മാനന്തവാടി: മാനന്തവാടി അമ്പുകുത്തി ജെസി റോഡ് നവീകരണ പ്രവർത്തിക്ക് തടസ്സം നിൽക്കുന്ന വനം വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച നാട്ടുകാരുടെ സമരത്തെ നേരിടാൻ എത്തിയത് കടന്നൽ കൂട്ടം. വനത്തിൽ നിന്ന് കടന്നൽക്കൂട്ടം ഇരച്ച് എത്തിയപ്പോൾ സമരക്കാർ നാല് പാടും ഒാടി. പലരും സമീപത്തെ വീടുകളിലേക്ക് ഒാടിക്കയറി.
അമ്പുകുത്തിയിലെ വനം വകുപ്പിന്റെ നിയന്ത്രണത്തിലുളള ഒൗഷധ തോട്ടത്തിന് സമീപത്തെ റോഡ് പ്രവർത്തിയാണ് വനം വകുപ്പ് തടഞ്ഞത്. ഇതുകാരണം മാസങ്ങളായി റോഡ് നവീകരണം ഇൗ ഭാഗത്ത് മുടങ്ങിയിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് നൂറ് കണക്കിന് നാട്ടുകാർ ഇന്നലെ ഒൗഷധ തോട്ടത്തിന് സമീപത്തെ റോഡ് വെട്ടിനിരത്തി വീതികൂട്ടാൽ ശ്രമം ആരംഭിച്ചു. സമരത്തെ നേരിടാൻ വനം വകുപ്പോ പൊലീസോ ഉണ്ടായിരുന്നില്ല.
പൊലീസ് എത്തിയത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ക്കണമെന്നും, 144 ആക്ട് ഉളളതുകൊണ്ട് കൂട്ടംകൂടി നിൽക്കരുതെന്നും പറയാനായിരുന്നു.
സമരം ആരംഭിച്ച ഉടൻ പരിസരത്തെ വനത്തിൽ നിന്ന് കടന്നൽ കൂട്ടം ഇളകിയെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇൗ പ്രദേശത്ത് നിന്ന് കടന്നൽ കുത്തേറ്റ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റിരുന്നു.
ഇല്ലത്തുമൂല ഡിവിഷൻ കൗൺസിലർ എ. ഉണ്ണികൃഷ്ണനടക്കം കടന്നൽ കുത്തേറ്റു. സമര വിവരം അറിഞ്ഞ് ഒ.ആർ.കേളു എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ വി.ആർ.പ്രവീജ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സമര സ്ഥലത്ത് എത്തിയിരുന്നു. നോർത്ത് വയനാട് ഡി.എഫ്.ഒയുമായി എം.എൽ.എ, നഗരസഭാ ചെയർമാൻ , പി.ടി.ബിജു,മുഹമ്മദ് ആസീഫ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചയിൽ തൽക്കാലം റോഡ് പ്രവർത്തി ആരംഭിക്കാൻ തീരുമാനമായി. ഡ്രെയ്നേജ് ഉൾപ്പെടെയുളള നിർമ്മാണ പ്രവർത്തിയെക്കുറിച്ച് പിന്നീട് തീരുമാനം അറിയിക്കും.
റോഡ് തങ്ങളുടേതെന്ന് വനംവകുപ്പ്
മുനിസിപ്പാലിറ്റിയുടെ ആസ്തി രജിസ്ട്രറിൽ എട്ട് മീറ്റർ വീതിയിലുളള റോഡാണിത്.1800 മീറ്റർ നീളത്തിലുളള റോഡ് തങ്ങളുടെ നിയന്ത്രണത്തിൽ ഉളളതാണെന്ന് പറഞ്ഞാണ് വനം വകുപ്പ് തടസവാദം ഉന്നയിച്ചത്. മൂന്ന് മീറ്റർ റോഡാണ് ഇതുവഴിയുളളത്.അതിൽ നിർമ്മാണ പ്രവർത്തി ആരംഭിക്കാം എന്നാണ് വനം വകുപ്പിന്റെ വാദം. ഡ്രെയിനേജ് നിർമ്മാണം തടഞ്ഞു.അഞ്ചോളം കലുങ്കുകൾ ഇൗ റോഡിൽ നിർമ്മിച്ചിരുന്നു.
മാനന്തവാടി അമ്പുകുത്തി ജെഡി റോഡ് മൊത്തം അഞ്ച് കിലോ മീറ്ററാണ്.നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.ഏഴ് കോടി രൂപയാണ് നിർമ്മാണ ചെലവ്. റോഡിന് വേണ്ടി നാല് ഏക്കർ ഭൂമി പാരിസൺ എസ്റ്റേറ്റ് വിട്ട് നൽകുകയും ചെയ്തിരുന്നു.
.