കൽപ്പറ്റ: പട്ടയഭൂമിയിലെ ചന്ദനമരം ഒഴികെയുളള വില പിടിപ്പുളള മരങ്ങൾ മുറിച്ചു മാറ്റാമെന്ന സർക്കാർ ഉത്തരവ് റവന്യൂ. വനം വകുപ്പ് ഉദ്യോഗസ്ഥർ മറച്ചുവെക്കുന്നു.

വിളനാശത്തിന്റെ പ്രശ്നങ്ങൾക്കു പുറമെ ഉത്പന്നങ്ങൾക്ക് വിലയുമില്ലാതെ നട്ടം തിരിയുന്ന കർഷകർക്ക് തത്കാലത്തേക്കെങ്കിലും ആശ്വാസമാണ് മരം മുറിച്ചു വിൽക്കാമെന്നത്. എന്നാൽ, മിക്ക കർഷകരും ഇങ്ങനെയൊരു സർക്കാർ ഉത്തരവിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. വീട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ മുറിക്കാൻ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി തളളിയിട്ടും കർഷകർക്ക് മുന്നിൽ ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയാണ്. റവന്യൂ പട്ടയ ഭൂമിയിൽ റിസർവ് ചെയ്ത മരങ്ങൾ മുറിക്കാൻ വനം, റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമില്ല. തേക്ക്, വീട്ടി, ഇരുൾ, തേന്മാവ്, കമ്പകം, ചടച്ചി, ചന്ദന വേമ്പ്, വെളളകിൽ, എബണി എന്നിവ മുറിക്കാൻ അനുമതി വേണ്ടെന്നാണ്. 1964-ലെ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ കർഷകർ വച്ച് പിടിപ്പിച്ചതും കിളിർത്ത് വന്നതും റിസർവ് ചെയ്തതുമായ ചന്ദനം ഒഴിച്ചുളള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്ക് മാത്രമാണെന്നുണ്ട്. അതിന് തടസം നിന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാം. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ.ജയതിലക് ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിൽ ഇത് വ്യക്തമാക്കുന്നുമുണ്ട്.

വയനാട്ടിൽ സുൽത്താൻബത്തേരി താലൂക്കിൽ വിവിധ വില്ലേജുകളിലായി വിമുക്ത ഭടന്മാരെ കുടിയിരുത്തിയ ഭൂമിയിലെ വീട്ടിമരങ്ങൾ നേരത്തെ കരുണാകരൻ സർക്കാരിന്റെ കാലത്ത് സ്വകാര്യ കരാറുകാർ മുഖേന വനം വകുപ്പ് വെട്ടിക്കൊണ്ടു പോയിരുന്നു. അന്ന് വളരെ തുച്ഛ വിലയാണ് കർഷകർക്ക് ലഭിച്ചതും. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഡബ്ള്യൂ.സി.എസ് ഭൂമിയിൽ അവശേഷിക്കുന്ന വീട്ടിമരങ്ങൾ കർഷകർക്ക് അവകാശപ്പെട്ടതാണ്.

റിസർവ് ചെയ്ത മരങ്ങൾ കർഷകർക്ക് വിട്ട് നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രളയക്കെടുതിയിൽ വയനാട്ടിലെ കർഷകർ പിടിച്ചുനിന്നത് ക്ഷീര മേഖല ഒന്നുകൊണ്ടു മാത്രമാണ്. തങ്ങളുടെ തോട്ടത്തിലെ മരങ്ങൾ മുറിക്കാൻ അനുവാദം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് വലിയൊരു പരിധിവരെ പരിഹാരമാവുമെന്ന് സർക്കാർ ഉത്തരവിനെ കുറിച്ച് ധാരണയുള്ള കർഷകർ പറയുന്നു.