേത്രത്തിൽ കവർച്ച നടത്താൻ ശ്രമിച്ച നാലംഗ സംഘത്തെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, മയക്കുമരുന്ന്, മോഷണ കേസുകളിലെ പ്രതി പൊഴുതന കാരാട്ട് ജംഷീറലി (35), കൽപ്പറ്റ മാമ്പറ്റപറമ്പിൽ മുഹമ്മദ് ഷിനാസ് (20), കോഴിക്കോട് മേക്കയ്യിൽ വീട്ടിൽ അക്ഷയ് (21), കുന്ദമംഗലം കാവിലാംകാഞ്ഞിരത്തിങ്കൽ ശരത് (23) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെയാണ് മോഷണശ്രമത്തിനിടെ സംഘത്തിലൊരാളെ കയ്യോടെ പിടികൂടിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവർ വലയിലായത്. അമ്പല പരിസരത്ത് നിന്ന് നിർത്താതെ പട്ടി കുരയ്ക്കുന്നത് കേട്ട ക്ഷേത്രം പൂജാരി പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് പൊലീസും, നാട്ടുകാരും ചേർന്ന് അമ്പലത്തിനുള്ളിലുണ്ടായിരുന്ന ഒരു മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. മറ്റൊരാളെ പിന്നീട് പരിസരത്ത് നിന്ന് പിടിച്ചു. സംഘത്തിലെ രണ്ട് പേർ സംഭവസ്ഥലത്ത് നിന്നും മുങ്ങിയിരുന്നെങ്കിലും വൈത്തിരി വെച്ച് പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.