കൽപ്പറ്റ:കോൺഗ്രസിനോടുള്ള കൂട്ടുവെട്ടി സി.പി.എം ചങ്ങാത്തത്തിലൂടെ ഇടതുമുന്നണിയിൽ ചേക്കേറിയ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം വയനാട്ടിൽ ഹാപ്പിയാണ്. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ അർഹിക്കുന്ന പരിഗണന ലഭിച്ചുവെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ തന്നെ സമ്മതിച്ചു കഴിഞ്ഞു. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരള കോൺഗ്രസ് എമ്മിന് കയ്പേറിയ അനുഭവങ്ങളാണ് ഉണ്ടായത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി നാമമാത്ര സീറ്റുകളാണ് ലഭിച്ചത്. മാത്രമല്ല ബത്തേരി നഗരസഭയിലെ കട്ടയാട് ഡിവിഷനിൽ മത്സരിച്ച ടി.എൽ.സാബു ഒഴികെയുള്ളവർ കരപറ്റിയുമില്ല. ബ്ലോക്ക് ഡിവിഷനുകളിലേക്കും ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും രണ്ടില ചിഹ്നത്തിൽ മത്സരിച്ചവരെയെല്ലാം കോൺഗ്രസുകാർ കാലുവാരിയെന്നമാണ് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ബത്തേരി നഗരസഭയിൽ അധികാരത്തിലേറാൻ ഇടതുമുന്നണിയെ സഹായിച്ചാണ് കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയതിനു പ്രതികാരം ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫുമായി അകന്നുനിന്ന കേരള കോൺഗ്രസ് (എം) വയനാട് ഘടകത്തിന് ജോസ് കെ. മാണിയുടെ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്.
ജില്ലാ പഞ്ചായത്തിലെ മുള്ളൻകൊല്ലി ഡിവിഷനും ( സ്ഥാനാർത്ഥി:ഗോൾഡ തോമസ് ),മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തേറ്റമല (സി.പി. ലൂക്കോസ്),പനമരം ബ്ലോക്ക് പഞ്ചായത്തിലെ നടവയൽ (കെ.പി. ഷീജ), ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ കോളിയാടി (ബില്ലി ഗ്രഹാം) ഡിവിഷനുകളും കേരള കേൺഗ്രസ് (എം) സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മാനന്തവാടി നഗരസഭയിലെ പരിയാരംകുന്ന് (ഷൈനി ജോർജ്),ബത്തേരി നഗരസഭയിലെ മന്തണ്ടിക്കുന്ന് (ടോം ജോസ്),ചേരൂർക്കുന്ന് (ലിസി ലോപ്പസ്) ഡിവിഷനുകളും കേരള കോൺഗ്രസ് ( എം) ന് അനുവദിച്ചിട്ടുണ്ട്. 16 ഗ്രാമപഞ്ചായത്തകളിലായി 19 വാർഡുകളും നൽകി. മുള്ളൻകൊല്ലി പഞ്ചായത്തിൽ നാല് വാർഡുകളാണ് അനുവദിച്ചത്.