
ചേർത്തല:നടവഴിയിൽ മരംവീണ് ദിവസങ്ങൾ കഴിഞ്ഞിട്ടും വെട്ടിമാറ്റാത്തതിനെതിരെ പരാതിയുമായി നാട്ടുകാർ. വീണുകിടക്കുന്ന മരത്തിനടിയിൽകൂടി കടന്നുപോകേണ്ട ഗതികേടിലാണ് ഇപ്പോൾ നാട്ടുകാർ. ചേർത്തല നഗരസഭ 15–ാം വാർഡിൽ ചക്കരക്കുളം ഗവ.യുപി സ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്തു നിന്നിരുന്ന തണൽ മരമാണ് കഴിഞ്ഞ 17ന് വൈകിട്ട് കാറ്റിൽ കടപുഴകി നടവഴിക്ക് കുറുകെ വീണത്. മരംവീണതിനെത്തുടർന്ന് സമീപത്തെ വീടുകൾക്കും കേടുപാട് സംഭവിച്ചിരുന്നു.
15 ഓളം കുടുംബങ്ങൾ കടന്നുപോകുന്ന നടവഴിയിലൂടെ ഇപ്പോൾ യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാർ വില്ലേജ് ഓഫിസിലും നഗരസഭയിലും താലൂക്ക് ഓഫിസും വിവരം അറിയിച്ചെങ്കിലും മരംവെട്ടിമാറ്റാൻ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.