അങ്കത്തട്ടിലേക്ക്
സുൽത്താൻ ബത്തേരി: അനാവശ്യ വിവാദങ്ങളോ ആരോപണ -പ്രത്യാരോപണങ്ങളോ ഇല്ലതെയാണ് ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം കടന്ന് പോയത്. യു.ഡി.എഫിന്റെ കൂടെ നിന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രം. എന്നാൽ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകൾ പനമരം ബ്ലോക്കിലേക്ക് പോയതോടെ ചിത്രം മാറി. 2015-ൽ ആകെയുള്ള 13 ൽ ഏഴ് സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വന്നു.
ഒരു സീറ്റിന്റെ ലീഡിനാണ് ഭരണം ഇടതിന് കിട്ടിയത്. കോൺഗ്രസിന് 5 സീറ്റും ലീഗിന് ഒരു സീറ്റുമാണുള്ളത്. ഇരു മുന്നണികളും ബ്ലോക്കിൽ തുല്യശക്തികളാണിപ്പോൾ. ബ്ലോക്കിന് കീഴിൽ വരുന്ന നാല് ഗ്രാമ പഞ്ചായത്തുകളിൽ നൂൽപ്പുഴ, നെന്മേനി, മീനങ്ങാടി പഞ്ചായത്തുകൾ ഇടതു മുന്നണിയും അമ്പലവയൽ പഞ്ചായത്ത് യു.ഡി.എഫുമാണ് ഭരിക്കുന്നത്. എൻ.ഡി.ക്ക് കാര്യമായ ചലനം ബ്ലോക്കിൽ സൃഷ്ടിക്കാനായില്ല.
13 ബ്ലോക്ക് ഡിവിഷനുകളിൽ നിന്ന് കഴിഞ്ഞ തവണ വിജയിച്ചവരിൽ 11 പേരും ഒന്നിലധികം തവണ മെമ്പർമാരായവരാണ്. 4 പേർ പഞ്ചായത്ത് പ്രസിഡന്റുമാരായി ഇരുന്നവരാണ്. അതുകൊണ്ട് തന്നെ ഭരണപരമായ കാര്യങ്ങളിൽ പരിചയമുള്ളവർ.
ബ്ലോക്ക് പഞ്ചായത്ത് വിവിധ പഞ്ചായത്തുകളിലായി നടപ്പിലാക്കിയ വികസനകാര്യങ്ങളിൽ മെമ്പർമാർക്ക് ആക്ഷേപമോ പരാതിയെ കാര്യമായി ഉണ്ടായിരുന്നില്ല. എന്നാൽ കാര്യങ്ങൾ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്ന പരാതിയാണ് പ്രതിപക്ഷത്തിനുള്ളത്.
ബ്ലോക്ക് നടത്തിയ വികസന പ്രവർത്തനങ്ങളും സർക്കാർ നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങളും അഴിമതിയുമാണ് യു.ഡി.എഫിന്റെ പ്രചരണായുധം.
സീറ്റ് ധാരണ
നിലവിലുള്ള സീറ്റുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് എൽ.ഡി.എഫിലും യു.ഡി.എഫിലും സീറ്റ് ചർച്ചകൾ നടക്കുന്നത്. എൻ.ഡി.എ യിൽ ഘടക കക്ഷിയായ ബി.ഡി.ജെ എസുമായും എൽ.ജെ.പിയുമായും സീറ്റ് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
മുൻ പ്രസിഡന്റുമാർ
സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ തിരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് അധികാരത്തിൽ വന്നത് 1995 -ലാണ്. മുള്ളൻകൊല്ലി ഡിവിഷനിൽ നിന്നു വിജയിച്ച കെ.സി.ജോസഫ് കടുപ്പിലാണ് ആദ്യ പ്രസിഡന്റ്. 2000-ൽ പി.ശ്യാമള പ്രസിഡന്റായി. ഇരുവരും യു.ഡി.എഫിന്റെ പാനലിലാണ് മൽസരിച്ച് ജയിച്ചത്. 2005-ൽ ഡി.ഐ.സിയുടെ ബാനറിൽ നെന്മേനിയിൽ നിന്ന് വിജയിച്ച പി.എം.ജോയി പ്രസിഡന്റായി. 2010-ൽ കോൺഗ്രസിലെ എ.എസ്.വിജയയായിരുന്നു പ്രസിഡന്റ്. തുടർന്നാണ് 2015-ൽ എൽ.ഡി.എഫിന് ഭരണം കിട്ടുന്നത്.
സമൂഹത്തിന് ഗുണകരമായ പദ്ധതികൾ
സമൂഹത്തിന് ഗുണകരമായ നിരവധി പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് നടപ്പിലാക്കിയത്. കാർഷിക ആരോഗ്യ മേഖലകളിൽ മാറ്റങ്ങൾക്ക് വഴിതെളിച്ചുകൊണ്ട് ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടപ്പിലാക്കി. അമ്പലവയൽ, മീനങ്ങാടി സി.എച്ച്.സികളിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവത്തിൽ രോഗികൾക്ക് ചികിൽസ നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാൻ കൂടുതൽ ഡോക്ടർമാരെ നിയമിച്ചു. ഡയാലിസിസ് രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. താലൂക്ക് ആയുർവ്വേദ ആശുപത്രിയിൽ ചികിൽസാ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.
ഗ്രാമീണ മേഖലക്കായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കി. വനിതകൾക്കായി പ്രത്യേക സംരംഭം തുടങ്ങി. ക്ഷീരമേഖല,വിദ്യാഭ്യാസ മേഖല എന്നിവിടങ്ങളിലും വിവിധ പദ്ധതികൾ നടപ്പിലാക്കി.
ലത ശശി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അനാവശ്യ വിവാദങ്ങളില്ല; ഉദ്യോഗസ്ഥരുടെ അലംഭാവം
ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ മെമ്പർമാരും നല്ല കഴിവുള്ളവരാണ്. കാര്യങ്ങൾ എല്ലാവർക്കും നല്ലവണ്ണം അറിയാം. അതിനാൽ വിവാദങ്ങൾക്കിടവരുത്തുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എന്നാൽ മെമ്പർമാരുടെ മികവിനനുസരിച്ച് ഉദ്യോഗസ്ഥർ ഉയരാത്തതിന്റെ പേരിലുള്ള പാളിച്ചകളാണ് ഉണ്ടായിട്ടുള്ളത്. ഓഫീസ് പ്രവർത്തനങ്ങളിൽ വേണ്ട മികവ് ഉണ്ടായില്ല. ലൈഫ് പദ്ധതിയിൽ വൻ ക്രമക്കേടാണ് സംഭവിച്ചത്. ഇതിന്റെ ഫലമായി 8 ലക്ഷത്തിൽപ്പരം രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരോട് പോലും 42000 രൂപ അധികമായി വാങ്ങിയെന്ന് പറഞ്ഞ് തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ഉദ്യോഗസ്ഥരുടെ അലംഭാവമാണങ്കിലും കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ഭരണ സമിതിയുടെ വിഴ്ചയാണ്.
എം.യു.ജോർജ്
കോൺഗ്രസ് അംഗം