പനമരത്തെ സ്മാരകം അവഗണനയിൽ
പനമരം: വെള്ളക്കാർക്കെതിരെ പടനയിച്ച തലയ്ക്കൽ ചന്തുവിന്റെ പനമരത്തുള്ള സ്മാരകം അവഗണനയുടെ കൂടി സ്മാരകമാവുകയാണ്. എട്ട് വർഷം മുൻപ് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത നിർമ്മിതികളിൽ മിക്കവയും പരിചരണമില്ലാത്തതിനാൽ നാശോന്മുഖമായി. മ്യൂസിയത്തിന്റെ ജനൽ പാളികൾ എറിഞ്ഞ് തകർത്തിരിക്കുന്നു. നേരത്തേ സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നെങ്കിലും ഇപ്പോൾ ആരുമില്ലാത്ത അവസ്ഥയാണ്.
ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ 1857-ലെ ആദ്യത്തെ സ്വാതന്ത്ര്യ സമരത്തിനും അരനൂറ്റാണ്ട് മുമ്പ് വെള്ളക്കാർക്കെതിരെ പഴശ്ശി രാജാവിനോടൊപ്പം നിന്ന് പോരാടിയ ചന്തു വധിക്കപ്പെട്ടത് 1805 നവംബർ പതിനഞ്ചിനായിരുന്നു. ചരിത്രത്തിന് മൂക സാക്ഷിയായി കമ്പനീ നദിക്കരയിൽ ഇന്നും തലയുയർത്തി നിൽക്കുന്ന കോളി മരത്തിന്റെ ചുവട്ടിൽ വെച്ചാണ് ബ്രിട്ടീഷുകാർ ആ സ്വാതന്ത്ര്യപ്പോരാളിയെ വധിച്ചത്.
1802 ഒക്ടോബർ 11 ന് ചന്തുവിന്റെയും എടച്ചന കുങ്കന്റെയും നേതൃത്വത്തിൽ നൂറ്റിയെഴുപത്തഞ്ചോളം കറിച്യപ്പടയാളികൾ ബ്രിട്ടീഷുകാരുടെ പനമരം കോട്ട ആക്രമിച്ച് കീഴ്പ്പെടുത്തിയതിന്റെ ശിക്ഷയായിരുന്നു അത്. കുറിച്യപ്പടയുടെ ആക്രണത്തിൽ വെള്ളക്കാരായ കമാന്റിംഗ് ഓഫീസർ ഡിക്കിൻസണും ലഫ്റ്റണന്റ് മാക്സ് വെല്ലും കൊല്ലപ്പെട്ടു, കോട്ടയിലുണ്ടായിരുന്ന എഴുപതോളം കമ്പനി സൈനികർ ചിതറിപ്പോയി.
തലയ്ക്കൽ ചന്തുവിന്റെ വിയോഗ വാർത്തയറിഞ്ഞ പഴശ്ശിയുടെ പ്രതികരണം തന്റെ വലം കൈ നഷ്ടപ്പെട്ടുവെന്നായിരുന്നു. ചന്തുവിന്റെ അഭാവത്തിൽ പഴശ്ശിക്ക് മുന്നോട്ട് പോകാനായത് വെറും പതിനഞ്ച് ദിവസങ്ങൾ മാത്രമായിരുന്നു, നവംബർ 30 ന് മാവിലാം തോടിന്റെ കരയിൽ ബ്രിട്ടീഷ് സൈന്യം എത്തുന്നത് വരെ മാത്രം.