വടുവൻചാൽ: രണ്ട് പതിറ്റാണ്ടായി യു.ഡി.എഫ് ഭരണം തുടർന്നുവരുന്ന മൂപ്പൈനാട് പഞ്ചായത്ത് പിടിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. തുടർച്ചയായുള്ള യു.ഡി.എഫിന്റെ ഭരണത്തിൽ പഞ്ചായത്തിന്റെ സർവ്വ മേഖലകളിലും വികസന മുരടിപ്പാണെന്നാണ് ആരോപണം. ഭരണമാറ്റം പ്രതീക്ഷിക്കുന്ന അസംപ്തൃപ്തരായ ജനങ്ങൾ ഇത്തവണ ഇടതുപക്ഷത്തെ അധികാരമേറ്റുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള വികസനമാണ് ഇതുവരെ പഞ്ചായത്തിൽ നടപ്പിലാക്കിയതെന്നും അതുകൊണ്ട് തന്നെ വോട്ടർമാർ യു.ഡി.എഫിന്റെ തുടർഭരണം ആഗ്രഹിക്കുന്നവരാണെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു. അതേസമയം കഴിഞ്ഞ തവണ ചില വാർഡുകളിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച എൻ.ഡി.എ ഇപ്രാവശ്യം ശക്തി തെളിയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
മേപ്പാടി പഞ്ചായത്ത് വിഭജിച്ചാണ് 2000-ത്തിൽ മൂപ്പൈനാട് പഞ്ചായത്ത് രൂപീകരിച്ചത്. പഞ്ചായത്തിന്റെ രൂപീകരണം മുതൽ നാല് തവണയും യു.ഡി.എഫിനാണ് പഞ്ചായത്തിന്റെ ഭരണം. യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് മുപ്പൈനാട്. പാർലമെന്റ്, നിയമസഭ തിരഞ്ഞെടുപ്പുകളിലും വ്യക്തമായ ലീഡ് നേടിയ പ്രദേശമാണ്.
2015-ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 16 സീറ്റിൽ 11 സീറ്റും നേടിയാണ് യു.ഡി.എഫ് ഭരണം നില നിർത്തിയത്. എൽ.ഡി.എഫിന് 5 സീറ്റ് മാത്രമെ നേടാനായുള്ളു.
#
ചരിത്രം
ജില്ലയിൽ ഏറ്റവും അവസാനമായി രൂപീകൃതമായ പഞ്ചായത്താണ് തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന മുപ്പൈനാട്. തോട്ടം തൊഴിലാളികളും കർഷക തൊഴിലാളികളുമാണ് കൂടുതലും. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്നതിനാൽ തമിഴ് ജനതയും അവരുടെ സംസ്‌ക്കാരവും ചെറിയ രീതിയിലെങ്കിലും മുപ്പൈനാടിനെ സ്വാധീനിച്ചിട്ടുണ്ട്. 2000 ഒക്‌ടോബറിലാണ് പഞ്ചായത്തിന്റെ രൂപീകരണം.
#
രണ്ട് പതിറ്റാണ്ടിനിടെ നിരവധി പുരസ്‌ക്കാരങ്ങൾ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്‌ക്കാരം. രണ്ട് തവണ ആരോഗ്യ പുരസ്‌കാരം. സോളാർ പ്ലാന്റ്, പഞ്ചായത്തിലെ ഗ്രാണീണ റോഡുകളുടെയും നടപ്പാതകളുടെയും നിർമ്മാണം. കിണറുകൾ, കുടിവെള്ള പദ്ധതികൾ എന്നിവയെല്ലാം നടപ്പിൽ വരുത്തിയത് നേട്ടങ്ങളാണ്.
കർഷതൊഴിലാളികളും തോട്ടം തൊഴിലാളികളും കുടുതലായി വസിക്കുന്ന പഞ്ചായത്തിൽ ഇവർക്കായി പ്രത്യേക പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല . കൃഷി,മൃഗ സംരക്ഷണ മേഖലകളിലും മാലിന്യ സംസ്കരണം ഭവന പദ്ധതികളുടെ നടത്തിപ്പ് ഇവയിലൊന്നും കാര്യക്ഷമമായി പ്രവർത്തിച്ചില്ല.
#
സീറ്റ് ധാരണ
16 വാർഡിൽ എൽ.ഡി.എഫിലെ മുഖ്യകക്ഷിയായ സി.പി.എം 10 സീറ്റിലും എൽ.ജെ.ഡി 2, സി.പി.ഐ.1, ഇടതു സ്വതന്ത്രന്മാർ 3 എന്നിങ്ങനെയാണ് ഇടതുമുന്നണിയുടെ സീറ്റ് ധാരണ. യു.ഡി.എഫിൽ കോൺഗ്രസ് 9, മുസ്ലീം ലീഗ് 7 എന്നിങ്ങനെ മത്സരിക്കും.
#
ചെറിയ പഞ്ചായത്താണങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ 100 കിലോമീറ്റർ റോഡാണ് ഗതാഗത യോഗ്യമാക്കിയത്. തയ്യൽ യൂണിറ്റുകൾ, ഐ.ടി.യൂണിറ്റ് ചപ്പൽ വില്ലേജ് വനവിഭവങ്ങൾക്കുള്ള വിപണന കേന്ദ്രം, ടൂറിസം മേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എന്നിവയെല്ലാം വികസന നേട്ടമാണ്. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. വിവിധ ഭവന പദ്ധതികളിലായി വീടില്ലാത്തവർക്ക് വീട് വെച്ച് നൽകി. എല്ലാവർക്കും വീടിന് സമീപത്ത് തന്ന ശുദ്ധജലം എത്തിച്ചു നൽകി.
ആർ.യമുന
പഞ്ചായത്ത് മുൻ പ്രസിഡന്റ്
#
ഭവന പദ്ധതി വൻ അഴിമതിയിൽ മുങ്ങി. വിജിലൻസ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നു. അഗതി ആശ്രയ പദ്ധതിയിൽ വീടും സ്ഥലവും നൽകിയ ആളുകളുടെ പ്രമാണങ്ങൾ പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പട്ടിക വർഗ്ഗക്കാരുടെ ഭവന നിർമ്മാണത്തിനായി വകയിരുത്തിയ ഫണ്ട് വകമാറ്റി ചെലവഴിച്ചു. സ്ത്രീ സൗഹൃദ പദ്ധതികളിൽ ഫണ്ട് ചെലവഴിച്ചുവെന്നല്ലാതെ പദ്ധതികൊണ്ട് ആർക്കും ഒരു ഗുണവും ലഭിച്ചില്ല. തുടർച്ചയായി ലഭിച്ച ഭരണം കൊണ്ട് അധികാര ദുർവിനിയോഗമാണ് നടത്തിയത്. ജനങ്ങളെ പാടെ അവഗണിച്ച ഭരണമാണ് യു.ഡി.എഫിന്റേത്.
പി.സി.ഹരിദാസൻ
സി.പി.എം മുൻ പഞ്ചായത്ത്
മെമ്പർ