അമ്പലവയൽ: ഇടതു രാഷ്ട്രീയത്തിലെ പ്രമുഖനും സി.പി.എം ജില്ലാ കമ്മറ്റി അംഗവുമായ സുരേഷ് താളൂരും ജില്ലയിലെ കോൺഗ്രസിന്റെ അതികായകന്മാരിലൊരാളും കെ.പി.സി.സി മെമ്പറുമായ കെ.കെ.വിശ്വനാഥനും തമ്മിലാണ് ജില്ലാ പഞ്ചായത്ത് അമ്പലവയൽ ഡിവിഷനിലെ പ്രധാന മൽസരം.
കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുകയാണ് സുരേഷ് താളൂരിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ കാര്യമായ ചലനം സൃഷ്ടിക്കാൻ എൻ.ഡി.എക്ക് കഴിഞ്ഞില്ലങ്കിലും ഇത്തവണ മാറ്റം വരുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പിയുടെ കെ.വേണു.
ഇരുമുന്നണിക്കും തുടർച്ചയായി വിജയം ഈ ഡിവിഷനിൽ കിട്ടിയിട്ടില്ല. ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടവും ജില്ലാ പഞ്ചായത്തിന്റെ വികസന മുരടിപ്പും ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷം വോട്ടർമാരെ സമീപിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഭരണനേട്ടവും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളും എടുത്തുകാട്ടുകയാണ് യു.ഡി.എഫ്. മോദി സർക്കാർ കർഷകർക്ക് നൽകിയ സാമ്പത്തിക സഹായം എൻ.ഡി.എ ചൂണ്ടിക്കാട്ടുന്നു.
ചരിത്രം
നെന്മേനി പഞ്ചായത്തിലെ അഞ്ച് വാർഡുകളും അമ്പലവയൽ പഞ്ചായത്തിലെ പതിമൂന്ന് വാർഡുകളും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ചേർന്നതാണ് അമ്പലവയൽ ഡിവിഷൻ.
2015-ൽ സി.പി.എമ്മിലെ എൻ.പി കുഞ്ഞുമോളാണ് ഇവിടെ നിന്ന് വിജയിച്ചത്. കോൺഗ്രസിലെ മേരി തോമസിനെയാണ് 850 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയത്. 9437 വോട്ടാണ് കുഞ്ഞുമോൾക്ക് ലഭിച്ചത് എതിർ സ്ഥാനാർത്ഥിക്ക് 8587 വോട്ടും. ബി.ജെ.പിയുടെ സാവിത്രിക്ക് 2869 വോട്ടു ലഭിച്ചു.
അമ്പലവയൽ പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചപ്പോൾ നെന്മേനി പഞ്ചായത്തിൽ എൽ.ഡി.എഫ് ആയിരുന്നു. മൂന്ന് ബ്ലോക്ക് ഡിവിഷനുകളിൽ അമ്പലവയലും, അമ്പുകുത്തിയും ഇടതുപക്ഷം പിടിച്ചെടുത്തപ്പോൾ കുമ്പളേരി യു.ഡി.എഫ് നേടി.
2015-ലാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ പുനർവിന്യസിച്ചത്. അതിന് മുമ്പ് ഡിവിഷനിൽ യു.ഡി.എഫിനായിരുന്നു വിജയം.
കാർഷിക മേഖലക്ക് മുന്തിയ പരിഗണന
കാർഷിക മേഖലക്ക് പ്രാധാന്യം നൽകികൊണ്ടുള്ള പദ്ധതികളാണ് ഇടതുമുന്നണി നടപ്പിലാക്കുക. കഴിഞ്ഞ അഞ്ച് വർഷം ജില്ലാ പഞ്ചായത്തിൽ അധികാരത്തിൽ ഇരുന്ന യു.ഡി.എഫ് കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്തില്ല. വയനാടിന്റെ പുരോഗതിക്കായി സംസ്ഥാന സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളൊന്നും നടപ്പിലാക്കാതെ പാഴാക്കുകയാണുണ്ടായത്.
#
ക്വാറി തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് മുന്തിയ പരിഗണന
കാർഷിക മേഖലയാണെങ്കിലും കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ട് നിരവധി തൊഴിലാളികളാണ് ഇവിടെയുള്ളത്. ക്വാറികളെല്ലാം അടച്ചുപൂട്ടിയതോടെ തൊഴിലാളികൾ പട്ടിണിയിലായി. ഇവരുടെ ജീവൽ പ്രശ്‌നങ്ങൾക്ക് പ്രഥമ പരിഗണനയാണ് യു.ഡി.എഫ് നൽകുക. കഴിഞ്ഞ ഭരണ സമിതി നടപ്പിലാക്കിയ വകസനപ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കും.
#
കാർഷകരെ സഹായിച്ചത് കേന്ദ്രസർക്കാർ
ഇരുമുന്നണികളും കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല. കേന്ദ്ര സർക്കാരാണ് കർഷകരെ സഹായിക്കുന്ന പദ്ധതികൾ നടപ്പിലാക്കിയത്. കർഷകരെ സഹായിക്കുന്നതിനായി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ഇട്ടു നൽകിയാണ് സഹായഹസ്തം നീട്ടിയത്. സൗജന്യ റേഷൻ ഉൾപ്പെടെയുള്ളവ നൽകുകയും ചെയ്തു. കേന്ദ്ര ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ പറ്റികൊണ്ട് ഇരുമുന്നണികളും ജനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്.
#
സ്ഥാനാർത്ഥി
സുരേഷ് താളൂർ: അമ്പലവയൽ ഡിവിഷൻ ഉൾപ്പെടുന്ന താളൂരിൽ താമസം. സി.പി.എമ്മിന്റെ ജനകീയനായ നേതാവ്. പാർട്ടി ജില്ലാ കമ്മറ്റി അംഗം. ഗ്രാമ പഞ്ചായത്ത് മെമ്പർ, പ്രസിഡന്റ്,ബത്തേരി ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് ,സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യം.
കെ.കെ.വിശ്വനാഥൻ: രാഷ്ട്രീയത്തിൽ വർഷങ്ങളുടെ പാരമ്പര്യം. പൂതാടി സ്വദേശി. ഡി.സി.സി ഭാരവാഹി, ഇപ്പോൾ കെ.പി.സി.സി മെമ്പർ, പൂതാടി സഹകരണ ബാങ്ക് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത്, മെമ്പർ,പ്രസിഡന്റ് എന്നി സ്ഥാനങ്ങൾ വഹിച്ചു. 45 വർഷമായി പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നു.
കെ.വേണു: അമ്പലവയൽ സ്വദേശി.ബി.ജെ.പി.ജില്ലാ കമ്മറ്റി അംഗം. പാരമ്പര്യമായി ബി.ജെ.പി കുടുംബം. പൊതുപ്രവർത്തന രംഗത്ത് സജീവസാന്നിദ്ധ്യം. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വാർഡിൽ നിന്ന് ഇതിന് മുമ്പ് മൽസരിക്കുകയുണ്ടായി.