കോട്ടത്തറ: യാതൊരു മുന്നറിയിപ്പുമില്ലാതെ കുറുമ്പാലക്കോട്ടയിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് പ്രദേശത്ത് ചേർന്ന ജനകീയ ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾക്കു പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവിടെ ടൂറിസ്റ്റുകളെത്തുന്നുണ്ട്.
ജില്ലാ കളക്ടറുടെ നിരോധന ഉത്തരവറിയാതെ ഇവിടെ എത്തിയ നിരവധി പേർക്കെതിരെ കമ്പളക്കാട് പൊലീസ് കേസ്സെടുത്തതായി ആക്ഷൻ കമ്മിറ്റി പറഞ്ഞു. കുറുമ്പാലകോട്ട ടൂറിസത്തെ തകർക്കാനുള്ള ചില തൽപരകക്ഷികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിരോധനമെന്ന് സംശയിക്കുന്നതായും, ആവശ്യമായ പൊലീസ് നിരീക്ഷണമടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കുറുമ്പാലക്കാട്ട ടൂറിസത്തെ സംരക്ഷിക്കന്നതിന് പകരം വിലക്കേർപെടുത്തിയത് ശരിയല്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
പ്രദേശത്തെ നിരവധിപേരുടെ ഉപജീവനമാർഗ്ഗം കൂടിയാണ് വിലക്കിലൂടെ ഇല്ലാതായത്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പുനപരിശോധിച്ച് കുറുമ്പാലക്കോട്ടയിലെ ടൂറിസം വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിനറങ്ങുകയാണ് നാട്ടുകാർ. ഇതിനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യോഗത്തിൽ കെ.പി.പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.പാപ്പച്ചൻ (ചെയർമാൻ), ഷാജു വി.എം (ജനറൽ കൺവീനർ), ജിൽജോ നെടുമല (സെക്രട്ടറി), പി.തങ്കച്ചൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.