മകൾ ജില്ലാ പഞ്ചായത്തിലേക്ക് അമ്മ ഗ്രാമ പഞ്ചായത്തിലും
മാനന്തവാടി: വെളളമുണ്ട പഞ്ചായത്തിലെ മൊതക്കര ആലഞ്ചേരിയിലെ പൂവ്വത്തുംകുന്നിൽ നിന്ന് അമ്മയും മകളും ഇത്തവണയും ഇടത് മുന്നണി സ്ഥാനാർത്ഥികൾ. മകൾ ജില്ലാ പഞ്ചായത്തിലേക്കാണെങ്കിൽ അമ്മ ഗ്രാമ പഞ്ചായത്തിലേക്ക്. വെളളമുണ്ട ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായി പി.രാധയും മകൾ അനിഷാ സുരേന്ദ്രൻ ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് തവിഞ്ഞാൽ ഡിവിഷനിൽ നിന്നുമാണ് ജനവിധി തേടുന്നത്.
അനിഷാ സുരേന്ദ്രൻ നിലവിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ്. അമ്മ നേരത്തെ വെളളമുണ്ട ഗ്രാമ പഞ്ചായത്തിൽ രണ്ട് തവണ മെമ്പറായിരുന്നു.1995 മുതൽ 2000 വരെയും 2005 മുതൽ 2010വരെയുമായിരുന്നു മെമ്പറായിരുന്നത്. അമ്മയ്ക്ക് ഇത് മൂന്നാം അങ്കം. എന്നാൽ മകൾക്ക് ഇത് രണ്ടാം അങ്കവും. രാധയുടെ മൂത്ത മകളാണ് അനിഷ. വിമുക്ത ഭടനായ സുരേന്ദ്രനാണ് അനിഷയുടെ ഭർത്താവ്. ഇക്കുറിയും വിജയം തങ്ങൾക്ക് ഉറപ്പെന്ന് ഇരുവരും പറയുന്നു.