കൽപ്പറ്റ: പടിഞ്ഞാറത്തറ ബാണാസുര മലയടിവാരത്ത് മാവോയിസ്റ്റ് നേതാവ് വേൽമുരുകൻ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലല്ലെന്നും, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ജില്ലാ പാെലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു..
പതിവ് പട്രോളിംഗിലായിരുന്ന തണ്ടർബോൾട്ട് സംഘത്തിനു നേരെ മാവോയിസ്റ്റുകൾ വെടി വച്ചതിനെത്തുടർന്ന് പൊലീസ് തിരിച്ചും വെടിയുതിർക്കുകയായിരുന്നു. രാവിലെ 9. 15 മുതൽ മുപ്പത് മിനിട്ടോളം വെടിവയ്പ് നീണ്ടു. ആറു പേരുണ്ടായിരുന്നു മാവോയിസ്റ്റ് സംഘത്തിൽ. അവർ പിന്നീട് ഉൾവനത്തിലേക്ക് ഒാടി മറഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വേൽമുരുകന്റെ ജഡം കണ്ടെടുത്തതെന്ന് പൂങ്കുഴലി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
വനത്തിൽ നിന്ന് നടന്നെത്തിയ മാവോയിസ്റ്റുകൾ സേനയെ കണ്ടയുടൻ നിറയൊഴിക്കുകയായിരുന്നു. എത്ര തവണ വെടിവയ്പ് നടത്തിയെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട വേൽമുരുകന്റെ ദേഹത്ത് കുറേയേറെ വെടിയുണ്ടകളുണ്ടല്ലോ എന്ന ചോദ്യത്തിന് ,നീണ്ടുനിന്ന ഫയറിംഗ് മൂലമായിരിക്കാം അതെന്നായിരുന്നു എസ്.പി യുടെ മറുപടി.
തണ്ടർബോൾട്ട് സേനാംഗങ്ങൾ ഉൾപ്പെടെ പതിനെട്ട് പേരുണ്ടായിരുന്നു പൊലീസ് സംഘത്തിൽ. സേനയിൽ ആർക്കും പരിക്കില്ല. മാവോയിസ്റ്റുകളിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നറിയാൻ വനമേഖലയിൽ തെരച്ചിൽ തുടരുകയാണ്. അയൽജില്ലകളിലും സംസ്ഥാന അതിർത്തികളിലും അലർട്ട് സന്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ് ആരെങ്കിലും ചികിത്സയ്ക്ക് എത്തിയിട്ടുണ്ടോയെന്നു അന്വേഷിക്കുന്നു. ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിൽ ആരുമില്ല.
മാവോയിസ്റ്റ് സംഘത്തിൽ ആരൊക്കെയുണ്ടായിരുന്നുവെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വനമേഖലയിൽ നിന്ന് രക്തസാമ്പിൾ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
വെടിവയ്പ തലേന്ന് രാത്രി തുടങ്ങിയെന്ന പ്രചാരണം ശരിയല്ല. യു.എ.പി.എ ചുമത്തിയതുൾപ്പെടെ വേൽമുരുകനെതിരെ കേരളത്തിൽ മാത്രം ഏഴു കേസുകൾ നിലവിലുണ്ട്.