election-

പനമരം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പനമരത്ത് യു.ഡി.എഫ് അധികാരത്തിലേറിയതാണെങ്കിലും രണ്ടു വർഷമേ ആ ഭരണസമിതിയ്ക്ക് ആയുസ്സുണ്ടായുള്ളൂ. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ വീണുപോവുകയായിരുന്നു. വെറും ഒരു സീറ്റിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു 2015-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തുടർഭരണം ഉറപ്പാക്കിയത്. ആകെയുള്ള 23 സീറ്റിൽ കോൺഗ്രസ് 6, ലീഗ് 4, സി.എം.പി 2 എന്നിങ്ങനെ 12 സീറ്റായിരുന്നു യു.ഡി.എഫിന്. എൽ.ഡി.എഫ് നിരയിൽ സി.പി.എം 9 സീറ്റും ജനതാദൾ (എസ്), ഐ.എൻ.എൽ എന്നിവയ്ക്ക് ഓരോ സീറ്റുമായിരുന്നു. സി.എം.പി അംഗം കൂറു മാറിയതോടെ 2017-ൽ ഇടതുപക്ഷം അവിശ്വാസം കൊണ്ടുവന്നു. അതോടെ യു.ഡി.എഫിന് ഭരണവും നഷ്ടമായി. കൂറു മാറിയ വ്യക്തി പഞ്ചായത്ത് പ്രസിഡന്റുമായി. പത്തിനെതിരെ പന്ത്രണ്ട് വോട്ടുകൾക്കായിരുന്നു വിജയം.

പൊതുവെ യു.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്തുകളിലൊന്നായാണ് പനമരത്തെ കാണുന്നത്. നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഇവിടെ യു.ഡി.എഫിന് വ്യക്തമായ മേൽകോയ്‌മയുമുണ്ടായിരുന്നു. എന്നാൽ ഇടക്കാലത്ത് നടന്ന മുന്നണി വികസത്തോടെ അട്ടിമറി എളുപ്പമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ് നേതൃത്വം.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാണിക്കുന്നതോടൊപ്പം പഞ്ചായത്തിൽ കഴിഞ്ഞ മുന്ന് വർഷത്തിനിടെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കൂടി നിരത്തിയാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാർഷിക മേഖലയിൽ, പ്രത്യേകിച്ച് നെൽകർഷകർക്കായി നടപ്പിലാക്കിയ പദ്ധതികളും വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളുമെല്ലാം അക്കമിട്ടു പറയുന്നുണ്ട് ഇടതുപക്ഷം. എന്നാൽ, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അട്ടിമറിച്ച് അധികാരത്തിലേറിയ എൽ.ഡി.എഫിന് മൂന്ന് വർഷത്തിനിടയ്ക്ക് ഒന്നും ചെയ്യാനായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യു.ഡി.എഫ് ജനവിധി തേടുന്നത്.

 ചരിത്രം
പഞ്ചായത്ത് രൂപീകരണം 1965 -ലായിരുന്നു. ജനതാദളിന് കാര്യമായ സ്വാധീനമുള്ള മേഖലയാണിത്. 1965 മുതൽ 1974 വരെ ചന്ദ്രയ്യ ഗൗഡരായിരുന്ന പഞ്ചായത്ത് പ്രസിഡന്റ്. 79 മുതൽ 95 വരെ ആർ.എസ്.പി യുടെ നേതൃത്വത്തിൽ ടി.മോഹനൻ പ്രസിഡന്റായിരുന്നു. 1995 ൽ സി.പി.എമ്മിലെ പ്രതാപൻ പ്രസിഡന്റായി. 2000 - 2005-ൽ ഗാബ്രിയേൽ രാമന്റെ നേതൃത്വത്തിൽ യു.ഡി.എഫിനായി ഭരണം. 2010-ൽ യു.ഡി.എഫ് തന്നെ വീണ്ടുമെത്തി.
ലീഗ്, കോൺഗ്രസ്, സി.എം.പി കക്ഷികളിലെ അസ്‌മത്ത്, അമ്മാനി വാസു, ടി.മോഹനൻ എന്നിവരായിരുന്നു ധാരണ പ്രകാരം പ്രസിഡന്റുമാർ. 2015-ൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലേറി. ലിസി തോമസായിരുന്നു പ്രസിഡന്റ്. അവിശ്വാസ പ്രമേയത്തിലൂടെ ലിസി പുറത്തായതോടെ പിന്നീട് റസീന സാജനും ഷൈനി കൃഷ്ണനുമായിരുന്നു പ്രസിഡന്റ് സ്ഥാനത്ത്.

 സീറ്റ് ധാരണ
എൽ.ഡി.എഫ് പക്ഷത്ത് സി.പി.എം 17 സീറ്റിലും ഘടകകക്ഷികളായ സി.പി.ഐ 2 സീറ്റിലും ജനതാദൾ, ഐ.എൻ.എൽ, ജെ.ഡി.യു , കേരള കോൺഗ്രസ് (എം )കക്ഷികൾ ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ ചില സീറ്റുകളെ ചൊല്ലി തർക്കം നില നിൽക്കുന്നതിനാൽ സീറ്റ് വിഭജനം പൂർണമായിട്ടില്ല. സീറ്റ് പ്രതീക്ഷിക്കുന്ന പലരും ഇതിനകം പ്രചാരണ രംഗത്ത് ഇറങ്ങുകയും ചെയ്തു. എൻ.ഡി.എയു ടെ സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും.



''നെൽകൃഷി വ്യാപകമാക്കുന്നതിനായി കർഷകർക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി. കുടുംബശ്രീ മുഖേന വനിതകൾക്ക് തൊഴിൽ പദ്ധതി കൊണ്ടുവന്നു. മാലിന്യ നിർമ്മാർജനത്തിനായി എം.സി.എസ് നിർമ്മിക്കാൻ തീരുമാനിച്ചു. പ്രളയത്തിൽ തകർന്ന റോഡുകളുടെയും വീടുകളുടെയും നിർമ്മാണം പൂർത്തീകരിച്ചു. ക്ഷീരകർഷകർക്കായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി. വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പ് വരുത്താൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. അങ്ങനെ നിരവധി വികസന പ്രവത്തനങ്ങൾ കഴിഞ്ഞ മൂന്നു വർഷത്തിനിടയ്ക്ക് കൊണ്ടുവരാനായിട്ടുണ്ട്.

ഷൈനി കൃഷ്ണൻ

മുൻ പഞ്ചായത്ത് പ്രസിഡന്റ്


''കാർഷിക മേഖലയുടെ ഉന്നമനത്തിനായി ഇടതു ഭരണസമിതിയ്ക്ക് ഒന്നും ചെയ്യാനായിട്ടില്ല. മാലിന്യ സംസ്‌കരണത്തിന് ഒരു നടപടിയും സ്വീകരിച്ചില്ല. പ്രളയങ്ങൾക്കു പിറകെ പുനർനിർമ്മാണ പ്രക്രിയയിൽ ഭരണസമിതി തികഞ്ഞ പരാജയമായി. ഗ്രാമീണ റോഡുകളുടെ പ്രവൃത്തികൾ ഇപ്പോഴും ബാക്കി കിടപ്പാണ്. കായിക രംഗത്തെ പരിപോഷിപ്പിക്കുന്നതിനായി ഒരു പദ്ധതിയും നടപ്പിലാക്കിയില്ല.

സാബു നീർവാരം

മുൻ മെമ്പർ (കോൺഗ്രസ് )