പൊതു ശൗചാലയങ്ങളില്ലാതെ ആലപ്പുഴ നഗരം
ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന പദവി സമ്പാദിച്ചിട്ടും പൊതു ശൗചാലയ സംവിധാനങ്ങൾ ഇല്ലാത്ത നഗരമെന്ന 'ഖ്യാതി' ആലപ്പുഴയെ വിട്ടൊഴിയുന്നില്ല. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ആലപ്പുഴ കാണാൻ സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങി. നഗരത്തിലൂടെയുള്ള യാത്രയ്ക്കിടെ 'ശങ്ക' തോന്നിയാൽ കാര്യസാദ്ധ്യത്തിന് പൊതു ഇടം തന്നെ ആശ്രയിക്കേണ്ടിവരും.
കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ. ദീർഘദൂര യാത്രയ്ക്കും മറ്റ് അത്യാവശ്യങ്ങൾക്കുമായി ആലപ്പുഴ നഗരത്തിലെത്തുന്നവരാണ് പെട്ടു പോകുന്നത്.
പ്രധാന കേന്ദ്രങ്ങളിലൊന്നും നിലവിൽ ശൗചാലയ സംവിധാനങ്ങളില്ല. ഇതോടെ പൊതു ഇടവഴികളിൽ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. പാതയോരങ്ങളും ഇടവഴികളുമെല്ലാം മൂത്രശങ്ക തീർക്കാൻ ഉപയോഗിക്കുകയാണ് പലരും. നഗരത്തിൽ കല്ലുപാലത്തിനു സമീപവും ബോട്ടുജെട്ടിക്ക് സമീപവും ശൗചാലയം സ്ഥാപിച്ചിരുന്നെങ്കിലും ഉപയോഗ രഹിതമായി. കല്ലുപാലത്തിനു സമീപം നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന ശൗചാലയം പ്രവർത്തനരഹിതമാണ്. ഇത് പുന:സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ നീട്ടിവയ്ക്കേണ്ടിവന്നു. റോഡുവക്കിൽ പൊതുശൗചാലയങ്ങൾ സ്ഥാപിക്കണമെങ്കിൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതികൂടി വേണമെന്നതാണ് പദ്ധതിക്ക് തടസമാകുന്നത്. കൊവിഡ് കാലത്ത് പൊതുഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ട സാഹചര്യത്തിലും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. പ്രധാന കേന്ദ്രങ്ങൾ കണ്ടെത്തി സജ്ജമാക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല.
..........................
 വലയുന്നത് സ്ത്രീകൾ
നഗരത്തിൽ എത്തുന്ന സ്ത്രീകളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. മറ്റ് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ പോലും പൊതു ശൗചാലയ സംവിധാനം ഒരുക്കിയിട്ടുണ്ട്. ടൂറിസം കേന്ദ്രവും ജില്ലാ തലസ്ഥാനവുമായ ആലപ്പുഴ നഗരത്തിൽ ശൗചാലയ സംവിധാനങ്ങളുടെ അപര്യാപ്തത അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്.
....................
നഗരത്തിൽ വന്നാൽ തിരികെ വീടു പിടിക്കുന്നത് വരെ ശൗചാലയം ഉപയോഗിക്കാൻ യാതൊരു സൗകര്യങ്ങളുമില്ല. ബസിൽ കയറേണ്ടെങ്കിൽ പോലും ശങ്ക പരിഹരിക്കാൻ വേണ്ടി മാത്രം കെ.എസ്.ആർ.ടി.സി സ്‌റ്റേഷനിൽ പോകേണ്ടി വന്നു
ഷീബ ജേക്കബ്, അമ്പലപ്പുഴ
..........................
യാത്രക്കാർക്ക് പലപ്പോഴും ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും ആശ്രയിക്കേണ്ടി വരുന്നു. ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ നഗരത്തിലെത്തുന്നവർക്ക് ശൗചാലയ സംവിധാനവും ഒരുക്കേണ്ടതുണ്ട്
വാസുദേവൻ, ആലപ്പുഴ