shobankumar
കെ.ശോഭൻകുമാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

അങ്കത്തട്ടിലേക്ക്

നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത്


സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് ഏറ്റവുമധികം ആദിവാസികൾ ഉള്ള പഞ്ചായത്തുകളിലൊന്നാണ് നൂൽപ്പുഴ. എന്നും ഇടതിനൊപ്പം നിന്ന പഞ്ചായത്ത്.
കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന നൂൽപ്പുഴയിൽ മൊത്തം ജനസംഖ്യയുടെ നാൽപ്പത്തിയൊന്ന് ശതമാനവും ഗോത്രവർഗ്ഗ വിഭാഗക്കാരാണ്. ഭൂപ്രദേശത്തിന്റെ സിംഹഭാഗവും ബത്തേരി, കുറിച്ച്യാട്, മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ചുകൾ ഉൾപ്പെടുന്ന വയനാട് വന്യ ജീവി സങ്കേതത്തിലെ നിബിഡവനമാണ്.
17 വാർഡുകളിലായി പത്തൊമ്പതിനായിരത്തിൽപ്പരം വോട്ടർമാരാണ് ആര് പഞ്ചായത്ത് ഭരിക്കണമെന്ന് വിധി നിർണയിക്കുക. ഇടതുമുന്നണിയുടെ ജില്ലയിലെ ശക്തമായ കോട്ടകളിലൊന്നാണ് നൂൽപ്പുഴ. പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ഒരു തവണ ഒഴിച്ച് ഇവിടെ അധികാരത്തിലിരുന്നത് ഇടതുപക്ഷമാണ്.

2010-ൽ ബി.ജെ.പി, യു.ഡി.എഫ് എന്നിവയിൽ നിന്ന് ജയിച്ചവർ ഒരു കുറുമുന്നണിയുണ്ടാക്കിയാണ് ഇടതിനെ ആദ്യമായി ഭരണത്തിൽ നിന്ന് മാറ്റിനിർത്തിയത്. എന്നാൽ 2015-ൽ 13 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തി. കോൺഗ്രസ് 2, ലീഗ് 1, ബി.ജെ.പി 1 എന്നിങ്ങനെയാണ് മറ്റ് കക്ഷികൾക്ക് കിട്ടിയ സീറ്റ്.

#

സീറ്റ് ധാരണ
ആകെയുള്ള 17 സീറ്റിൽ എൽ.ഡി.എഫിൽ സി.പി.എം 16 സീറ്റിലും ഒരെണ്ണത്തിൽ എൽ.ജെ.ഡിയുമാണ് മൽസരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് 12 സീറ്റിലും 5 എണ്ണത്തിൽ ലീഗും മൽസരിക്കും. എൻ.ഡി.എ ഒരു സീറ്റിൽ ഘടക കക്ഷിയും 16 എണ്ണത്തിൽ ബിജെ.പിയും മൽസരിക്കും. മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി നിർണയം ഏകദേശം പൂർത്തിയായി.

ഉയർത്തി കാട്ടാൻ ഭരണ നേട്ടങ്ങൾ
സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടവും ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളും ഉയർത്തിയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായി നൂൽപ്പുഴ തിരഞ്ഞെടുക്കപ്പെട്ടത് പഞ്ചായത്തിന്റെ ഏറ്റവും വലിയ വികസനനേട്ടമാണ്. ഇ-ഹെൽത്ത്, ടെലിമെഡിസിൻ ഉൾപ്പെടെയുള്ള ആരോഗ്യ പരിപാലന പദ്ധതികൾ നടപ്പിലാക്കി. നെൽകൃഷിയിൽ മൂന്നര ഇരട്ടിയുടെ വർദ്ധനവ് ഉണ്ടായി.

#
ഭൂരിഭാഗവും ചുറ്റപ്പെട്ട നൂൽപ്പുഴ പഞ്ചായത്തിൽ വന്യജീവികളുടെ ശല്യം ജനങ്ങൾക്ക് നിരന്തരം പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ ബുദ്ധിമുട്ടുകൾക്കിടയിലും ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾക്ക് മുന്തിയ പരിഗണന നൽകികൊണ്ടുള്ള വികസനമാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. പദ്ധതി വിഹിതത്തിന്റെ 90 ശതമാനവും ചെലവഴിച്ചു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്ന ആളുകളാണ് ഇവിടെ കൂടുതലും എന്നതിനാൽ ഈ മേഖലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.

കെ.ശോഭൻകുമാർ

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

#

പറയാവുന്ന നേട്ടങ്ങളില്ല
ഗ്രാമ പഞ്ചായത്തിന് സ്വന്തമായി എടുത്തു പറയാവുന്ന നേട്ടങ്ങളൊന്നുമില്ല. സർക്കാർ പൊതുവായി നടപ്പിലാക്കിയ പദ്ധതികളാണ് നേട്ടങ്ങളുടെ പട്ടികയായി ഉയർത്തി കാട്ടുന്നത്. ഗ്രാമീണ മേഖലയിൽ ഒരു വികസന പദ്ധതിയും എത്തിയിട്ടില്ല. റോഡ്, കുടിവെള്ളം ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിലെല്ലാം ഭരണസമിതി പരാജയമായിരുന്നു.
ലൈഫ് പദ്ധതി ക്രിയാത്മകമായി നടപ്പിലാക്കാനായില്ല. ഇന്നും നിരവധി ഗോത്രവർഗക്കാർ വീട് ഇല്ലാതെ കൂരകളിലാണ് കഴിയുന്നത്. പദ്ധതി വിഹിതം വേണ്ട രീതിയിൽ വിനിയോഗിക്കാതെ ലാപ്‌സാക്കി. ടൂറിസത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള നൂൽപ്പുഴയിൽ ഒരു പദ്ധതിപോലും നടപ്പിലാക്കാനായില്ല. വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാൻ ഒന്നും ചെയ്തില്ല. സമസ്ത മേഖലയിലും മുരടിപ്പാണ് ഉണ്ടായത്.

ബെന്നി കൈനിക്കൽ

യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്

#

മുൻ പ്രസിഡന്റുമാർ

കെ.ജി.തങ്കപ്പൻ,
എ.കെ.കുമാരൻ
കെ.രുഗ്മിണി
അത്തിക്കുനി ശ്രീധരൻ
സുമ ഭാസ്‌ക്കരൻ
മേരി മാത്യു
കെ. ശോഭൻകുമാർ