കൽപ്പറ്റ: തദ്ദേശ സ്ഥാപന തിരഞ്ഞടുപ്പിൽ മൽസരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ പിന്നാക്ക ഈഴവ വിഭാഗങ്ങളെ തഴഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം. കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി നിർണയത്തിലും പാർട്ടി നേതൃത്വം പിന്നാക്ക ഈഴവ വിഭാഗങ്ങളോട് തുടർന്നു വരുന്ന അവഗണനയുടെ തുടർച്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ ഒഴിവാക്കൽ.
ഈഴവ, പിന്നാക്ക വിഭാഗങ്ങളെ തഴഞ്ഞതിനെതിരെ പാർട്ടിയിലെ ഭൂരിപക്ഷം വരുന്ന ഈഴവ വിഭാഗം ശക്തമായ എതിർപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈഴവ വിഭാഗത്തിന്റെ എതിർപ്പ് ശക്തമായതോടെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ചില കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയതോടെയാണ് ജില്ലാ പഞ്ചായത്തിൽ നാമമാത്രമായ പരിഗണന നൽകിയത്. രണ്ട് വനിതകൾക്കാണ് പ്രതിനിധ്യം നൽകിയത്. ജനറൽ സീറ്റുകളിൽ ഒരു പരിഗണനയും നൽകിയില്ല.
മുപ്പത്തിയാറ് ഡിവിഷനുകളുള്ള മാനന്തവാടിയിൽ 31 സീറ്റിൽ കോൺഗ്രസും അഞ്ച് സീറ്റിൽ ലീഗും മൽസരിക്കുന്നു. എന്നാൽ ഇവിടെ ഈഴവ വിഭഗത്തിൽപ്പെട്ട ആർക്കും സീറ്റ് ലഭിച്ചില്ല ജനസംഖ്യാനുപാധികമായി ഈഴവ വിഭാഗം ഇവിടെ കുടുതലുള്ള പ്രദേശമാണ്.

നഗരസഭ പരിധിയിൽ ഒരു യൂണിയൻ ഓഫീസും നിരവധി ശാഖകളും പ്രവർത്തിക്കുന്നുണ്ട്. എന്നിട്ട്‌പോലും ഈ സമുദായത്തെ കണ്ടില്ലെന്ന് നടിച്ചതായാണ് ആരോപിക്കുന്നത്.
സുൽത്താൻ ബത്തേരി നഗരസഭയിലും യു.ഡി.എഫിൽ കാര്യമായ ഈഴവ പ്രതിനിധ്യം ഇല്ല. അതേസമയം എൽ.ഡി.എഫിൽ ഈഴവ വിഭാഗത്തിനും മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കും എട്ട് പേർക്ക് വീതം അവസരം നൽകിയിട്ടുണ്ട്. സംവരണ സീറ്റിന് പുറമെ ജനറൽ സീറ്റുകളിലും ഈഴവ വിഭാഗത്തിന് പരിഗണന നൽകി.
മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തിൽ 18 സീറ്റിൽ ഒരെണ്ണത്തിൽ ലീഗും 17 ൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. എന്നാൽ ഇവിടെ ഒരു സീറ്റ് പോലും ഈഴവ വിഭാഗത്തിനായി മാറ്റിവച്ചില്ല. ഈഴവ വിഭാഗത്തിന് സ്വാധീനമുള്ള നൂൽപ്പുഴയിലെയും സ്ഥിതി വ്യത്യസ്ഥമല്ല.

ഈഴവ വിഭാഗങ്ങളോട് നേതൃത്വം തുടർന്നുവരുന്ന അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബി.ഡി.ജെ.എസിൽ ചേർന്നു. കോൺഗ്രസ് മീനങ്ങാടി മണ്ഡലം ബ്ലോക്ക് പ്രസിഡന്റ് കെ.എൻ.രമേശൻ നേരത്തെ പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. കോൺഗ്രസ് പിന്നാക്ക വിഭാഗങ്ങളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് വരും ദിനങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടാൻ തയ്യാറെടുക്കുകയാണ്.