തരിയോട്: മുന്നണിയിലെ ഘടക കക്ഷികൾ തമ്മിലുള്ള പടലപിണക്കം കാരണം തുടക്കത്തിലേ ഭരണം നഷ്ടപ്പെട്ട യു.ഡി.എഫ് ഇത്തവണ ചരിത്രം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചാണ് സീറ്റ് നിർണയവും സ്ഥാനാർത്ഥി നിർണയവും നടത്തിയത്. മൂന്നര വർഷത്തെ ഭരണത്തിലൂടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച എൽ.ഡി.എഫിന് വീണ്ടും അധികാരത്തിലെത്താനാവുമെന്നാണ് ഇടതു പക്ഷം പ്രതീക്ഷിക്കുന്നത്.
യു.ഡി.എഫിന് നേരിയ ഭൂരിപക്ഷമുള്ള മേഖലയായിരുന്നു തരിയോട്. എന്നാൽ 1995-ന് ശേഷം ഒരു മുന്നണിക്കും തുടർച്ചയായി ഭരണം ലഭിച്ചില്ല. സാധാരണക്കാരായ കർഷകരാണ് തരിയോടിലുള്ളത്. പ്രധാന ടൂറിസം കേന്ദ്രങ്ങളായ കർലാട് ചിറയും ബാണാസുരയും ഇവിടെയാണ്.
രാഷ്ട്രീയ ചരിത്രം
ഭൂവിസ്തൃതിയിൽ അത്ര ചെറുതല്ലാത്ത പഞ്ചായത്താണ് തരിയോട്. 13 വാർഡുകളാണ് പഞ്ചായത്തിൽ. 2015-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോൺഗ്രസ് 4 സീറ്റും ലീഗ് 2 സീറ്റും നേടി. ഇടതുമുന്നണിയിൽ സി.പി.എം 4 സീറ്റും സി.പി.ഐ ഒരു സീറ്റും നേടിയപ്പോൾ 2010-ൽ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 2 സീറ്റ് നേടി.
പ്രസിഡന്റ് സ്ഥാനത്തോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനവും വേണമെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കാൻ ലീഗ് തയ്യാറായില്ല. ഇതോടെ ലീഗും കോൺഗ്രസും തമ്മിൽ പിരിഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗ് എൽ.ഡി.എഫിനൊപ്പം ചേർന്നു. ഭരണത്തിൽ പങ്കാളിയായില്ലെന്ന് മാത്രം. പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് എൽ.ഡി.എഫ് തുടർന്നു.
പിന്നീട് നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതോടെ ലീഗ് യു.ഡി.എഫിന്റെ ഭാഗമാകാൻ തീരുമാനിച്ചു. എൽ.ഡി.എഫ് ഭരണ സമിതിയെ പുറത്താക്കാൻ അവിശ്വാസം കൊണ്ടുവരാൻ നീക്കം നടത്തിയെങ്കിലും അവിശ്വാസത്തിന് ആവശ്യമായ എണ്ണം തികയ്ക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. ഇതോടെ എൽ.ഡി.എഫ് ഭരണത്തിൽ തുടർന്നു.
പിന്നീട് ബി.ജെ.പിയിലെ ഒരു അംഗം അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയതോടെ മൂന്നര വർഷത്തെ എൽ.ഡി.എഫ് ഭരണം അവസാനിച്ചു. തുടർന്ന് കോൺഗ്രസ് അംഗം പ്രസിഡന്റാകുകയും ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുകയും ചെയ്തു.
അവകാശങ്ങൾ ആരോപണങ്ങൾ
ലൈഫ് പദ്ധതിയിൽ വീടുകൾ പൂർത്തീകരിച്ചു. ജലമിഷൻ പദ്ധതിയിലൂടെ 400 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനായി. പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ബസ് സ്റ്റാന്റ് എന്നിവ നവീകരിച്ചു. തോടുകളുടെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി തുക അനുവദിച്ചു. ചുരുങ്ങിയ മാസമാണ് ഭരണത്തിലിരിക്കാൻ കഴിഞ്ഞതെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള ഭരണമായിരുന്നു യു.ഡി.എഫിന്റെതെന്നാണ് അവകാശവാദം.
മൂന്നര വർഷക്കാലം ഇടതു ഭരണ സമിതി നടത്തിയ വികസന പ്രവർത്തനങ്ങളല്ലാതെ ഒരു വികസന പ്രവർത്തനവും യു.ഡി.എഫ് നടത്തിയിട്ടില്ല. ഇടതുപക്ഷം ചെയ്ത പ്രവർത്തനങ്ങൾ കാണിച്ച് തങ്ങളുടെ ഭരണനേട്ടമാണെന്ന് മേനി നടക്കുകയാണ് യു.ഡി.എഫ് എന്ന് ഉടതുപക്ഷം പറയുന്നു.
കഴിഞ്ഞ ഒന്നര വർഷം ജനക്ഷേമകരമായ പ്രവർത്തനങ്ങളാണ്. നടത്തിയത്. 400 കുടുംബങ്ങൾക്ക് ജലമിഷൻ പദ്ധതിയിലൂടെ കണക്‌ഷൻ നൽകാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. പ്രളയത്തെ തുടർന്ന് തോടുകൾ ഗതിമാറി ഒഴുകുന്നതിനാൽ കർഷകരുടെ കൃഷികൾ നശിച്ചുപോയികൊണ്ടിരുന്നു. ഇതിന് പരിഹാരമായി തോടുകൾക്ക് സംരക്ഷണ ഭിത്തികെട്ടുന്നതിന് തുക അനുവദിച്ചു. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കി. പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം നേടിയെടുത്തു. തെരുവ് വിളക്കുകൾ എല്ലായിടത്തും സ്ഥാപിച്ചു.
ഷീജ ആന്റണി
മുൻ പഞ്ചായത്ത് പ്രസിഡന്റ്
വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ മൂന്നര വർഷം എൽ.ഡി.എഫ് നടപ്പിലാക്കിയത്. വികസന പദ്ധതികൾ തുടർന്ന് നടത്താൻ യു.ഡി.എഫ് ഭരണസമിതിക്കായില്ല. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ സുഭിക്ഷം പദ്ധതി നടപ്പിലാക്കാൻ പോലും കഴിഞ്ഞില്ല. ലൈഫ് പദ്ധതിയുടെ കാര്യത്തിലും യു.ഡി.എഫ് പരാജയമായിരുന്നു. കാർഷിക മേഖലയ്ക്ക് പരിഗണന നൽകികൊണ്ടുള്ള പദ്ധതികളാണ് ഇടതു ഭരണ സമിതി നടപ്പിലാക്കിയത്.
പി.എ.ഇബ്രാഹീം
എൽ.ഡി.എഫ്. പഞ്ചായത്ത് അംഗം