
ആലപ്പുഴ: കേരളത്തിൽ മന്തു രോഗത്തിന്റെ പ്രധാന കേന്ദ്രമായി ഒരിക്കൽ ആലപ്പുഴ ജില്ല മാറിയപ്പോൾ പൊരുതിയത് ആലപ്പുഴ മെഡിക്കൽ കോളേജിലെ മന്ത്‌രോഗ ഗവേഷണ വിഭാഗമാണ്. അതിന്റെ ഇപ്പോഴത്തെ മേധാവി ഡോ. ടി.കെ.സുമയ്‌ക്ക് അമേരിക്കൻ സൊസൈറ്റി ഒഫ് ട്രോപ്പിക്കൽ മെഡിസിൻ ആൻഡ് ഹൈജീനിന്റെ 2020ലെ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായി. ഈ പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയാണ്. മന്ത് രോഗത്തിൽ ലോകാരോഗ്യ സംഘടനയുടെ ആഗോള വിദഗ്ദ്ധയാണ് ഡോ. സുമ.
ലോകത്തെവിടെയെങ്കിലും പുതിയ മന്ത് രോഗിയെ കണ്ടെത്തിയാൽ ബന്ധപ്പെടുന്നത് ഡോ.സുമയെയാണ്.
കൊട്ടാരക്കര മുൻ എം.എൽ.എ പി.കെ.കൃഷ്ണശാസ്ത്രിയുടെയും തങ്കമ്മയുടെയും മകളാണ് അവിവാഹിതയായ സുമ.
89ൽ തുടങ്ങിയ ഗവേഷണം
1989ലാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ഫൈലേറിയ ഗവേഷണ വിഭാഗം ആരംഭിച്ചത്. പ്രൊഫ ഡോ. ആർ.കെ.ഷേണായി ആയിരുന്നു ആദ്യ മേധാവി. രോഗികളുടെ കാലിലെ നീര് കുറയ്ക്കുന്ന മരുന്ന് കണ്ടെത്താനുള്ള ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഉൾപ്പെടെ 27 രാജ്യങ്ങളിലെ വിദഗ്ദ്ധർക്ക് സുമയും സംഘവും പരിശീലനം നൽകിയിട്ടുണ്ട്.
# പ്രധാന പഠനങ്ങൾ
യാതൊരു ലക്ഷണങ്ങളുമില്ലാത്ത രണ്ട് വയസുള്ള കുട്ടികളിലും മന്ത് രോഗാണുക്കൾ കണ്ടെത്തി. എട്ട് വർഷത്തെ പഠനം വേണ്ടിവന്നു ഇതിന്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഇരുപത് വർഷത്തിന് ശേഷമാകും കാലിൽ നീരും മറ്റ് ലക്ഷണങ്ങളും പ്രകടമാകുന്നത്. രണ്ട് വർഷം കൂടുമ്പോൾ ഡി.ഇ.സി ആൽബന്റസോൾ എന്ന പ്രതിരോധഗുളിക നൽകിയതോടെ കുട്ടികളിൽ രോഗം കുറഞ്ഞു. രോഗം മാറ്റാനാവില്ല എന്ന ധാരണയും തിരുത്തി. പനി മൂലമാണ് കാലിൽ നീര് കൂടുന്നതെന്ന് കണ്ടെത്തി. പനി വരാതിക്കാൻ മുൻകരുതലെടുത്തു.
# സാമ്പത്തികസഹായം ഇല്ല
മന്തുരോഗ ഗവേഷണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായമില്ല. ലോകാരോഗ്യ സംഘടന, അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഹെൽത്ത് തുടങ്ങിയ സ്പോൺസർമാർ നൽകുന്ന തുകയിൽ നിന്നാണ് താത്കാലിക ജീവനക്കാർക്ക് ശമ്പളമടക്കം നൽകുന്നത്. ഡോ.സുമയും രണ്ട് മെഡിക്കൽ ഓഫീസർമാരും ഉൾപ്പെടെ എട്ട് പേരാണ് ഗവേഷണ സംഘത്തിലുള്ളത്.
# രോഗ സാന്നിദ്ധ്യം
 72 രാജ്യങ്ങളിൽ മന്തുരോഗം (മുൻപ് 83)
 40 % രോഗികളും ഇന്ത്യയിൽ
 2000ൽ മന്ത് നിർമ്മാർജന പരിപാടി ആരംഭിച്ചു
 രോഗികൾ 12 കോടിയിൽ നിന്ന് 2019ൽ 5.28 കോടിയായി
 കേരളത്തിൽ കൂടുതൽ രോഗികൾ ആലപ്പുഴയിൽ
............................................
മുപ്പത് വർഷത്തെ പ്രവർത്തനത്തിന്റെ അംഗീകാരമാണ് പുരസ്കാരം. ഗവേഷണം തുടരുകയാണ്. ഒരു രോഗിക്കെങ്കിലും ആശ്വാസമായാൽ അതാണ് വലിയ സംതൃപ്തി.
ഡോ. ടി.കെ.സുമ