അങ്കത്തട്ടിലേക്ക്
കക്ഷിനില
ആകെ സീറ്റ് 36
എൽ.ഡി.എഫ് 20
യു.ഡി.എഫ് 16
കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ് മാനന്തവാടി. 81.1 ചതുരശ്ര കിലോ മീറ്ററാണ് വിസ്തൃതി. യു.ഡി.എഫിന് വളക്കൂറുള്ള മണ്ണ്. പക്ഷെ കൂടുതൽ ഭരണത്തിലേറാൻ കഴിഞ്ഞത് ഇടത് മുന്നണിക്ക്. ഒാരോ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കുന്ന ഇടത് മുന്നണി തന്ത്രം ഇൗ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും?
ചെയർമാൻ പദവി ഇത്തവണ വനിതയ്ക്കാണ്.
തൃശ്ശിനാപ്പളളിയിൽ നിന്ന് മാനന്തവാടിയിൽ ബിസിനസുമായി വന്ന ഐ.സി.വീരരാഘവേലു നായിഡു മാനന്തവാടിയിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനന്തവാടിയിൽ പലയിടങ്ങളിലും ഇദ്ദേഹത്തിന് സ്ഥലം ഉണ്ടായിരുന്നു. അതിൽ കുറെ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി നൽകി. അന്നത്തെ പഞ്ചായത്ത് കിണറുകൾ ഇദ്ദേഹം പണിതതാണ്. അവയിൽ ചിലത് ഇന്നും മാനന്തവാടിയിൽ ഉണ്ട്.
കുഞ്ഞിരാമ വാര്യർ, കൃഷ്ണണൻ വൈദ്യർ,എം.ജെ.വർക്കി, ഇ.എം.ശ്രീധരൻ മാസ്റ്റർ, കെ.രാജൻ, ശാരദാ സജീവൻ, എൻ.കെ.വർഗ്ഗീസ്, കെ.എം.വർക്കി, അഡ്വ: ഗ്ളാഡീസ് ചെറിയാൻ, സിൽവി തോമസ് എന്നിവർ പഞ്ചായത്ത് പ്രസിഡന്റുമാരായി ട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നത് എം.ജെ.വർക്കിയാണ്. ഇ.എം.ശ്രീധരൻ മാസ്റ്റർ മൂന്ന് തവണയാണ് പ്രസിഡന്റായി. പ്രഥമ മുനിസിപ്പൽ ചെയർമാനാണ് വി.ആർ.പ്രവീജ്.1964 മുതൽ ആറ് വർഷം ഒഴികെ ഏറ്റവും കൂടുതൽ തവണ പഞ്ചായത്ത് ഭരണം നടത്തിയത് ഇടത് മുന്നണിയാണ്.
#
ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ച് നൽകിയ നഗരസഭ. 2463 വീടുകൾ വിവിധ പദ്ധതികളിലായി നൽകി. എല്ലാ വിദ്യാലയങ്ങളും ഹൈടെക്കായി. രണ്ട് സ്കൂൾ ബസുകൾ നടപ്പിലാക്കി. മാനന്തവാടി യു.പി. സ്കൂളിൽ സോളാർ കാമ്പസ് നടപ്പിലാക്കി. ആരോഗ്യ മേഖലയിൽ വയോമിത്രം പദ്ധതി വന്നു. സൗജന്യമായി മരുന്നും പരിശോധനയും ലഭിക്കും. 65 കഴിഞ്ഞവർക്ക് എല്ലാ ഡിവിഷനുകളിലും ഇത് നടപ്പിലാക്കി. കുറുക്കൻമൂല പി.എച്ച്.സി സി.എച്ച്.സിയായി ഉയർത്തി. പ്രളയത്തിൽ നശിച്ച 126 കിലോ മീറ്റർ റോഡിനായി ഫണ്ട് മാറ്റിവച്ച് നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായുളള ബഡ്സ് സ്കൂൾ ആരംഭിക്കാൻ കഴിഞ്ഞു. സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രണ്ട് പദ്ധതികൾ നടപ്പിലാക്കി. ചെരുപ്പ് കുത്തി ഉപജീവനം നടത്തുന്നവർക്കായി ഷെൽട്ടർ ഹോം നടപ്പിലാക്കി. തട്ടുകട നടത്തുന്ന പതിമൂന്ന് കുടുംബങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് വയനാടൻ തട്ടുകട എന്ന പേരിൽ കുടിയിരുത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി നടപ്പിലാക്കി. ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്റർ ജില്ലക്ക് മാതൃകയാണ്. രണ്ട് പ്രളയം വന്നതോടെ വൈദ്യുതി ശ്മശാനം നടപ്പാക്കാനായില്ല. നഗരസഭയ്ക്ക് സ്വന്തമായൊരു ഒാഫീസ് സമുച്ചയം വരാൻ പോകുന്നു. ഇരുപത് കോടിയുടെ കുടിവെളള പദ്ധതി നടപ്പിലാക്കിയപ്പോൾ കുടിവെളള ക്ഷാമത്തിന് പരിഹാരമായി.
വി.ആർ. പ്രവീജ്
നഗരസഭാ ചെയർമാൻ
#
വീട്ട് നികുതിയും കെട്ടിട നികുതിയും ഇരട്ടിയാക്കി. 30 കോടിയിലേറെ രൂപ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ ചെലവഴിക്കാനാകുമായിരുന്നിട്ടും വർഷം ഒരു കോടി രൂപ പോലും ചിലവഴിച്ചില്ല. ആയിരത്തിലേറെ ക്ഷീര കർഷകർ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പശുവും ഒരു ദിവസം പത്ത് ലിറ്റർ പാൽ അളക്കുകയും ചെയ്യുന്ന ക്ഷീര കർഷകർക്ക് ലഭിക്കാനുളള ആനുകൂല്യം ലഭിച്ചില്ല. ക്ഷീര കർഷകർക്ക് തൊഴിലുറപ്പിലുളള തുക നൽകിയില്ല. പി.എം.എ.വൈ പദ്ധതിയിൽ വീട് പണിതവർക്കുളള 90 ദിവസത്തെ കൂലി നൽകാനും കഴിഞ്ഞില്ല. രണ്ട് കോടിയിലേറെ രൂപ നൽകുവാനുണ്ട്. മാനന്തവാടി എരുമത്തെരുവിൽ മത്സ്യ മാംസ മാർക്കറ്റ് എങ്ങും എത്തിയില്ല. മൂന്ന് വർഷമായി പണി തുടങ്ങിയിട്ട്. ഏറെക്കാലം ഇത് അടച്ചിട്ടു. മാർക്കറ്റ് ലേലം ചെയ്ത വകയിൽ നഗരസഭ വൻതുക നഷ്ടപ്പെടുത്തി. 68 ലക്ഷം രൂപയാണ് മാർക്കറ്റ് നിർമ്മാണത്തിനായി ചിലവഴിച്ചത്. ആധുനിക മാർക്കറ്റ് ഇന്നും സ്വപ്ന പദ്ധതിയാണ്. നടപ്പാക്കുമെന്ന് പറഞ്ഞ വാതക ശ്മശാനം നടപ്പിലായില്ല. ചൂട്ടക്കടവിൽ ഇത് നിർമ്മിക്കുന്നതിന് വലിയ ബുദ്ധിമുട്ട് ഇല്ല. ഇതിനായി ഒന്നും ചെയ്തില്ല. മുനിസിപ്പാലിറ്റിയിലെ ഗ്രാമീണ റോഡുകൾ ഒന്നും നന്നാക്കിയില്ല. റോഡുകളെല്ലാം തകർന്ന് തന്നെ കിടക്കുന്നു. കാൽനട യാത്രയ്ക്ക് പോലും വയ്യെന്നായിട്ടുണ്ട്. പദ്ധതിവിഹിതം ലാപ്സാകുന്നു. തെരുവ് വിളക്കുകൾ നോക്കുകുത്തിയായി. ട്രാഫിക് സംവിധാനം കുത്തഴിഞ്ഞു. പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ല.ഏതാനും ചെരുപ്പ് കുത്തികളെ കുടിയിരുത്തി എന്നതാണ് ഏക നേട്ടം. ചെക്ക് ഡാമുകൾ പണിത് ജലം കൃഷിക്കായി പ്രയോജനപ്പെടുത്താൻ കഴിയാതെ പോയി.
ജേക്കബ് സെബാസ്റ്റ്യൻ
യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്
#
ഡിവിഷനുകൾ
അമ്പുകുത്തി
ആറാട്ടുതറ
ചെറൂർ
ചെറ്റപ്പാലം
ചിറക്കര
ചോയിമൂല
എരുമത്തെരുവ്
ഗോരിമൂല
ജെസി
കാടൻകൊല്ലി
കല്ലിയോട്
കല്ലുമൊട്ടൻകുന്ന്
കണിയാരം
കൊയിലേരി
കുറുക്കൻമൂല
കുറുവ
കുറ്റിമൂല
കുഴിനിലം
മാനന്തവാടി ടൗൺ
മുദ്രമൂല
മൈത്രിനഗർ
ഒണ്ടയങ്ങാടി
ഒഴക്കോടി
പാലാക്കുളി
പഞ്ചാരക്കൊല്ലി
പരിയാരംകുന്ന്
പയ്യമ്പളളി
പെരുവക
പിലാക്കാവ്
പുത്തൻപുര
പുതിയിടം
താന്നിക്കൽ
താഴെയങ്ങാടി
വളളിയൂർക്കാവ്
വരടിമൂല
വിൻസെന്റ് ഗിരി