manpathram
കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കൊയിലേരിയിലെ അനശ്വര മൺപാത്ര യൂണിറ്റ്

കൊയിലേരി: ആവശ്യത്തിന് കളിമണ്ണ് കിട്ടാതായതോടെ കുമ്പാരക്കുടികളിലെ ജീവിതം ദുരിതത്തിലായി. കൊവിഡ് കൂടിയായപ്പോൾ അറിയുന്ന തൊഴിൽ ചെയ്ത് ജീവിക്കാൻ മാർഗ്ഗമില്ലാതായി.

കൊയിലേരിയിലെ അനശ്വര മൺപാത്ര നിർമ്മാണ യൂണിറ്റ് പ്രതിസന്ധി മറികടക്കാൻ ബുദ്ധിമുട്ടുകയാണ്. കുടുംബശ്രീയിലെ അഞ്ച് പേർ ചേർന്ന് നടത്തുന്നതാണ് ഇൗ യൂണിറ്റ്. ഇവരെ ആശ്രയിച്ച് കഴിയുന്നത് അതിലേറെ കുടുംബങ്ങളും. ബാങ്ക് വായ്പയെടുത്താണ് യൂണിറ്റ് തുടങ്ങിയത്. ലോൺ തിരിച്ചടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇപ്പോൾ.

ആവശ്യത്തിന് മണ്ണ് ലഭ്യമല്ലെന്നതാണ് ഇവരെ അലട്ടുന്ന മുഖ്യ പ്രശ്നം. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നിന്ന് മണ്ണെടുക്കാൻ സമ്മതിക്കാതെ വന്നപ്പോഴാണ് ജീവിതം പ്രതിസന്ധിയിലായത്. കൽപ്പറ്റ മണിയങ്കോട് നിന്നായിരുന്നു മണ്ണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആരും മണ്ണെടുക്കാൻ സമ്മതിക്കുന്നില്ല. കാരാപ്പുഴയിൽ മണ്ണുണ്ട്. പക്ഷെ അവിടേക്ക് ചെല്ലാൻ വഴിയില്ല. അതുകൊണ്ട് മണ്ണെടുക്കാനും നിർവാഹമില്ല.

ഒരു ട്രാക്ടറിൽ മണ്ണ് കൊയിലേരിയിലെ യൂണിറ്റിൽ എത്തിക്കുമ്പോൾ പതിനയ്യായിരം രൂപ ചെലവ് വരും. ഇൗ മണ്ണ് കൊണ്ട് പാത്രം ഉണ്ടാക്കി വിറ്റാലും മുടക്കിയ കാശ് ലഭിക്കില്ല. ആവശ്യത്തിന് വിറകും ലഭ്യമല്ലാതായി. വിറകിനും വലിയ വില നൽകണം.

മൺപാത്ര നിർമ്മാണത്തിൽ സഹായിക്കാൻ വരുന്നവർക്കും കൂലി കൊടുക്കണം. മണ്ണ് കൊണ്ടുവരാൻ ഒരു വാഹനം ലഭിച്ചാൽ കുറെ പണം ലാഭിക്കാനാവും. ട്രാക്ടറിന് അമിത വാടക നൽകിയാണ് മണ്ണ് കൊണ്ട് വരുന്നത്.

മൺപാത്രങ്ങൾ തലയിലേറ്റിക്കൊണ്ട് പോയാണ് പണ്ടൊക്കെ വിൽപ്പന നടത്തിയിരുന്നതെന്ന് കുമ്പാരക്കുടിയിലെ തലമുതിർന്ന അംഗം ചാമിക്കുട്ടിയുടെ ഭാര്യ പൊന്നി പറഞ്ഞു. ഇന്നതിന് പറ്റാതായി. ഒരു വാഹനം ഇല്ലാതെ അതൊന്നും നടക്കില്ല. ആവശ്യക്കാർ ഇവിടെ വന്ന് വാങ്ങുകയാണ് ചെയ്യാറ്. എന്നാൽ അത് വല്ലപ്പോഴും മാത്രം. രാജശ്രീയാണ് അനശ്വര കുടുംബശ്രീ യൂണിറ്റിന്റെ പ്രസിഡന്റ്. സെക്രട്ടറി രജനി.