മാനന്തവാടി: ട്രൈബൽ പ്രമോട്ടർ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടിക്കുളം ബേഗൂർ കോളനിയിലെ ട്രൈബൽ പ്രമോട്ടർ സിന്ധുവാണ് കാട്ടാനയുടെ അതിക്രമത്തിനിരയായത്.
ഇന്നലെ രാവിലെ 10 മണിയോടെ ബേഗൂർ ചേമ്പുംകൊല്ലിക്ക് സമീപം വെച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിന്ധുവിനെ റോഡരികിലുണ്ടായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. സിന്ധുവിന്റെ മുമ്പിലായുണ്ടായിരുന്ന കാർ യാത്രക്കാരായ രണ്ട് പേർ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ കാട്ടാന വിറളി പൂണ്ട് ഓടിയടുക്കുകയായിരുന്നു. കാർ യാത്രക്കാർ ഉടനെ കാറെടുത്ത് രക്ഷപ്പെട്ടെങ്കിലും ആന സിന്ധുവിന്റെ നേരെ തിരിഞ്ഞ് സ്‌കൂട്ടർ കുത്തിമറിക്കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞു.
ഒരു ഭാഗത്തേക്ക് മറിഞ്ഞു വീണ സിന്ധു നിസ്സാര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സിന്ധു.