അമ്പലവയൽ
അമ്പലവയൽ : രണ്ട് പതിറ്റാണ്ട് കാലമായി തുടർന്നുവരുന്ന ഭരണം നിലനിർത്തുന്നതിനാണ് യു.ഡി.എഫ് ശ്രമം. കയ്യെത്തും ദൂരത്തെത്തിയ ഭരണം ഇത്തവണയെങ്കിലും തിരിച്ചു പിടിക്കാൻ എൽ.ഡി.എഫും രംഗത്തിറങ്ങിയതോടെ അമ്പലവയലിൽ ഇത്തവണ പോരാട്ടത്തിന് വീറും വാശിയും കൂടും.
നിലവിലുള്ള 20 സീറ്റിൽ 10 സീറ്റ് നേടിയാണ് കഴിഞ്ഞ തവണ യു.ഡി.എഫ് അധികാരം നിലനിർത്തിയത്. എൽ.ഡി.എഫ് 9 സീറ്റും ബി.ജെ.പി ഒരു സീറ്റുമാണ് നേടിയത്. കോൺഗ്രസിന് 9 സീറ്റും ലീഗിന് ഒരു സീറ്റും കിട്ടിയതോടെ അധികാരം യു.ഡി.എഫിലേക്ക് തന്നെ എത്തി. പഞ്ചായത്ത് 2000 മുതൽ തുടർച്ചയായി യു.ഡി.എഫാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്.
ചരിത്രം
1963-ലാണ് പഞ്ചായത്ത് രൂപീകൃതമായത്. കമ്മ്യുണിസ്റ്റ് പാർട്ടിയിലെ മാധവൻനായരായിരുന്ന പ്രഥമ പ്രസിഡന്റ്. എൻ.വാസുദേവൻ, സി.കുര്യാക്കോസ്, ജഗദമ്മ ടീച്ചർ തുടങ്ങിയവർ എൽ.ഡി.എഫിന്റെ പ്രസിഡന്റുമാരായി വിവിധ കാലഘട്ടങ്ങളിൽ അധികാരത്തിൽ വന്നു. എം.യു ജോർജ്, വിജയൻ, കെ.ആർ മോഹനൻ മുതൽ സീതാ വിജയൻ വരെയുള്ളവർ യു.ഡി.എഫിന്റെ പ്രസിഡന്റുമാരായി . യു.ഡി.എഫിന് പഞ്ചായത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന തുടർ ഭരണം വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനും പുതിയ ജനോപകാരപ്രദമായ വികസന കാര്യങ്ങൾ നടപ്പിലാക്കാനും സഹായിച്ചുവെന്നാണ് യു.ഡി.എഫിന്റെ അവകാശം. എന്നാൽ തുടർച്ചയായി യു.ഡി.എഫിന് ഭരണം കൈവന്നതോടെ വികസന മുരടിപ്പാണ് സർവ്വ മേഖലയിലും എന്ന് എൽ.ഡി.എഫും പറയുന്നു.
സീറ്റ് ധാരണ
ഇരുമുന്നണികളിലെയും സീറ്റ് ധാരണ പൂർത്തിയായി. വാർഡുകളിലെ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക അവസാനഘട്ടത്തിലാണ്. നിലവിലുള്ള 20 വാർഡുകളിൽ സി.പി.എം 17 സീറ്റിലും മറ്റ് ഓരോന്നിൽ സി.പി.ഐയും എൽ.ജെ.ഡിയും കേരള കോൺഗ്രസ് എമ്മും മൽസരിക്കും. യു.ഡി.എഫിൽ കോൺഗ്രസ് 16 സീറ്റിലും ലീഗ് 4 സീറ്റിലുമാണ് മൽസരിക്കുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ എൻ.ഡി.എ ഇത്തവണ എല്ലാ സീറ്റിലും ശക്തി പരീക്ഷിക്കുന്നു.
#
തുടർ ഭരണം വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. പദ്ധതി നിർവ്വഹണത്തിന്റെ എൺപത് ശതമാനത്തിലധികം ചെലവഴിച്ചുകഴിഞ്ഞു. വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും എത്തി. കാർഷിക മേഖല ,ആരോഗ്യ-വിദ്യാഭ്യാസമേഖല, ക്ഷീരമേഖല തുടങ്ങിയവയിലെല്ലാം നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ഗ്രാമീണ റോഡുകൾ, ബസ്‌സ്റ്റാന്റ് നവീകരണം, കോൺഫറൻസ് ഹാൾ, മെമ്പർമാർക്കുള്ള ഇരിപ്പിടം എന്നിവ നിർമ്മിച്ചു.
പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനങ്ങൾ ആദ്യമായി തുടങ്ങിയത് യു.ഡി.എഫിന്റെ ഭരണകാലത്താണ്. ജലജീവൻ പദ്ധതി നടപ്പിലാക്കി. ലൈഫ് മിഷൻ പദ്ധതിലെ സർക്കാർ നിബന്ധനയാണ് ഭവന രഹിതരായ എല്ലാവർക്കും വീട് നൽകുന്നതിന് തടസമായത്.
സീതാ വിജയൻ
പഞ്ചായത്ത് പ്രസിഡന്റ്
#
തുടർച്ചയായ യു.ഡി.എഫ് ഭരണം കാരണം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മുരടിച്ചു. ഒരു മേഖലയിലും വികസന മുന്നേറ്റം ഉണ്ടായിട്ടില്ല. സാധാരണക്കാർക്ക് ഒരു ഗുണവും ലഭിക്കാത്ത ഭരണമാണ് യു.ഡി.എഫ് ഭരിച്ച കഴിഞ്ഞ കാലങ്ങളിലെല്ലാം. കേരളത്തിലെ ആദ്യത്തെ കമ്മ്യുണിറ്റി ഹാളാണ് അമ്പലവയലിലേത്. ഇത് നാശോന്മുഖമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത് നന്നാക്കാൻ പോലും പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങളാണ് പഞ്ചായത്തിന്റെ അനാസ്ഥ കാരണം നശിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്തിലെ റോഡുകൾ തകർന്ന് ഗതാഗത യോഗ്യമല്ലാതായി. പായികൊല്ലി, നെല്ലാറ, മലയച്ചൻകൊല്ലി, നരിക്കുണ്ട്, പെരുമ്പാടിക്കുന്ന്, കോട്ടൂർ, കല്ലേരി തുടങ്ങിയ റോഡുകളെല്ലാം തകർന്ന് കിടക്കുകയാണ്.
കുടിവെള്ള പദ്ധതി, ലൈഫ് ഭവന പദ്ധതി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഇവയിലെല്ലാം വലിയ അഴിമതിയും ധൂർത്തുമാണ് നടന്നത്. രണ്ടായിരത്തിൽപ്പരം പേരാണ് ഭവനരഹിതരായി കഴിയുന്നത്. എന്നിട്ടും ലൈഫിൽ വെറും 112 പേർക്കാണ് വീട് അനുവദിച്ചത്. പഞ്ചായത്തിന്റെ അനാസ്ഥകാരണമാണ് മറ്റുള്ളവർക്ക് വീട് നിഷേധിച്ചത്.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നടന്ന അഴിമതിയെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കെ.ഷമീർ
സി.പി.എം മെമ്പർ