കൽപ്പറ്റ: ''ഉമ്മൻചാണ്ടി സാറ് മുതൽ പല സംസ്ഥാന നേതാക്കളും വിളിച്ചു. എല്ലാവരും ആവശ്യപ്പെട്ടത് മത്സരത്തിൽ നിന്ന് പിന്മാറണമെന്നാണ്. എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നു പറഞ്ഞിട്ടുണ്ട്. ഇന്നലെ കാലത്ത് മുതൽ നേതാക്കൾ വിളിയോട് വിളി. രമേശ് ചെന്നിത്തലയും വിളിച്ചു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, മത്സരത്തിൽ നിന്ന് പിന്മാറി''. ജില്ലാ പഞ്ചായത്ത് മുട്ടിൽ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നാമനിർദ്ദേശ പ്രതിക നൽകിയ മുൻ ഡി.സി.സി ജനറൽ സെക്രട്ടറി ഗോകുൽദാസ് കോട്ടയിൽ വ്യക്തമാക്കി.

ഇവിടെ യൂത്ത് കോൺഗ്രസ് നേതാവ് സംഷാദ് മരക്കാറിനെതിരെയാണ് ഗോകുൽദാസ് മത്സരിക്കാനിറങ്ങിയത്. ഇതിനകം ഒന്നാം വട്ട പര്യടനവും പൂർത്തിയാക്കിയിരുന്നു. എന്ത് പ്രലോഭനം ഉണ്ടായാലും മത്സരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്നായിരുന്നു ഗോകുൽദാസിന്റെ കഴിഞ്ഞദിവസത്തെ പ്രതികരണം.

യു.ഡി.എഫിന്റെ ഉറച്ച സീറ്റായി കരുതുന്ന മുട്ടിൽ ഡിവിഷന് വേണ്ടി കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം ശ്രമിച്ചിരുന്നു. എന്നാൽ നറുക്ക് വീണത് യൂത്ത് കോൺഗ്രസ് നേതാവ് സംഷാദ് മരക്കാർക്കായിരുന്നു. പലർക്കും ഇതിനിടയിൽ സീറ്റ് ലഭിക്കാതെയും പോയി.

തനിക്ക് മുട്ടിൽ ഡിവിഷൻ നേതൃത്വം ഉറപ്പ് പറഞ്ഞെന്നാണ് ഗോകുൽദാസ് പറയുന്നത്. എന്നാൽ അവസാന നിമിഷം തന്റെ പേര് വെട്ടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാമനിർദ്ദേശ പ്രതിക നൽകിയത്. ഇന്നലെയായിരുന്നു നാമ നിർദ്ദേശ പത്രിക പിൻവലിക്കേണ്ടിയിരുന്നത്.