ആലപ്പുഴ: വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കിയ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. കാട്ടൂർ കിഴക്ക് വാർഡിലെ സർവോദയപുരം സ്മാൾ സ്‌കെയിൽ കയർ മാറ്റ് പ്രൊഡ്യൂസർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പർ പോളിംഗ് സ്റ്റേഷനിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടിംഗ് യന്ത്രത്തിന്റെ സാങ്കേതിക തകരാറുമൂലം വോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ലെന്ന് വരണാധികാരി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥിക്ക് പുറമേ വാർഡിലെ ആര്യാട് ബ്ളോക്ക് പഞ്ചായത്തിലെ കാട്ടൂർ ഡിവിഷൻ, ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ എന്നിവടങ്ങളിലേക്ക് ഈ ബൂത്തിൽ വോട്ടെടുപ്പ് ഉണ്ടാകും. എട്ടിന് നടന്ന വോട്ടെടുപ്പിൽ ആകെയുള്ള 879 വോട്ടർമാരിൽ 717 പേർ വോട്ട് ചെയ്തിരുന്നു.