
ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ അടുത്തതോടെ വരുന്ന മൂന്ന് ദിവസത്തെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ ആലോചന.
തിരഞ്ഞെടുപ്പിന് മുമ്പ് 200ൽ താഴെയായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഇത് നിലവിൽ അഞ്ഞൂറിലേക്ക് അടുക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണം ഈ മാസം ആദ്യം കുറവായിരുന്നെങ്കിലും മരണ നിരക്ക് മിന്നൽ വേഗത്തിൽ കുതിക്കുകയാണ്. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ 4000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 23 പേരുടെ ജീവൻ പൊലിയുകയും ചെയ്തു. ഇതോടെ ജില്ലയിൽ മരിച്ചവരുടെ ആകെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 207 ആയി. എന്നാൽ അനൗദ്യോഗിക കണക്ക് പരിശോധിച്ചാൽ എണ്ണം 260ന് മുകളിലാണ്. മുൻമാസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചെങ്കിലും മരണ നിരക്ക് കുറവായിരുന്നു.
ജില്ലയിൽ കഴിഞ്ഞ 12 വരെ രോഗബാധിതരുടെ എണ്ണം 51,223 ആയി. ഉത്സവകാലം ആരംഭിച്ചതോടെയാണ് രോഗ വ്യാപനം കൂടിയത്. നവംബറിലെ ആദ്യവാരങ്ങളിൽ പരിശോധനയ്ക്ക് കൂടുതൽ പേർ എത്തിയിരുന്നു. നിലവിൽ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മറ്റ് രോഗങ്ങളുള്ളവർ മരിക്കുമ്പോൾ തുടർന്ന് നടക്കുന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങളും വർദ്ധിക്കുകയാണ്.
 നിയന്ത്രണം കടുക്കുമോ
ഓണത്തിന് മുമ്പ് ജില്ലയിൽ 300ൽ താഴെയായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. നിയന്ത്രണങ്ങൾ പാലിക്കാതെ ജനം കൂട്ടത്തോടെ തെരുവിലിറങ്ങിയതിനാൽ തുടർന്നുള്ള രണ്ടരമാസം പ്രതിദിന എണ്ണം ആയിരത്തിലെത്തി. പിന്നീട് കൂടുതൽ നിയന്ത്രണങ്ങൾ വരികയും സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കുകയും പൊലീസ് പരിശോധന കർശനമാക്കുകയും ചെയ്തതോടെ ഒരുമാസമായി രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി
ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വർദ്ധനവിന് കാരണം. ക്രിസ്മസ് പുതവത്സര കാലയളവിൽ വ്യാപാരസ്ഥാപനങ്ങൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരുവിലെ തിരക്ക് ഇനിയും കൂടാനാണ് സാദ്ധ്യത. വിവാഹം തുടങ്ങിയ ചടങ്ങുകളിൽ 50 പേരിൽ കൂടാൻ പാടില്ലെന്ന നിർദ്ദേശം പാലിക്കപ്പെടാത്തതും ആശങ്ക സൃഷ്ടിക്കുന്നു
........................
തിരഞ്ഞെടുപ്പിന് ശേഷമുള്ള ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ക്രിസ്മസ്, പുതവത്സര ആഘഷങ്ങളുമായി ബന്ധപ്പെട്ട കൊവിഡ് നിയന്ത്രണ മാർഗ നിർദേശം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകും
(ആരോഗ്യ വകുപ്പ് അധികൃതർ)
.........................
രോഗികൾ, പോസിറ്റീവ്, നെഗറ്റീവ്, മരണം
 നിലവിൽ ആകെ രോഗികൾ 51,223, മരണം: 207
 മേയ് മുതൽ ആഗസ്റ്റ് വരെ: 5620 (2083- 3537), 28
 സെപ്തംബർ:14,248 (4570-9678), 19
 ഒക്ടോബർ: 32,810 (8700-24,110), 58
 നവംബർ: 47,223(5654-41,570), 79
 ഡിസംബർ 12വരെ പോസിറ്റീവ്- 4000, മരണം 23