local-body-election

കണിയാമ്പറ്റ : കഴിഞ്ഞ അമ്പത് വർഷമായി യു.ഡി.എഫ് ഭരിക്കുന്ന കണിയാമ്പറ്റ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള വാശിയിലാണ് എൽ.ഡി.എഫ്. തുടർച്ചയായ ഭരണത്തിൽ മനം മടുത്ത ജനങ്ങൾ എൽ.ഡി.എഫിനെ അധികാരത്തിലേറ്റുമെന്നാണ് ഇടതുമുന്നണി പറയുന്നത്. എന്നാൽ അരനൂറ്റാണ്ട് കാലത്തെ ഭരണനേട്ടത്തിൽ ജനങ്ങൾ വീണ്ടും അധികാരമേൽപ്പിക്കുമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നു.

1962 -ലാണ് കണിയാമ്പറ്റ പഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്തിന്റെ രൂപീകരണത്തിന് ശേഷം രണ്ട് തവണയായി ആകെ 8 വർഷം മത്രമാണ് എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം കിട്ടിയത്. 1986-ൽ തുല്യ ശക്തികളായ വന്നപ്പോൾ നടന്ന നറുക്കെടുപ്പിലും ഡി.ഐ.സി ഇടതുപക്ഷത്തേക്ക് വന്നപ്പോഴും മാത്രമാണ് ഭരണം എൽ.ഡി.എഫിന് ലഭിച്ചത്. രണ്ട് പ്രാവശ്യവും ഭരണകാലം പൂർത്തീകരിക്കാനും കഴിഞ്ഞില്ല.

മുന്നണിയിലെ പടലപ്പിണക്കവും സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയും കാരണം യു.ഡി.എഫിനെ ജനങ്ങൾ കൈവിട്ടിരിക്കുകയാണന്നാണ് എൽ.ഡി.എഫിന്റെ വാദം. തിരഞ്ഞടുപ്പ് അടുക്കുമ്പോൾ എല്ലാവരും ഒറ്റക്കെട്ടാവുമെന്നാണ് ഇതിനുള്ള യു.ഡി.എഫിന്റെ മറുപടി
2015-ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 18 വാർഡിൽ 13 സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരം നിലനിർത്തിയത്. എൽ.ഡി.എഫിന് അഞ്ച് സീറ്റ് മാത്രമെ നേടാനായുള്ളു. ഘടക കക്ഷിയായി ലീഗ് മാത്രമാണ് യു.ഡി.എഫിലുള്ളത്. ഇത്തവണ കോൺഗ്രസ് 8 സീറ്റിലും ലീഗ് 9 സീറ്റിലും ഒരു സീറ്റിൽ യു.ഡി.എഫ് സ്വതന്ത്രനുമാണ് മൽസരിക്കുന്നത്. ഇടതുമുന്നണിയിൽ എൽ.ജെ.ഡി, സി.പി.ഐ കക്ഷികൾക്ക് രണ്ട് വീതവും സി.പി.എം 13 സീറ്റിലും ഒരു സീറ്റിൽ ഇടത് സ്വതന്ത്രനും മൽസരിക്കുന്നു.

അവകാശങ്ങളും ആരോപണങ്ങളും
ഏറ്റവും കുറച്ച് ഭൂവിസ്തൃതിയും കൂടുതൽ ജനസാന്ദ്രതയുമുള്ള ഇവിടെ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് കഴിഞ്ഞ അമ്പത് വർഷമായി യു.ഡി.എഫ് ഭരണം നടത്തിയത്. പഞ്ചായത്തിലെ 90 ശതമാനം റോഡുകളും നിർമ്മാണം പൂർത്തീകരിച്ചു. കായിക വികസനത്തിനായി മിനി സ്റ്റേഡിയങ്ങൾ നിർമ്മിച്ചു. കാർഷിക മേഖലയിലും ആരോഗ്യ മേഖലയിലും നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി.
അനുമതിയില്ലാതെ തണ്ണീർത്തടം നികത്തിയതുൾപ്പെടെ നിരവധി ക്രമക്കേടുകളാണ് ഭരണപക്ഷം അധികാരത്തിന്റെ മറവിൽ നടത്തിയത്. കാർഷിക വിളകൾക്ക് പ്രോൽസാഹന പദ്ധതികൾ നടപ്പിലാക്കിയില്ല. കർഷകർക്ക് നൽകികൊണ്ടിരുന്ന സബ്‌സിഡി നിർത്താലാക്കുകയാണ് ചെയ്തത്. മാലിന്യ പ്രശ്‌നത്തിന് ഒരു പരിഹാരവും കാണാനായില്ല.വികസന മുരടിപ്പാണ് സർവ്വമേഖലകളിലും

എല്ലാ മേഖലകളിലും വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ച യു.ഡി.എഫ് ഇനി പഞ്ചായത്തിൽ സമ്പൂർണ ശുചിത്വപദ്ധതിയാണ് നടപ്പിലാക്കുക. വീടില്ലാത്ത മുഴുവൻ ആളുകൾക്കും വീട് നൽകുന്നതിനായി സമ്പൂർണ ഭവന പദ്ധതി നടപ്പിലാക്കും. കഴിഞ്ഞ ഭരണത്തിന്റെ തുടർച്ചയായുള്ള മുഴുവൻ വികസന പ്രവർത്തനങ്ങളും പൂർണതയിലെത്തിക്കും. പദ്ധതി വിഹിതം പൂർണമായും ചെലവഴിച്ചതിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഉൾപ്പെടെ നിരവധി അവാർഡുകൾ യു.ഡി.എഫ് ഭരണസമിതിയുടെ വികസന നേട്ടങ്ങൾക്കുള്ള അംഗീകാരമായി ലഭിച്ചു.

നജീബ് കരണി

ഡി.സി.സി.ജനറൽ സെക്രട്ടറി, മുൻ പഞ്ചായത്ത് മെമ്പർ)

ഭരണ സമിതിക്ക് താൽപ്പര്യമുള്ള വാർഡുകളിൽ മാത്രമാണ് വികസനം. മാലിന്യ നിർമ്മാർജന പദ്ധതിക്കായി ഫണ്ട് വെക്കുന്നതല്ലാതെ പദ്ധതി നടപ്പിലാക്കിയില്ല. പദ്ധതികൾ നടപ്പിൽ വരുത്താതെ കടലാസുകളിൽ മാത്രം കാണിച്ച് അവാർഡുകൾ സംഘടിപ്പിക്കുന്ന പ്രവർത്തനമാണ് നടത്തിവരുന്നത്. കമ്പളക്കാട് സാംസ്‌ക്കാരിക നിലയം പൊളിച്ചിട്ടിട്ട് പുനർനിർമ്മിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അർഹതപ്പെട്ടവർക്ക് ജോലി നൽകാതെ സ്വന്തക്കാരെയും ബന്ധുക്കളെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സാധാരണക്കാർക്ക് ഗുണകരമായ ഒരു പദ്ധതിയും നടപ്പിലാക്കാൻ ശ്രമിച്ചില്ല.

സ്മിത സുനിൽ

മുൻ എൽ.ഡി.എഫ് മെമ്പർ