അങ്കത്തട്ടിലേക്ക്
സുൽത്താൻ ബത്തേരി: തുടർച്ചയായി ആർക്കും ഭരിക്കാൻ കഴിയാത്ത ഗ്രാമ പഞ്ചായത്താണ് നെന്മേനി. നിലവിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റ് കസേരയിൽ ഇരിക്കാൻ യു.ഡി.എഫിലെ കോൺഗ്രസ് അംഗമായ പത്മനാഭനാണ് ഭാഗ്യം ലഭിച്ചത്. എൽ.ഡി.എഫ് കൊണ്ടുവരുന്ന കാര്യങ്ങൾക്ക് അന്തിമ അംഗീകാരമായി ഒപ്പിടാനുള്ള അധികാരിയായി പ്രസിഡന്റ് ഒതുങ്ങി.
ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നാണ് നെന്മേനി. 23 വാർഡുകളാണുള്ളത്. 2010-ൽ ഒരു സീറ്റിനാണ് എൽ.ഡി.എഫിന് പഞ്ചായത്തിന്റെ തുടർഭരണം നഷ്ടമായത്. എന്നാൽ 2015-ൽ 18 സീറ്റ് നേടി വീണ്ടും അധികാരത്തിലേറി. ഭരണം പകുതി പിന്നിട്ടതോടെ അദ്ധ്യക്ഷന് പ്രസിഡന്റ് കസേരയും മെമ്പർ സ്ഥാനവും വിട്ടൊഴിയേണ്ടി വന്നു. പിന്നീടുള്ള രണ്ട് വർഷക്കാലം യു.ഡി.എഫ് പ്രസിഡന്റിനെ വെച്ച് എൽ.ഡി.എഫിന് ഭരിക്കേണ്ടി വന്നു.
പഞ്ചായത്തിന്റെ വികസനകാര്യങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ഉയർത്തികാണിച്ച് തന്നെയാണ് എൽ.ഡി.എഫ് തിരഞ്ഞടുപ്പിനൊരുങ്ങുന്നത്. വിജയപ്രതീക്ഷയിലാണ് എൽ.ഡി.എഫ്. വികസന മുരടിപ്പും സ്വജന പക്ഷപാത ആരോപണങ്ങളും ഉന്നയിച്ച് ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫും നില കൂടുതൽ ഭദ്രമാക്കാണ എൻ.ഡി.എ യും ശ്രമിക്കുന്നു.
#
നെന്മേനിയുടെ ചരിത്രം
1972-ലാണ് നെന്മേനി പഞ്ചായത്തിന്റെ രൂപീകരണം . തുടർന്നിങ്ങോട്ട് ഒരു മുന്നണിയും തുടർച്ചയായി ഒന്നിലധികം തവണ പഞ്ചായത്ത് ഭരിച്ചിട്ടില്ല. മുന്നണികൾ മാറി മാറി ഭരിച്ചു. 23 വാർഡുള്ള പഞ്ചായത്തിൽ 2015-ൽ 33582 വോട്ടർമാരാണുണ്ടായത്. ഇത്തവണ മുപ്പത്തിയേഴായിരത്തോളം വോട്ടർമാരുണ്ട്.
നിലവിലുള്ള 23 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് 14 യു.ഡി.എഫ് 9 എന്നതാണ് കക്ഷിനില. സി.പി.എമ്മിന് 13 സീറ്റും ജനതാദൾ എസിന് ഒരു മെമ്പറുമാണുള്ളത്. യു.ഡി.എഫിൽ 8 കോൺഗ്രസും ഒരു ലീഗുമാണ്.
#
മുന്നണി സീറ്റ് ധാരണ
സീറ്റ് ധാരണയനുസരിച്ച് മുന്നണികൾ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി കഴിഞ്ഞു. എൽ.ഡി.എഫിൽ സി.പി.എം 20 സീറ്റിലും സി.പി.ഐ 2 സീറ്റിലും കേരള കോൺഗ്രസ് (എം) ഒരു സീറ്റിലും മൽസരിക്കും.
യു.ഡി.എഫിൽ കോൺഗ്രസ് 19 സീറ്റിലും ലീഗ് 4 സീറ്റിലും മൽസരിക്കും. എൻ.ഡി.എയിൽ മുഴുവൻ സീറ്റിലും ബി.ജെ.പി മൽസരിക്കും.
#
അപ്രതീക്ഷിതമായി വന്ന പ്രസിഡന്റുമാർ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായിരുന്നു. എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചങ്കിലും പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ആൾ തോറ്റുപോയി. ഇതോടെയാണ് സംവരണ സീറ്റായ മംഗലം വാർഡിൽ നിന്ന് വിജയിച്ച സി.ആർ.കറപ്പൻ പ്രസിഡന്റായത്. മൂന്ന് വർഷം പിന്നിട്ടപ്പോൾ സ്ത്രീപീഡന ആരോപണത്തെ തുടർന്ന് കറപ്പന് പ്രസിഡന്റ് സ്ഥാനവും മെമ്പർ സ്ഥാനവും രാജിവെക്കേണ്ടി വന്നു.
തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം കെ.സി.പത്മനാഭൻ വിജയിച്ചു. എൽ.ഡി.എഫിനാണ് ഭൂരിപക്ഷമെങ്കിലും പട്ടിക ജാതി വിഭാഗത്തിൽ നിന്ന് അംഗങ്ങളില്ലാതായതോടെ പത്മനാഭനെ പ്രസിഡന്റാക്കുകയായിരുന്നു.
#
കാർഷിക ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വികസനമാണ് കഴിഞ്ഞ അഞ്ച് വർഷം നടത്തിയത്. പഞ്ചായത്തിലെ നെൽകർഷകരിൽ 9136 പേർക്ക് സബ്‌സിഡിയായി മൂന്നര കോടി രൂപ നൽകി. പയർ കർഷകർക്ക് 18 ലക്ഷം രൂപ, ക്ഷീരകർഷകർക്ക് 1.31 കോടി രൂപ, കുടുംബങ്ങൾക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 26.50 ലക്ഷം, ആരോഗ്യമേഖലയിൽ ഒരു കോടി രൂപയുടെ വികസനം. കുടിവെള്ള പദ്ധതികൾ,ലൈഫിൽ ഉൾപ്പെടുത്തി മഞ്ഞാടിയിലും ചീരാലിലും ഭവന സമുച്ചയങ്ങൾ തുടങ്ങിയവ നടപ്പിലാക്കാൻ കഴിഞ്ഞു.
മേരി
പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കഴിഞ്ഞ അഞ്ച് വർഷവും വികസന മുരടിപ്പ് മാത്രമാണ് പഞ്ചായത്തിൽ ഉണ്ടായത്. ലൈഫിൽ അർഹരായവരെ തഴഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ തിളക്കമാകുമായിരുന്ന ചുള്ളിയോട് ഐ.റ്റി.ഐക്ക് കെട്ടിടം നിർമ്മിക്കാൻ സ്ഥലം നൽകാത്തതിനാൽ അഞ്ചുകോടി നഷ്ടമായി. കുടിവെള്ള പദ്ധതി പൂർത്തീകരിച്ചില്ല. എടക്കൽ ഗുഹാനിരകളിലെ അനധികൃത നിർമ്മാണ പ്രവൃത്തികൾ കണ്ടില്ലെന്ന് നടിച്ചു. ഒരു വികസന കാഴ്ചപ്പാടും ഇല്ലാത്ത ഭരണമായിരുന്നു കഴിഞ്ഞ അഞ്ചു വർഷവും.
കെ.സി.കെ.തങ്ങൾ
മുതിർന്ന യു.ഡി.എഫ് അംഗം