മുട്ടിൽ: രാഷ്ട്രീയ മലക്കംമറിച്ചിലിലൂടെ മുന്നണിയും പ്രസിഡന്റുമാരും മാറി മാറി ഭരിച്ച മുട്ടിൽ പഞ്ചായത്തിൽ ഇത്തണ ആരായിരിക്കും മുട്ടുകുത്തുക? യു.ഡി.എഫിന് നേരിയ മേൽകൈയ്യുള്ള പഞ്ചായത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പാർട്ടികൾ മാറി മാറി ഭരണം നടത്തിയ പാരമ്പര്യമാണുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് പ്രസിഡന്റുമാരാണ് മുട്ടിലിന്റെ അദ്ധ്യക്ഷ പദവിയിലിരുന്നത്.
കഴിഞ്ഞ തവണ ആകെയുള്ള 19 വാർഡിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 9 സീറ്റ് വീതമാണ് ലഭിച്ചത്. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച കോൺഗ്രസ് വിമതൻ എ.എം.നജീം നേടി. ആർക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ സ്വതന്ത്രനെ പ്രസിഡന്റാക്കി എൽ.ഡി.എഫ് ഭരണം പിടിച്ചു. രണ്ടര വർഷത്തിന്‌ശേഷം ഇടതുമുന്നണിയുമായി പിണങ്ങി നജീം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് യു.ഡി.എഫിനൊപ്പം ചേർന്നു. ഇതോടെ കോൺഗ്രസിലെ സി.കെ.ബാലകൃഷ്ണൻ പ്രസിഡന്റായി.
നജീം രാജിവെച്ചതിനെ തുടർന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സെക്രട്ടറിക്ക് നൽകിയ രാജിക്കത്തിൽ അംഗത്വം കൂടി രാജിവെച്ചതായി സൂചിപ്പിച്ചിരുന്നുവെന്നുവെന്നായിരുന്നു പരാതി. കമ്മീഷൻ നജീമിനെ അയോഗ്യനാക്കി. ഇതോടെ ആർക്കും ഭൂരിപക്ഷമില്ലാതായി. തുടർന്ന് നറുക്കെടുപ്പിൽ എൽ.ഡി.എഫിന് നറുക്ക് വീഴുകയും ഭരതൻ പ്രസിഡന്റാകുകയും ചെയ്തു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ സി.കെ.ശശീന്ദ്രന് ലീഡ് ലഭിച്ച പ്രദേശമാണിത്. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു ലീഡ്. ഇരു മുന്നണികളും പഞ്ചായത്തിന്റെ ഭരണം തങ്ങൾക്കാകുമെന്ന് അവകാശപ്പെടുമ്പോൾ ഇത്തവണ കരുത്ത് തെളിയിക്കുമെന്ന് എൻ.ഡി.എ പറയുന്നു.
സീറ്റ് ധാരണ
ആകെയുള്ള 19 സീറ്റിൽ സി.പി.എം. 13 സീറ്റും എൽ.ജെ.ഡി,സി.പി.ഐ എന്നിവർക്ക് 2 സീറ്റ് വീതവും ഇടതു സ്വതന്ത്രനും ഐ.എൻ.എല്ലിനും ഓരോ സീറ്റുമാണ്. യു.ഡി.എഫിൽ കോൺഗ്രസ് 11 സീറ്റിലും ലീഗ് 8 സീറ്റിലും മൽസരിക്കുന്നു.
അവകാശവാദങ്ങൾ ആരോപണങ്ങൾ
യു.ഡി.എഫ് ഭരണത്തിലിരുന്ന കാലഘട്ടങ്ങളിലൊന്നും ചെയ്യാൻ കഴിയാത്ത വികസന കാര്യങ്ങളാണ് ഇടതു മുന്നണി ചെയ്തത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വികസനമെത്തിച്ചു. ഒരു ദിവസം 43 കിലോ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സോളാർ ഊർജ നിലയം സ്ഥാപിച്ചു. ഇതുവഴി വൈദ്യുത ബില്ലിനത്തിൽ ഒരു വർഷം 10 ലക്ഷം രൂപ വരെ ലാഭിക്കാനായി. ഊർജ്ജ നിലയത്തിൽ നിന്ന് മറ്റ് സ്ഥാപനങ്ങൾക്ക് വൈദ്യുതി നൽകുന്നതുവഴി ബോർഡിൽ നിന്ന് പണം തിരികെ ലഭിക്കുന്നു.
പ്രൈമറി ഹെൽത്ത് സെന്ററുകൾ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററാക്കി. കാർഷിക രംഗത്തും വിദ്യാഭ്യാസരംഗത്തും നിരവധി വികസന കാര്യങ്ങൾ നടപ്പിലാക്കി.
പുതുതായി ഒരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. തുടങ്ങിയവ ഒന്നും പൂർത്തീകരിച്ചിട്ടില്ല. വയോജനങ്ങൾക്കായി ആരംഭിച്ച ഹെൽത്ത് ക്ലബ്ബ് ഇതുവരെ പൂർണതയിലെത്തിയിട്ടില്ല. പക്ഷപാതപരമായാണ് വാർഡുകളിൽ വികസനം നടത്തുന്നത്.
കുടുംബാരോഗ്യകേന്ദ്രത്തിന് രണ്ട് കോടി രൂപ ചെലവിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു വരുകയാണ്. ഗർഭിണികളായ ഗോത്രവർഗ്ഗ സ്ത്രീകളുടെ ചികിൽസയ്ക്കായി ഗോത്ര മന്ദിരം സ്ഥാപിച്ചു. പനങ്കണ്ടി, കാക്കവയൽ ഹൈസ്‌കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിച്ചു. നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് കുടിവെള്ളപദ്ധതി നടപ്പിലാക്കി. ലൈഫ് ഭവന നിർമ്മാണ പദ്ദതിയിൽപ്പെടുത്തി 505 പേർക്ക് വീട് നിർമ്മിച്ചു നൽകി. സുഭിക്ഷകേരളം പദ്ധതിയിലൂടെ നെൽകൃഷി, പച്ചക്കറി കൃഷി എന്നിവ നടപ്പിലാക്കി. തരിശായി കിടന്ന 75 ഹെക്ർ ഭൂമിയിൽ കൃഷി ഇറക്കി.
പി.ഭരതൻ
മുൻ പഞ്ചായത്ത് പ്രസിഡന്റ്
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണനേട്ടമല്ലാതെ പഞ്ചായത്ത് ഭരിച്ച ഇടത് ഭരണസമിതിക്ക് ഒരു വികസന പ്രവർത്തനങ്ങളും എടുത്തു കാണിക്കാനില്ല. മുൻ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് വെച്ച പലപദ്ധതികളും ഇന്നു വരെ പൂർത്തീകരിച്ചിട്ടില്ല. മാലിന്യ സംസ്‌ക്കരണത്തിനായി ഒന്നും ചെയ്തില്ല. കുടിവെള്ള പദ്ധതി പൂർണതയിലെത്താതെ പാതി വഴിയിലാണ്. വയോജനങ്ങൾക്കായി തുടങ്ങിയ ഹെൽത്ത് ക്ലബ്ബും പ്രവർത്തിക്കുന്നില്ല. സർവ്വമേഖലകളിലും വികസനമുരടിപ്പാണ്.
സി.കെ.ബാലകൃഷ്ണൻ
യു.ഡി.എഫ് മുൻ മെമ്പർ