sahad-kk
കെ.കെ.സഹദ്(മുൻ പ്രസിഡന്റ്)

അങ്കത്തട്ടിലേക്ക്

മേപ്പാടി: ഏറ്റവും പഴക്കം ചെന്ന പഞ്ചായത്തുകളിലൊന്നായ മേപ്പാടി ഇത്തവണയും ഇടത്തേക്ക് ചായുമോ. തുടർച്ചയായ രണ്ട് പ്രളയങ്ങൾ കശക്കിയെറിഞ്ഞ മേപ്പാടിയെ പൂർവ്വ സ്ഥിതിയിലെത്തിക്കുന്നതിനായി പണിപ്പെട്ടവരെ തന്നെ വീണ്ടും അധികാരത്തിലേറ്റുമോ എന്ന ചോദ്യമാണ്‌ മേപ്പാടി പഞ്ചായത്തിനെ സംബന്ധിച്ച് ഉയരുന്നത്.
ആകെയുള്ള 22 വാർഡിൽ 14 സീറ്റ്‌ നേടിയാണ് 2015-ൽ ഇടതുമുന്നണി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സ്ഥിരമായി ഒരു മുന്നണിയോടൊപ്പം നിന്ന പാരമ്പര്യം മേപ്പാടിക്കില്ല.

തോട്ടം തൊഴിലാളികളും സാദാരണ കർഷകരുമാണ് ഇവിടെ കൂടുതലും.

കഴിഞ്ഞ അഞ്ച് വർഷത്തെ വികസനനേട്ടം എടുത്തുകാട്ടിയാണ് ഇടതുമുന്നണി ജനങ്ങളോട്‌ വോട്ട്‌ചോദിക്കുന്നത്. എന്നാൽ എൽ.ഡി.എഫ് ഭരണം അഴിമതിയും സ്വജന പക്ഷപാതവുമായിരുന്നെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ഇരുമുന്നണികളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് എൻ.ഡി.എ പറയുന്നു.

ബ്രിട്ടീഷുകാർ സ്ഥാപിച്ച പഞ്ചായത്ത്
കൂറ്റൻ മലനിരകളും വെള്ളച്ചാട്ടങ്ങളും കൊണ്ട് പ്രകൃതി കനിഞ്ഞരുളിയ മേപ്പാടി പഞ്ചായത്ത് ബ്രിട്ടീഷ് സർക്കാരിന്റെ കാലത്താണ് രൂപീകരിച്ചത്. 1935 ഏപ്രിൽ 27-നായിരുന്നു പഞ്ചായത്തിന്റെ രൂപീകരണം. 1961 -ൽ അമ്പലവയൽ പഞ്ചായത്ത് രൂപീകരണവും 2000-ൽ മുപ്പൈനാട് പഞ്ചായത്ത് രൂപീകരണവും കൽപ്പറ്റ മുനിസിപ്പാലിറ്റി വിപുലീകരണവും നടന്നതോടെ ഏറ്റവും വലിയ പഞ്ചായത്ത് എന്ന പദവി മേപ്പാടിക്ക് നഷ്ടമായി. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ടി.ഇ.ഹേവ് എന്ന് യൂറോപ്യനായിരുന്നു. ബ്രീട്ടീഷ് സർക്കാർ നോമിനേറ്റ് ചെയ്ത 16 അംഗ ഭരണസമിതിയായിരുന്നു ഭരണം നടത്തിയിരുന്നത്. തൃക്കൈപ്പറ്റദേശം, കോട്ടപ്പടിദേശം, മുപ്പൈനാട്‌ദേശം എങ്ങിങ്ങനെ മൂന്ന് വാർഡുകളായിരുന്നു. പഞ്ചായത്ത് പിന്നീട് മദ്രാസ്‌ ലോക്കൽബോർഡിന്റെ കീഴിലായി. കെ.ബാബു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 1969-മുതലാണ്‌ ബോർഡിന്റെ കീഴിൽ നിന്ന് ജനാധിപത്യ രീതിയിൽ പഞ്ചായത്ത് സംവിധാനം മാറിയത്.


മേപ്പാടിയെ നയിച്ച പ്രസിഡന്റുമാർ
രണ്ട് തവണ യൂറോപ്യന്മാർ അദ്ധ്യക്ഷ പദവിയിലിരുന്ന മേപ്പാടിയിൽ ഇതുവരെ 20 പ്രസിഡന്റുമാരാണ് അധികാരത്തിലിരുന്നത്. ടി.ഇ.ഹേവ്, എച്ച്.എസ്.ലേക്ക്, ഡോ.ടി.കെ.ഗോവിന്ദൻ നായർ, ഫാ.എ.മച്ചാഡോ, എസ്.എൻ.ഭട്ടാചാര്യ, കടുമ്പേരി നാണു,കെ.ബാബു സാബിബ്, വി.എൻ.ശിവരാമൻ നായർ, കെ.എ.മുഹമ്മദ്കുഞ്ഞി, പി.എ.മുഹമ്മദ്, പി.പി.എ.കരീം, പി.വാസു. പത്മിനി ഗോപിനാഥ്, പി.എം.പ്രസന്നസേനൻ, എൻ.വേണുഗോപാൽ, രാധ രാമസ്വാമി, പി.എം.രാമൻ, ആൻസിബേബി, റംല കുഞ്ഞപ്പ,കെ.കെ.സഹദ്.


സീറ്റ് ധാരണ
മേപ്പാടിയിൽ യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകികൊണ്ടാണ് ഇടതുമുന്നണി സ്ഥാനാർത്ഥി നിർണയം നടത്തിയത്. ആകെയുള്ള 22 സീറ്റിൽ സി.പി.എം. 14 എണ്ണത്തിലും സി.പി.ഐ 6 -ലും ഓരോ സീറ്റിൽ ദളും ഐ.എൻ.എല്ലുമാണ് മൽസരിക്കുന്നത്. യു.ഡി.എഫ് സീറ്റ് ചർച്ച അവസാന ഘട്ടത്തിലാണ് . എൻ.ഡി.എ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

പ്രളയം തകർത്തെറിഞ്ഞ മേപ്പാടിയെ കൈപിടിച്ചുയർത്തി

പ്രളയം തകർത്തെറിഞ്ഞ മേപ്പാടി പഞ്ചായത്തിനെ എല്ലാവരുടെയും സഹകരണത്തോടെ കൈപിടിച്ചുയർത്താൻ കഴിഞ്ഞു.പുത്തുമല ഉരുൾപൊട്ടലിൽ ജീവിതം തകർന്നവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു.വീടും സ്ഥലവും നഷ്ട്ടപ്പെട്ടവർക്ക്‌ പുനരധിവാസം സാധ്യമാക്കി.
സാധാരണക്കാർക്ക്‌ വേണ്ടിയുള്ള വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. പഞ്ചായത്തിന്റെ എല്ലാമേഖലയിലും വികസനമെത്തിക്കാനായി. കാർഷികമേഖലയിലും ആരോഗ്യമേഖലയിലും വിവിധ വികസന പദ്ധതികൾ നടപ്പിലാക്കി. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്ന മേപ്പാടിയെ ഉന്നതിയിലെത്തിക്കാനായി. ഭവന നിർമ്മാണം, കുടിവെള്ളം, ഗ്രാമീണറോഡുകളുടെ നിർമ്മാണം തുടങ്ങിയവികസന പ്രവർത്തനങ്ങളും നടപ്പിലാക്കി.

കെ.കെ.സഹദ്, മുൻ പ്രസിഡന്റ്

വികസന രംഗത്ത്‌ മേപ്പാടിയെ പിന്നോട്ടടുപ്പിച്ചു

അഞ്ച് വർഷത്തെ ഇടതു ഭരണം മേപ്പാടിയെ പിന്നോട്ടടുപ്പിച്ചു. പുത്തുമല പുനരധിവാസ പ്രവർത്തനങ്ങളിൽ വൻ അഴിമതിയാണ് നടന്നത്. സർവ്വമേഖലകളിലും സ്വജന പക്ഷപാതവും അഴിമതിയുമാണ്. കുടിവെള്ള പദ്ധതിയും മാലിന്യ സംസ്‌ക്കരണവും പാതിവഴിയിൽ മുടങ്ങി കിടക്കുകയാണ്.തോട്ടംമേഖലയിലെ പ്രശ്‌നങ്ങൾക്ക് പഞ്ചായത്തിന് ഒരു പരിഹാരവും ഉണ്ടായില്ല.

ടി.ഹംസ, യു.ഡി.എഫ് അംഗം