s
അതുൽ കൃഷ്ണ പ്ലക്കാർഡുമായ് കളക്ട്രേറ്റിന് മുന്നിൽ

കൽപ്പറ്റ: കൈയ്യിൽ പ്ലക്കാർഡുമായ് അതുൽ കൃഷ്ണയെന്ന മൂന്നാം ക്ലാസ്സുകാരൻ ഇന്നലെ രാവിലെ അച്ഛൻ അനിൽ കുമാറിനോടൊപ്പം കളക്ട്രേറ്റിന് മുന്നിലെത്തി. കഴിഞ്ഞ ഒൻപത് മാസമായ് താനുൾപ്പെടുയുള്ള എണ്ണൂറോളം വരുന്ന വയനാട്ടിലെ അരിവാൾ രോഗികൾക്ക് പെൻഷൻ തരാത്ത അധികാരികൾക്കെതിരെ പ്രതിഷേധവുമായി എത്തിയതായിരുന്നു അവർ. നിത്യരോഗിയായ 9 വയസ്സ്കാരൻ വെയിലേറ്റ് വാടിനിൽക്കുന്നത് കണ്ട് അലിവ് തോന്നിയവർ കൊടുത്ത കസേരയിൽ അവനിരുന്നു. രോഗം മൂർച്ഛിച്ച് വേദനകൊണ്ട് പുളയുമ്പോഴും ഓടി വന്നെടുത്ത് ആശ്വസിപ്പിക്കാൻ അവന് അമ്മയില്ല. അമ്മയെ കണ്ട ഓർമ്മ പോലുമില്ല. അതുലിന് രണ്ടര വയസ്സ് പ്രായമുള്ളപ്പോഴാണ് ഇതേ രോഗം, അമ്മ നിഷയെ അവനിൽ നിന്ന് തട്ടിയെടുത്തത്.

ശരീരത്തിലെ അരുണരക്താണുക്കളെ അരിവാളുകളെപ്പോലെ വളച്ചൊടിയ്ക്കുന്ന ഈ ഗുരുതര രോഗം ശരീരത്തിന്റെ വിവിധയിടങ്ങളിലേയ്ക്ക് രക്തം ഒഴുകിയെത്തുന്നതിനെ തടയുന്നു. രക്തം ലഭിക്കാതാവുന്നതോടെ അസഹ്യമായ വേദന തുടങ്ങുകയും ക്രമേണ അവയവങ്ങൾ പൂർണ്ണമായി തകരാറിലാവുകയും ചെയ്യും. വർഷങ്ങൾ നീളുന്ന വേദന അനുഭവിക്കേണ്ടി വരുന്നവർ തങ്ങൾക്ക് കിട്ടിയിരുന്ന 2000 രൂപയുടെ പെൻഷനുവേണ്ടി പാതയോരത്ത് സമരം ചെയ്യേണ്ട സ്ഥിതിയാണ്.

കല്ലുവയൽ ശ്രീനാരായണ എൽ.പി. സ്കൂൾ വിദ്യാർത്ഥിയായ അതുൽ കൃഷ്ണയുടേത് പോലെ ദുരിത പൂർണ്ണമായ ജീവിതം തള്ളി നീക്കുന്ന നൂറ് കണക്കിനാളുകളുണ്ട്.