കൽപ്പറ്റ: കേരളത്തിലെ ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന എൻ ജി ഒകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 'ഗോത്ര" സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസിനും പരാതി നൽകും. എൻ ജി ഒ കളുടെ മറവിൽ ആദിവാസികളുടെ പേര് പറഞ്ഞ് വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഫണ്ടുകൾ കൈപ്പറ്റികൊണ്ട് വൻ സാമ്പത്തിക തട്ടിപ്പുകൾ ജില്ലയിൽ നടക്കുന്നുണ്ടെന്ന് സംഘടന ആരോപിച്ചു. ഇത് സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്. വയനാട്ടിലെ പ്രമുഖ എൻ ജി ഒകളുടെ കഴിഞ്ഞ 20 വർഷത്തെ സാമ്പത്തിക വിനിമയം സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്നും അവർ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം നടത്തുമ്പോൾ പട്ടിക വർഗ വിഭാഗങ്ങളിലെ പണിയ, കുറിച്യ സമുദായത്തെ കൂടുതലായി പരിഗണിക്കുന്നില്ല. ഈ സമുദായത്തെ അധികാരത്തിൽ പങ്കാളികളാക്കിയാൽ മാത്രമേ ഇവരുടെ വികസനം ഉറപ്പാക്കാൻ സാധിക്കൂ എന്ന് ഗോത്രയുടെ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആദിവാസികളെ അധിക്ഷപിക്കുന്ന തരത്തിൽ താനൂർ എം എൽ എ നടത്തിയ പ്രസ്താവനയ്ക്ക് പരസ്യമായി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

ഗോത്ര സംസ്ഥാന ചെയർമാൻ ബിജു കാക്കത്തോട്, സംസ്ഥാന കോർഡിനേറ്റർ പ്രസീത അഴീക്കൽ, സംസ്ഥാന കൺവീനർ ബിജു അയ്യപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം പ്രകാശൻ മൊറാഴ എന്നിവർ പങ്കെടുത്തു.