കൽപ്പറ്റ: ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് അനസ് റോസ്ന. കന്നിവോട്ടിൽ തന്നെ സ്ഥാനാർത്ഥിയായിരിക്കുകയാണ് അനസ് റോസ്ന സ്റ്റെഫി. പൊഴുതന ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായാണ് അനസ്. ഇരുപത്തിമൂന്നാം വയസിൽ സ്ഥാനാർത്ഥിയായി തന്റെ ആദ്യവോട്ട് സ്വയം രേഖപ്പെടുത്തുകയാണ് പി.ജി. വിദ്യാർത്ഥിനിയായ അനസ് റോസ്ന.
പൊതുപ്രവർത്തകനായ അച്ഛനിൽ നിന്നുള്ള പ്രചോദനവും തിരഞ്ഞെടുപ്പിലുള്ള താൽപര്യവുമാണ് അനസ് റോസ്നയെ സ്ഥാനാർത്ഥിത്വത്തിലേക്ക് നയിച്ചത്.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതി കോച്ചിങ്ങിനുള്ള തയ്യാറെടുപ്പുകളോടൊപ്പം തന്നെ തിരഞ്ഞെടുപ്പിലെ വിജയവും ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അനസ് റോസ്ന. നാട്ടുകാരിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്ന് സ്റ്റെഫി പറയുന്നു.