suresh-thaloor
സുരേഷ് താളൂർ-സി.പി.എം-(ജില്ലാ പഞ്ചായത്ത് അമ്പലവയൽ ഡിവിഷൻ)

സുൽത്താൻ ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പിന് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികളായി സംസ്ഥാന - ജില്ലാ നേതൃതലത്തിലുള്ള 28 പേർ രംഗത്ത്.

കൂടുതൽ പേർ കോൺഗ്രസിൽ നിന്നാണ്. കെ.പി.സി.സി സെക്രട്ടറിയടക്കം അഞ്ചു പേരുണ്ട് സംസ്ഥാനതലത്തിലുള്ളവർ. ഡി.സി.സി ജനറൽ സെക്രട്ടറി ഉൾപ്പെടെ പതിനാറ് പേർ ജില്ലാ തലത്തിലുള്ളവരും. ഇടതുപക്ഷത്ത് സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഏഴു നേതാക്കൾ മത്സരിക്കുന്നുണ്ട്.
കെ.പി.സി.സി ഭാരവാഹികളായ അഞ്ചു പേരിൽ മൂന്ന് പേർ നഗരസഭയിലേക്കും രണ്ട് പേർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് ജനവിധി തേടുന്നത്. ഡി.സി.സി ഭാരവാഹികളായ 16 പേരിൽ അറ് പേർ വീതം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഗ്രാമപഞ്ചായത്ത് വാർഡുകളിലും ഒരാൾ ജില്ല പഞ്ചായത്തിലേക്കും മുന്ന് പേർ നഗരസഭയിലേക്കും മത്സരിക്കുന്നു.

സി.പി.എം ജില്ലാ കമ്മറ്റി അംഗങ്ങളായ ഏഴു പേരിൽ മൂന്ന് പേർ ഗ്രാമ പഞ്ചായത്തിലേക്കാണ്. ഒരണ്ടു പേർ നഗരസഭയിലേക്ക് രണ്ടു പേരുണ്ട്. ബ്ലോക്ക് - ജില്ലാ പഞ്ചായത്തിലേക്ക് ഓരോരുത്തരും.
സി.പി.എം ജില്ലാ കമ്മറ്റി അംഗമായ സുരേഷ് താളൂർ മൽസരിക്കുന്നത് ജില്ലാ പഞ്ചായത്ത് അമ്പലവയൽ ഡിവിഷനിൽ നിന്നാണ്. ഇവിടെ കോൺഗ്രസിന്റെ കെ.പി.സി.സി അംഗം കെ.കെ.വിശ്വനാഥനാണ് പ്രധാന എതിരാളി.
സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളിൽ പി.വാസുദേവൻ ഇത്തവണ മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി വർഡിലാണ് മത്സരിക്കുന്നത്. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന രുഗ്മിണി സുബ്രഹ്മണ്യൻ ഇവിടെ വീണ്ടും ജനവിധി തേടുന്നു. എം.സെയ്ത് പൊഴുതന മൂന്നാം വാർഡിലാണ് മത്സരിക്കുന്നത്.
വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.ഉഷാകുമാരി ഇത്തവണ കൽപ്പറ്റ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയാണ്.

ബത്തേരി നഗരസഭയുടെ പ്രഥമ ചെയർമാൻ സി.കെ.സഹദേവൻ മന്തൻകൊല്ലി ഡിവിഷനിൽ നിന്നാണ് ജനവിധി തേടുന്നത്. സഹദേവന്റെ നേതൃത്വത്തിലാണ് നഗരസഭയിൽ ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കെ.എം. വർക്കി മാസ്റ്റർ ഇത്തവണ മാനന്തവാടി നഗരസഭയിൽ സ്ഥാനാർത്ഥിയാണ്.

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗവും സി.പി.എം മാനന്തവാടി ഏരിയാ കമ്മറ്റി അംഗവുമായ വി.കെ.സുലോചന മാനന്തവാടി മുനിസിപ്പാലിറ്റിയിൽ അഞ്ചാം ഡിവിഷനിൽ നിന്നാണ് ജനവിധി തേടുന്നത്. കെ.ഷമീർ ഇത്തവണയും അമ്പലയൽ പഞ്ചായത്തിൽ നിന്നാണ് മൽസരിക്കുന്നത്.
കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് കോൺഗ്രസ് നിരയിലെ പ്രമുഖൻ. സുൽത്താൻ ബത്തേരി നഗരസഭയിൽ ഇത്തവണ ചെയർമാൻ സ്ഥാനം എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തതോടെ ചെയർമാൻ സ്ഥാനാർത്ഥിയായി പാർട്ടി കാണുന്നത് ഇദ്ദേഹത്തെയാണ്. പഴേരി ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. സി.പി.എമ്മിന്റെ രാധാകൃഷ്ണൻ വെള്ളക്കെട്ടാണ് എതിർ സ്ഥാനാർത്ഥി.

കെ.പി.സി.സി അംഗമായ കെ.എൽ.പൗലോസ് ജില്ലാ പഞ്ചായത്ത് പൊഴുതന ഡിവിഷനിലാണ് ജനവിധി തേടുന്നത്. ഡി.സി.സി.സി പ്രസിഡന്റായിരുന്ന ഇദ്ദേഹം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളിൽ നേരത്തെ പ്രവർത്തിച്ചിരുന്നു.
കെ.പി.സി.സി അംഗങ്ങളായ പി.പി.ആലിയും ടി.ജെ.ഐസക്കും കൽപ്പറ്റ നഗരസഭയിലേക്കാണ് മത്സരിക്കുന്നത്. ഇരുവരും മുൻ കൗൺസിലർമാരാണ്. ആലി നഗരസഭ ചെയർമാനായും സേവനമനുഷ്ഠിച്ചിരുന്നു.
ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ എം.ജി.ബിജു തവിഞ്ഞാൽ പഞ്ചായത്തിൽ നിന്നും നജീബ് കരണി കണിയാമ്പറ്റ പഞ്ചായത്തിൽ നിന്നും ജനവിധി തേടുന്നു. മാനന്തവാടി മുനിസിപ്പൽ മുൻ ചെയർമാൻ വി.ആർ.പ്രവീജും മത്സര രംഗത്തുണ്ട്.

മറ്റു പ്രധാന സ്ഥാനാർത്ഥികൾ എൻ.സി.കൃഷ്ണകുമാർ അമ്പലവയൽ പഞ്ചായത്ത്, എച്ച്.ജി.പ്രദീപ് മസ്റ്റർ, കമ്മന മോഹനൻ-എടവക പഞ്ചായത്ത്, കെ.ഇ.വിനയൻ- മീനങ്ങാടി ഗ്രാമ പഞ്ചായത്ത്, . പി.കെ.അബ്ദുൾ റഹ്മാൻ- കൽപ്പറ്റബ്ലോക്ക് , പി.എം.സുധാകരൻ-പനമരം ബ്ലോക്ക്, എടക്കൽ മോഹനൻ-ബത്തേരി ബ്ലോക്ക് കോളിയാടി, ശോഭനകുമാരി- കൽപ്പറ്റ ബ്ലോക്ക് വെങ്ങപ്പള്ളി, ഉലഹന്നാൻ നീറംതാനം- പനമരം ബ്ലോക്ക് ഇരുളം, പി.ഡി.സജി-പനമരം ബ്ലോക്ക് മുള്ളൻകൊല്ലി. പി.വി.ജോർജ്, സിൽവി തോമസ് - മാനന്തവാടി നഗരസഭ, സി.ജയപ്രസാദ് -കൽപ്പറ്റ നഗരസഭ. ശ്രീകാന്ത് പട്ടയൻ- ജില്ലാ പഞ്ചായത്ത് എടവക ഡിവിഷൻ.