land

മാനന്തവാടി: തിരഞ്ഞെുപ്പിനെ മറയാക്കി മാനന്തവാടി ചുട്ടക്കടവിൽ അനധികൃത മണ്ണെടുപ്പ്.
സ്വകാര്യ വ്യക്തിയുടെ നാലേക്കർ സ്ഥലമാണ് റിയൽ എസ്റ്റേറ്റ് മാഫിയ വിലക്കെടുത്ത് മുറിച്ചു വിൽക്കൽ ആരംഭിച്ചിരിക്കുന്നത്. മാനന്തവാടി ചുട്ടക്കടവിൽ കഴിഞ്ഞ ഒരാഴ്ചയായി ജെസിബിയും ടിപ്പറും ഉപയോഗിച്ച് വലിയ കുന്ന് ഇടിച്ച് നിരത്തുകയാണ്. മാനന്തവാടി താലൂക്ക് ഓഫീസിന് മുമ്പിൽ മലയിടിക്കൽ നടന്നിട്ടും അധികൃതർ കണ്ടിട്ട് പോലുമില്ല. യാതൊരു അനുമതിയുമില്ലാതെയാണ് മലയിടിക്കൽ തുടരുന്നത്. മഴ പെയ്താൽ ഇടിച്ച് നിരത്തിയ മണ്ണ് സമീപത്തെ വയലിൽ ഒലിച്ചിറങ്ങുമെന്ന് ഉറപ്പാണ്. കഴിഞ്ഞ പ്രകൃതി ക്ഷോഭത്തിൽ വീട് തകർന്ന എടവക പഞ്ചായത്തിലെ ചാമാടിപ്പൊയിലിലെ നാലു കുടുംബത്തിന് വീടുവയ്ക്കാൻ സ്ഥലം അനുവദിച്ചത് മണ്ണെടുപ്പ് നടത്തിയ സ്ഥലത്തിന്റെ അടിത്തട്ടിലാണ്. അധികൃതരുടെ ഒത്താശയോടെയാണ് വലിയ കുന്ന് ഇടിച്ചു നിരത്തുന്നതെന്നാണ് ആരോപണം. പരാതിയെ തുടർന്ന് വില്ലേജ് അധികൃതർ താത്ക്കാലിക സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. എന്നാൽ അധികൃതരുടെ മൗനാനുവാദത്തോടെ കഴിഞ്ഞ ഒരാഴ്ച കൊണ്ട് 150 മീറ്റർ ഉയരത്തിലുള്ള കുന്നിന്റെ മുകളിൽ 20 മിറ്ററോളം താഴ്ചയിൽ മണ്ണിടിച്ച് നിരത്തിയതായാണ് ആക്ഷേപം.