s

ഇടവേളയ്ക്ക് ശേഷം ജ്യൂസ് കടകളിൽ തിരക്ക്

ആലപ്പുഴ : ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് തെരുവുകളിൽ തിരക്ക് ഏറിയതോടെ ശീതളപാനീയ കടക്കാർക്കും ആശ്വാസമായി. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് തീർത്തും പ്രതിസന്ധിയിലായിരുന്നു ശീതളപാനീയ കടകൾ. ജ്യൂസുകൾ വിൽക്കുന്നതിലെ നിയന്ത്രണമാണ് ഇവർക്ക് തിരിച്ചടിയായത്.

രാത്രിയിൽ മഞ്ഞിന്റെ കുളിരുണ്ടെങ്കിലും പകൽ ചൂടു കൂടി നിൽക്കുന്നതാണ് ഇവർക്ക് സഹായകമാകുന്നത്. വരും ദിവസങ്ങളിൽ ചൂടു കടുക്കുമെന്നതിനാൽ കച്ചവടം കൂടാനാണു സാദ്ധ്യതയെന്ന് കടക്കാർ പറയുന്നു.തണ്ണിമത്തനാണ് ആവശ്യക്കാർ കൂടുതൽ. തണ്ണിമത്തനും പൈനാപ്പിളും പഴവും ചേർത്ത മിക്‌സഡ് ജ്യൂസിനും പ്രിയമേറെ.

സാധാരണ തണ്ണിമത്തന് കിലോയ്ക്ക് 15രൂപ മുതൽ 20രൂപവരെയാണ് . കിരൺ ഇനത്തിൽ പെട്ട ചെറിയ തണ്ണിമത്തന് കിലോയ്ക്ക് 20മുതൽ 26 രൂപവരെയുണ്ട്.

ക്രിസ്മസ്, പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് പഴവിപണിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ വിലയിൽ വർദ്ധനവുണ്ടായി. തണ്ണിമത്തൻ. ഏത്തപ്പഴം എന്നിവക്ക് അഞ്ചും ഓറഞ്ച് ഒന്നാം തരത്തിന് കിലോക്ക് 15രൂപയും രണ്ടാം തരത്തിന് 10രൂപയുമാണ് കൂടിയത്. വരും ദിവസങ്ങളിൽ വീണ്ടും വില കൂടുവാനാണ് സാദ്ധ്യത.

ചെറുതല്ല തണ്ണിമത്തൻ

ദാഹമകറ്റുന്നതിലുപരി നിരവധി ഗുണങ്ങളുള്ള ഫലമാണ് തണ്ണിമത്തൻ. ഇതിലടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡ് ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

 ലൈകോഫീൻ എന്ന ഘടകം കാൻസറിനെ ചെറുക്കും.

 കൊളസ്ട്രോൾ കുറയ്ക്കുന്നു.

 വിറ്റമിൻ ബി1, ബി6 എന്നിവ ശരീരത്തിന് ഊർജ്ജം നൽകുന്നു.

 അമിതമായ കൊഴുപ്പു പുറന്തള്ളി തടി കുറയ്ക്കുന്നു.

 വിറ്റമിൻ എ കാഴ്ച വർദ്ധിപ്പിക്കുന്നു.

ദിവസവും തണ്ണിമത്തൻ കഴിയ്ക്കുന്നത് സ്ട്രെസ്, ടെൻഷൻ എന്നിവ കുറയ്ക്കാൻ സഹായിക്കും.

വിറ്റമിൻ സി, ഫ്ളേവനോയ്ഡുകൾ എന്നിവ ആസ്തമ പോലുള്ള ശ്വാസകോശരോഗങ്ങൾ പരിഹരിക്കുന്നു.

 ഹൃദയം, പ്രോസ്ട്രേറ്റ്, ത്വക്ക് എന്നിവയുടെ ആരോഗ്യത്തെ സംരക്ഷിക്കും