sakariyas
ടി.ജെ സക്കറിയാസ്

അംഗമല്ലാത്ത എന്നെ
പുറത്താക്കിയോ?

കൽപ്പറ്റ: കോൺഗ്രസ് പാർട്ടി അംഗമല്ലാത്ത തന്നെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായുള്ള ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ മുൻ പൊലീസ് ഉദ്യോഗസ്ഥനും കൽപ്പറ്റ നഗരസഭ 25 ാം ഡിവിഷൻ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ടി.ജെ.സക്കറിയാസ്.

തനിക്ക് ആരാണ് കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകിയതെന്നും കോൺഗ്രസ്‌ മെമ്പർ അല്ലാത്ത തന്നെ എങ്ങനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതെന്നും ഡി.സി.സി നേതൃത്വം വ്യക്തമാക്കണമെന്നും സക്കറിയാസ് ആവശ്യപ്പെട്ടു.

1974 ൽ കെ.എസ്.യു അംഗമായിരുന്ന സക്കറിയാസ് പിന്നീട് കുറച്ചു കാലം യൂത്ത് കോൺഗ്രസിലുണ്ടായിരുന്നു. എന്നാൽ 1987 ൽ പൊലീസിൽ സേവനമാരംഭിച്ചതോടെ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.

പൊലിസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. നിലവിൽ കോൺഗ്രസ് പോഷക സംഘടനയായ സ്‌റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സ്ഥാനം മാത്രമാണ് ഉള്ളത്.

രണ്ട് വർഷം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ചിട്ടും ഇതുവരെ കോൺഗ്രസ് അംഗത്വം നൽകാത്തവർ ഇപ്പോൾ തന്നെ പുറത്താക്കിയെന്ന വിചിത്ര വാദം ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ചുരുങ്ങിയത് ആരൊക്കെ കോൺഗ്രസിൽ അംഗങ്ങളാണെന്ന ധാരണയെങ്കിലും അദ്ധ്യക്ഷ പദവിയിൽ ഇരിക്കുന്നവർക്ക് ഉണ്ടായിരിക്കണമെന്നും സഖറിയാസ് പറയുന്നു.