beena-vijayan
ബീന വിജയൻ മുൻ പഞ്ചായത്ത് പ്രസിഡന്റ്

മീനങ്ങാടി: പൊതുവെ ഇടതുപക്ഷത്തിന് നല്ല വേരോട്ടമുള്ള പ്രദേശമാണ് മീനങ്ങാടി. പഞ്ചായത്ത് ഭരിച്ച ഇടതുപക്ഷത്തിനെതിരെ കാര്യമായ ആരോപണങ്ങളൊന്നും ഉയർന്നിട്ടുമില്ല. ഈ സാഹചര്യത്തിൽ, മീനങ്ങാടി പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കുക എന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം കുറച്ച് കഠിനമാണെങ്കിലും ഇത്തവണ ലക്ഷ്യം നേടിയിരിക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. അതേസമയം, ജനങ്ങൾ ഭരണനേട്ടങ്ങൾ കണ്ടറിഞ്ഞിട്ടുണ്ടെന്നിരിക്കെ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റുമെന്ന് ഇടതുപക്ഷ നേതാക്കൾ പറയുന്നു.
2015-ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നിലവിലുള്ള 19 ൽ 16 സീറ്റും നേടിയാണ് അധികാരത്തിൽ വന്നത്. യു.ഡി.എഫിന് വെറും മൂന്ന് സീറ്റ് മാത്രമെ നേടാനായുള്ളു. ജയം നേടിയ മൂവരും വനിതകൾ. 2005-ൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബീന വിജയന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ഭരണസമിതി അധികാരത്തിൽ വന്നത് .
കാർബൺ ന്യൂട്രൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചതുൾപ്പെടെയുള്ള വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ ലൈഫ് മിഷനിൽ എല്ലാവർക്കും വീടുകൾ നൽകാൻ കഴിഞ്ഞില്ലെന്ന ആക്ഷേപവും ഗ്രാമീണ റോഡുകളുടെയും മറ്റും നിർമ്മാണ പ്രവൃത്തികൾ നടത്തിയില്ലെന്ന ആരോപണവുമുന്നയിച്ചാണ് യു.ഡി.എഫ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്.


 മുന്നണികളിലെ

സീറ്റ് ധാരണ
നിലവിലുള്ള 19 സീറ്റിൽ എൽ.ഡി.എഫിലെ പ്രധാന കക്ഷിയായ സി.പി.എം 17 സീറ്റിലാണ് മത്സരിക്കുന്നത്. ഘടകകക്ഷിയായ സി.പി.ഐ രണ്ട് സീറ്റിൽ മത്സരിക്കും. മീനങ്ങാടി ബ്ലോക്കിലെ സി.പി.എം സ്ഥാനാർത്ഥി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബീന വിജയനാണ്. പഞ്ചായത്തിലെയും ബ്ലോക്കിലെയും ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് നടക്കും.

യു.ഡി.എഫിൽ ഇതുവരെ സീറ്റ് ധാരണ പൂർണമായിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള തർക്കമാണ് സീറ്റ് ധാരണ നീളാൻ കാരണം. ഘടകകക്ഷിയായ ലീഗുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. എൻ.ഡി.എ യുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും അടുത്ത ദിവസം മാത്രമെയുണ്ടാവൂ.

 പഞ്ചായത്തിന്റെ ചരിത്രം
പഞ്ചായത്തിരാജ് നിയമം പ്രബല്യത്തിൽ വന്ന ശേഷം ഒരു തവണ മാത്രമാണ് മീനങ്ങാടി പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചത്. പഞ്ചായത്ത് സാരഥികളായത് കെ.കെ.ശശി, എം.രാഘവൻ, അസൈനാർ, ബീനാവിജയൻ എന്നിവരാണ്. ആദ്യകാലങ്ങളിൽ പി.വി.വർഗ്ഗീസ് വൈദ്യർ, ദാമോദരൻ നായർ, ബാലകൃഷ്ണൻ എന്നിവർ മീനങ്ങാടിയുടെ പ്രസിഡന്റുമാരായിരുന്നു.

''നാടിന്റെ വികസനം നടപ്പാക്കുന്നതോടൊപ്പം അർഹരായ മുഴുവൻ ആളുകൾക്കും പരമാവധി സഹായം എത്തിച്ച് അവരുടെ ജീവിതം ഭദ്രമാക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നടത്തിയത്. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ വ്യത്യസ്ത പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കിയത്.

കാലാവസ്ഥ വ്യതിയാനത്തിനും ആഗോളതാപനത്തിനും പരിഹാരമായി കാർബൺ ന്യുട്രൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർക്കായി പ്രത്യേക ക്ഷേമ പദ്ധതികൾ നടപ്പാക്കി. കാർഷികമേഖല, പൊതുവിദ്യാലയങ്ങൾ, ഗ്രാമീണ റോഡുകൾ, സ്ത്രീ സൗഹൃദ - പ്രകൃതി സൗഹൃത സുസ്ഥിര പദ്ധതികൾ, ചൈൽഡ് ഹെൽത്ത് ഇംപ്രൂവ്മെന്റ് പദ്ധതികൾ, മദേഴ്‌സ് ഹെൽത്ത് ഇംപ്രൂവ്‌മെന്റ് മിഷൻ തുടങ്ങി മറ്റു നിരവധി പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് ഇന്നവേഷൻ ഓഫ് മീനങ്ങാടി, ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും കായിക പരിശിലനത്തിനായി ഓപ്പറേഷൻ ഒളിമ്പിയ തുടങ്ങിയ പദ്ധതികൾ വേറിട്ടു നിൽക്കുന്നു. പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും ജീവിതം ഭദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകിയത്. പദ്ധതികൾ നൂറ് ശതമാനവും ലക്ഷ്യം കണ്ടു വെന്നതിന്റെ തെളിവാണ് പഞ്ചായത്തിന് ലഭിച്ച പുരസ്‌കാരങ്ങളും അംഗീകാരങ്ങളുമെന്ന് ഭരണസാരഥികൾ പറയുന്നു.

ബീന വിജയൻ

മുൻ പഞ്ചായത്ത് പ്രസിഡന്റ്


''ഏറെ കൊട്ടി ഘോഷിച്ച് കൊണ്ടുവന്ന ലൈഫ് ഭവന പദ്ധതിയിൽ അർഹരായവർക്ക് പോലും വീട് നിർമ്മിച്ചു നൽകാനായില്ല. കാർഷിക മേഖലയിൽ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും നടന്നില്ല. ഗ്രാമീണ റോഡുകളുടെ കാര്യവും പരിതാപകരം. അഞ്ച് വർഷത്തെ ഭരണം തികഞ്ഞ പരാജയമായിരുന്നു. വികസന മുരടിപ്പാണ് എല്ലാ മേഖലയിലും. ഇത് ജനങ്ങൾ തിരിച്ചറിയും.

മിനി സാജു

മുൻ മെമ്പർ