rukmani
രുഗ്മിണി സുബ്രഹ്മണ്യൻ(പഞ്ചായത്ത് പ്രസിഡന്റ്)

കേണിച്ചിറ ഗ്രാമ പഞ്ചായത്ത്

കേണിച്ചിറ: പൂതാടി ഗ്രാമപഞ്ചായത്തിന് ദേശീയ - സംസ്ഥാനതലങ്ങളിൽ ലഭിച്ച അംഗീകാരങ്ങൾ ഇടതുമുന്നണിയെ തദ്ദേശ തിരഞ്ഞടുപ്പിൽ തുണയാകുമോ?. അതോ, ഇത്തവണ യു.ഡി.എഫിനൊപ്പം നിൽക്കുമോ ഈ പഞ്ചായത്ത് ?. ഈ രണ്ടു മുന്നണികൾക്കും ഭീഷണി ഉയർത്തി മൂന്നാം മുന്നണിയായി എൻ.ഡി.എ കരുത്ത് തെളിയിച്ചുവരുമോ?. പുതാടിയിലെ ജനങ്ങൾ ഉറ്റുനോക്കുകയാണ്. പഞ്ചായത്തിലെ 22 വാർഡുകളിൽ 10 സീറ്റ് നേടിയാണ് ഇടതുമുന്നണി അധികാരത്തിൽ വന്നത്. കോൺഗ്രസ് 8 സീറ്റു നേടിയപ്പോൾ ബി.ജെ.പിയ്ക്ക് 4 സീറ്റ് സ്വന്തമാക്കാൻ കഴിഞ്ഞു.

സംസ്ഥാന ഭരണനേട്ടവും പഞ്ചായത്തിലെ പദ്ധതി പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം, പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെന്ന വാദമുയർത്തുകയാണ് യു.ഡി.എഫ്.

എന്നാൽ, കേന്ദ്ര ഭരണത്തിൽ സാധാരണക്കാരെയും കർഷകരെയും കാര്യമായി പരിഗണിച്ചത് എൻ.ഡി.എയ്ക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

രാഷ്ട്രീയ നാടകങ്ങൾക്കെന്നല്ല, തട്ടികൊണ്ടുപോകലുകൾക്കു വരെ വേദിയായ പഞ്ചായത്താണ് പൂതാടി. 1961-ലാണ് പഞ്ചായത്ത് രൂപീകൃതമായത്. കൂടുതൽ തവണ ഭരണം നടത്തിയത് ഇടതുപക്ഷം തന്നെ. എന്നാൽ പല കാരണങ്ങളാൽ പ്രസിഡന്റ് പദവിയിലിരിക്കുന്നവർക്ക് തുടർച്ചയായി അഞ്ച് വർഷം തുടരാൻ കഴിഞ്ഞിട്ടില്ല. ഇതിന് മാറ്റം വന്നത് രുഗ്മിണി സുബ്രഹ്മണ്യൻ പ്രസിഡന്റായി അധികാരത്തിൽ വന്ന ശേഷമാണ്.
വികസന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ അവാർഡുകൾ ലഭിച്ച പഞ്ചായത്താണ് പൂതാടി. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും അവാർഡുകൾ ഇതിൽപ്പെടും. എന്നാൽ അവാർഡുകൾ എല്ലാം വെറും തട്ടിക്കൂട്ടല്ലേ എന്ന ചോദ്യമാണ് യു.ഡി.എഫിന്റേത്. ഇടതുപക്ഷം ഇതിന് മറുചോദ്യം ഉന്നയിക്കുന്നത് കേന്ദ്രം ഭരിക്കുന്നത് ബിജെ.പി സർക്കാരല്ലേ, ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിന് വെറുതെ അവാർഡ് തരുമോ എന്നാണ്.

യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ സാധാരണക്കാർക്ക്, പ്രത്യേകിച്ച് കർഷകർക്ക് ഒന്നും ചെയ്തുകൊടുക്കാൻ കഴിഞ്ഞില്ല. എൽ.ഡി.എഫാകട്ടെ നിരവധി വികസന പ്രവർത്തനങ്ങൾ നട

പ്പാക്കിയിട്ടുണ്ടെന്നും മുന്നണി നേതാക്കൾ പറയുന്നു.

#അവാർഡുകൾ

2015-2016, 2016-2017 വർഷങ്ങളിൽ തുടർച്ചയായി ആരോഗ്യ പുരസ്‌കാരം. ജൈവ കൃഷിയ്ക്കുള്ള പൊലീസിന്റെ സംസ്ഥാന അവാർഡ്. ഏറ്റവും നല്ല അങ്കണവാടിക്കുള്ള സംസ്ഥാന അവാർഡ്. സ്വച്ഛ് ഭാരത് ഒ.ഡി.എഫിന്റെ കേന്ദ്ര പുരസ്‌കാരം. സ്വച്ഛ് ഭാരത് ഗ്രാമീൺ കേന്ദ്ര അവാർഡ്, 2019-ലെ പി.എം.എ.വൈ പദ്ധതി നിർവഹണത്തിൽ ഏറ്റവും മികച്ച പ്രസിഡന്റിനുള്ള ദേശീയ പുരസ്‌കാരം, 2019-ൽ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും, പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം, മികച്ച പ്രവർത്തനത്തിന് കുടുംബശ്രീയുടെ സംസ്ഥാന അവാർഡ്, ക്ഷയരോഗ നിർമ്മാർജനത്തിനുള്ള ജില്ലാ അവാർഡ്, കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചിത്വത്തിനുള്ള കായകല്പ അവാർഡ്, മികച്ച ഗ്രാമപഞ്ചായത്തിനുള്ള ശ്രേയസിന്റെ ഗ്രാമമിത്ര അവാർഡ്. കെ.എ.എസ്.എച്ച് സംസ്ഥാന അവാർഡ്. പച്ചത്തുരുത്ത് അവാർഡ്, ശുചിത്വ പദവി അവാർഡ്.

#'ഭരണനേട്ടത്തിന് ലഭിച്ച

അംഗീകാരങ്ങൾ"

''ജനക്ഷേമകരമായ വികസന പ്രവർത്തനമാണ് പഞ്ചായത്തിൽ നടപ്പിലാക്കിയത്. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് പഞ്ചായത്തിന് ലഭിച്ച അവാർഡുകളെന്ന് സി.പി.എം അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ രുഗ്മിണി സുബ്രഹ്മണ്യൻ പറഞ്ഞു. ഭവന നിർമ്മാണ രംഗത്ത് വൻകുതിച്ചുചാട്ടം നടത്തിയാണ് ലൈഫിന്റെ ഏറ്റവും വലിയ ഫ്‌ളാറ്റ് സമുച്ചയം പൂർത്തിയാക്കിയത്. പഞ്ചായത്തിലെ വികസനം ചെറുതാക്കി കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇത് ജനങ്ങൾ തരിച്ചറിഞ്ഞ് തിരഞ്ഞടുപ്പിൽ പ്രതികരിക്കുമെന്നും അവർ പറഞ്ഞു

രുഗ്മിണി സുബ്രഹ്മണ്യൻ,

പഞ്ചായത്ത് പ്രസിഡന്റ്

 എല്ലാ മേഖലയിലും പരാജയം


''കഴിഞ്ഞ അഞ്ച് വർഷത്തെ പഞ്ചായത്ത് ഭരണം തികഞ്ഞ പരാജയമാണന്ന് കോൺഗ്രസ് അംഗവും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവുമായ പി.എം.സുധാകരൻ പറഞ്ഞു. പരാജയം മറച്ചുവെക്കാൻ അവാർഡുകൾ പൊന്തിച്ച് കാണിക്കുകയല്ലതെ ജനങ്ങൾക്ക് ഉപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ആരോഗ്യ മേഖലയ്ക്ക് ലഭിച്ച അംഗീകാരം എൽ.ഡി.എഫിന് ഒരിക്കലും അവകാശപ്പെടാൻ കഴിയില്ല .ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോൺഗ്രസ് അംഗമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളും നടപടികളുമാണ് ആരോഗ്യമേഖലയ്ക്ക് അവാർഡ് കിട്ടാൻ കാരണം. ഇങ്ങനെ മറ്റുള്ളവർ നേടിക്കൊടുത്ത കാര്യങ്ങളല്ലാതെ എൽ.ഡി.എഫിന് സ്വന്തമായി ഒരു നേട്ടവും അവകാശപ്പെടാനില്ലന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
2015 - 2018 കാലയളവിൽ പഞ്ചായത്തിന്റെ സർവതോന്മുഖമായ വികസനത്തിന് ഉതകുമായിരുന്ന 8. 18 കോടി രൂപ നഷ്ടപ്പെടുത്തിയത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടത്തിയിരുന്നു. ജലനിധി കുടിവെള്ള പദ്ധതിയിലും ബസ് സ്റ്റാൻഡിലെ മുറികൾ വാടകയ്ക്ക് നൽകിയതിലും വരെ വൻ ക്രമക്കേടുകളാണ് നടന്നത്.

പി.എം.സുധാകരൻ,

യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്

#

മുന്നണി സീറ്റുകൾ


22 വാർഡിൽ 18 എണ്ണത്തിൽ സി.പി.എം മത്സരിക്കും. ബാക്കിയുള്ള നാല് സീറ്റിൽ രണ്ട് എണ്ണത്തിൽ സി.പി.ഐയും ഓരോന്നിൽ എൽ.ജെ.ഡി, മാണി കോൺഗ്രസ് കക്ഷികളും ജനവിധി തേടും.

യു.ഡി.എഫിൽ 22-ൽ 20 എണ്ണത്തിൽ കോൺഗ്രസും 2-ൽ ലീഗും മത്സരിക്കും. എൻ.ഡി.എയിൽ 22 സീറ്റിലും ബി.ജെ.പിയാണ് മത്സരിക്കുന്നത്. ഘടകകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിക്കാനില്ലെങ്കിലും ബി.ജെ.പി ക്കുവേണ്ടി രംഗത്തിറങ്ങും.