wayanad

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഉന്നതാധികാരസമിതി

കൽപ്പറ്റ:വയനാട് മെഡിക്കൽ കോളേജിനായി ഡിഎം വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികൾ സുതാര്യവും എളുപ്പത്തിലുമാക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ഉന്നതാധികാരസമിതി രൂപീകരിച്ചു. ധനകാര്യ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി , അഡീഷണൽ ചീഫ് സെക്രട്ടറി പ്ലാനിംഗ് ആൻഡ് ഇക്കണോമിക്‌സ് അഫയേഴ്‌സ്, പ്രിൻസിപ്പൽ സെക്രട്ടറി ആരോഗ്യം എന്നിവരാണ് ഉന്നതാധികാര സമിതിയിലെ മറ്റംഗങ്ങൾ.

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു ഉന്നതാധികാരസമിതി രൂപീകരണം. നേരത്തെ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ഉന്നതാധികാരസമിതി പരിശോധിക്കും. ഡിസംബർ 15നകം സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകും. ഡി എം വിംസ് മാനേജ്‌മെന്റുമായി ചർച്ച ചെയ്യാനുള്ള പദ്ധതി രൂപരേഖയും ഉന്നതാധികാര സമിതി തയ്യാറാക്കും.
ഡിഎം വിംസ് മെഡിക്കൽ കോളേജ് സർക്കാരിന് കൈമാറാൻ സന്നദ്ധ അറിയിച്ച് ഡി എം എജുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പൻ ജൂൺ അഞ്ചിന് സംസ്ഥാന സർക്കാരിന് കത്ത് നൽകിയതായിരുന്നു. തുടർന്നാണ് ഇത് സംബന്ധിച്ച് പഠിക്കാൻ സർകാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ സമിതി അനുകൂല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപോർട്ടിലെ സാമ്പത്തികവും സാങ്കേതികവുമായ വസ്തുതകൾ വിലയിരുത്താനാണ് ഉന്നതാധികാരസമിതി രൂപീകരിച്ചത്.
യോഗത്തിൽ മന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടരി ബിശ്വാസ് മേത്ത തുടങ്ങിയവർ സംബന്ധിച്ചു.

 എന്തുകൊണ്ട് വിംസ് ?
വയനാട് മെഡിക്കൽ കോളേജിനായി മടക്കിമലയിൽ ചന്ദ്ര പ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി 50 ഏക്കർ ഭൂമി വിട്ട് നൽകിയിരുന്നു. യു ഡി എഫ് സർക്കാർ തീരുമാനം എടുത്തതല്ലാതെ മറ്റു നടപടികൾ സ്വീകരിച്ചില്ല. എസ്‌ കെ എം ജെ സ്‌കൂളിലായിരുന്നു തറക്കല്ലിട്ടത്. എൽ ഡി എഫ് സർക്കാർ ഭൂമി ഏറ്റെടുത്ത് റോഡ് നിർമ്മിച്ചു. മെഡിക്കൽ കോളേജിനായി കിഫ്ബിയിൽ 625 കോടി രൂപ വകയിരുത്തി. എന്നാൽ പ്രളയത്തിന് ശേഷം ഈ ഭൂമിയിൽ നിർമ്മാണപ്രവർത്തനങ്ങൾ പാടില്ലെന്ന് കാണിച്ച് ഭൗമപഠന കേന്ദ്രം റിപ്പോർട്ട് നൽകി. ഇതോടെ മറ്റൊരു ഭൂമി കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ചുണ്ടേൽ എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് വിംസ് വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് ആസാദ് മൂപ്പൻ സർക്കാരിനെ സമീപിച്ചത്.
പുതിയ ഭൂമി ഏറ്റെടുത്ത് കെട്ടിടം നിർമ്മിക്കുന്നത് കാലതാമസം ഉണ്ടാക്കുമെന്നത് പരിഗണിച്ച് ഈ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു.