ബ്ലോക്ക് പ്രസിഡന്റ് ഉൾപ്പെടെ കോൺഗ്രസ് വിട്ടു

മാനന്തവാടി: ത്രിതല പഞ്ചായത്ത് തിരഞ്ഞെ‌ടുപ്പിൽ കോൺഗ്രസ്സ് പിന്നാക്ക സമുദായത്തെ അവഗണിക്കുന്നുവെന്ന് ശ്രീനാരായണ ധർമ്മവേദി കുറ്റപ്പെടുത്തി. വയനാട്ടിലെ ജനസംഖ്യയിൽ ഇരുപത്തിയേഴ് ശതമാനം വരുന്ന തീയ്യ, ഈഴവ സമുദായത്തിലെ നല്ലൊരു ഭാഗം കോൺഗ്രസ് പ്രവർത്തകരോ അനുഭാവികളോ ആണ്. കോൺഗ്രസ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ മതിയായ പ്രാതിനിധ്യം ഈ സമുദായത്തിൽപ്പെട്ടവർക്ക് കിട്ടിയില്ല.

കോൺഗ്രസ് സംഘടനാ തിരത്തെടുപ്പ് നടന്ന 1990 ൽ ആറ് ബ്ലോക്ക് പ്രസിഡന്റുമാരിൽ നാല് പേർ ഈ സമുദായത്തിലെ ആളുകളായിരുന്നു. നിലവിൽ ബ്ലോക്ക് പ്രസിഡന്റായി ഈ സമുദായങ്ങളിൽ നിന്ന് ആരുമില്ല.

ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ തീയ്യ, ഈഴവ പ്രവർത്തകരെ തഴയാൻ ഗൂഢാലോചന നടക്കുന്നു. കോൺഗ്രസ് ജില്ലാ നേതൃത്വമാണ് ഇതിന് പിന്നിൽ. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.എൻ.രമേശൻ ഉൾപ്പെടെ പലരും കോൺഗ്രസ് വിട്ടു.

ശ്രീനാരായണ ധർമ്മവേദി ജില്ലാ കമ്മറ്റി യോഗത്തിൽ എം സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ പി.കെ രാജൻ ഉദ്ഘാടനം ചെയ്തു. കെ.ലക്ഷ്മണൻ, എം.സുധാകരൻ, കെ.കെ ഉണ്ണി, കെ.ടി ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.