സുൽത്താൻ ബത്തേരി: നെൽകൃഷി ജീവനോപാധിയാണെങ്കിലും നെൽച്ചെടിയിൽ ഒരു കല ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പറഞ്ഞുതരികയാണ് ബത്തേരി സ്വദേശി തയ്യിൽ പ്രസിദ് കുമാർ. നെൽച്ചെടികളിൽ പ്രണയ സല്ലാപം നടത്തുന്ന മീനുകളുടെ ത്രിമാന ചിത്രമാണ് ഈ യുവ കർഷകൻ കലാവിരുത്. നമ്പിക്കൊല്ലി കഴമ്പ് വയലിലെ നെൽച്ചെടികളിലാണ് പ്രണയ മീനുകളെ കാണാൻ കഴിയുക. മുകളിൽ നിന്ന് നോക്കിയാൽ കാറ്റിൽ ഇളകിയാടുന്ന നെൽച്ചെടികൾക്ക് പകരം പാടത്ത് നീന്തി തുടിച്ച് പ്രണയ ചുംബനം നടത്താൻ ശ്രമിക്കുന്ന മത്സ്യങ്ങളെയാണ് കാണുക. പാഡി ആർട്ടിലൂടെയാണ് വിസ്മയിപ്പിക്കുന്ന ത്രിമാന ചിത്രം പ്രസിദ് കുമാർ ഒരുക്കിയിരിക്കുന്നത്. വിവിധ നിറങ്ങളിലും ഉയരങ്ങളിലുമുള്ള നെൽച്ചെടികൾ മത്സ്യത്തിന്റെ രൂപത്തിൽ നട്ടുവളർത്തിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
50 സെന്റ് വയലിലാണ് പാഡി ആർട്ടിലൂടെ നെൽകൃഷി ഇറക്കിയിരിക്കുന്നത്. ജൂലായ് മാസത്തിലാണ് വയൽചിത്രമൊരുക്കുന്നതിനായി ഞാറ് നട്ടത്. ചിത്രകാരനായ എ വൺ പ്രസാദിന്റെ സഹായത്താൽ മത്സ്യങ്ങളുടെ രേഖാചിത്രം തീർക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ നിന്ന് കൊണ്ടുവന്ന വയലറ്റ് നിറമുള്ള സബർബാത്ത് നെൽവിത്ത് മുളപ്പിച്ചെടുത്ത ഞാറ് പറിച്ചു നട്ടാണ് പ്രണയ മത്സ്യങ്ങൾക്ക് ജീവൻ നൽകിയത്.ഇതിന്റെ പശ്ചാത്തലത്തിനായി കേരളത്തിന്റെ പരമ്പരാഗത നെല്ലിനമായ രക്തശാലിയും ജീരകശാലയും മല്ലിക്കുറുവയും നട്ടു. വയലിൽ കതിരിട്ടതോടെ പലവർണങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിന്റെ മനോഹാരിതയാണ് ദൃശ്യമാകുന്നത്.
നെൽച്ചെടികളിൽ തീർത്ത കലാ വിസ്മയം കാണാൻ നിരവധി പേരാണ് എത്തുന്നത്. തുടർച്ചയായി നാലാമത്തെ വർഷമാണ് പ്രസീദ് പാഡി ആർട്ട് ചെയ്യുന്നത്. 2017ലായിരുന്നു ആദ്യ പാഡി ആർട്ട് പരീക്ഷണം. ഇന്ത്യയുടെ ഭൂപടമായിരുന്നു തുടക്കം. തുടർന്ന് കഴുകനും ഗുരുവായൂർ കേശവനും നെൽച്ചെടിയിൽ ജീവൻവെച്ചു. എട്ടര ഏക്കർ വയലിൽ 53 ഇനം നെൽവിത്തുകളാണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്.