ആലപ്പുഴ: 'പല്ലനയിൽ ആരും അറിഞ്ഞില്ല ഗുരുദേവൻ അന്ന് എത്തുമെന്ന്. വത്സലശിഷ്യന്റെ അന്ത്യവിശ്രമ സ്ഥലത്തേക്ക് വള്ളത്തിലാണ് ഗുരുദേവൻ വന്നത്. പുത്തൻകരിയിൽ കൊച്ചുപപ്പുവിന്റെ വീടിനടുത്തുള്ള കടവിൽ വള്ളം അടുപ്പിച്ചു. പപ്പു വീടുപണിക്കായി വച്ചിരുന്ന ആഞ്ഞിലിപ്പലക നിരത്തി ഗുരുദേവനെ കരയിലേക്ക് ആനയിച്ചു. ആദ്യം ആശാന്റെ ഭൗതികശരീരം അടക്കം ചെയ്ത സ്ഥലത്ത് നിശബ്ദനായി കുറച്ചു നേരം. പിന്നീട്, ബോട്ട് മുങ്ങിയ പല്ലനയാറ്റിലേക്ക്. ചുഴികളിലായിരുന്നു കണ്ണ്... എന്നേന്നേക്കുമായി ഉറങ്ങുന്ന വത്സലശിഷ്യന്റെ അരികത്തേക്ക് വീണ്ടും.ചിങ്ങോലി കേശവൻ മുതലാളി മാത്രമാണ് ഗുരുദേവനൊപ്പം ഉണ്ടായിരുന്നത്. ഗുരുദേവൻ എത്തിയതറിഞ്ഞ് ആളുകൾ തടിച്ചുകൂടി... '

പല്ലന മഹാകവി കുമാരനാശാൻ സ്‌മാരക സംഘം പ്രസിഡന്റ് ഇടശേരി രവി രചിച്ച്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഉടൻ പ്രസിദ്ധീകരിക്കുന്ന 'ആശാന്റെ അന്ത്യയാത്ര' എന്ന ഗ്രന്ഥത്തിലാണ് പല്ലനയാറ്റിലെ ബോട്ടപകടവും ഗുരുദേവന്റെ സന്ദർശനവും വൈകാരിക തീവ്രതയോടെ പ്രതിപാദിക്കുന്നത്. അഞ്ച് അദ്ധ്യായങ്ങളായി 110 പേജുണ്ട്.

പുസ്തകത്തിൽ നിന്ന്:

ചുക്ക് കാപ്പിയും ചട്ടിഅപ്പവും വിൽക്കാൻ പുലർച്ചെ അഞ്ചരയ്‌ക്ക് പതിവു പോലെ എത്തിയ പല്ലന സ്വദേശി കുട്ടി അലിയാണ്‌ റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കാട്ടുപരുത്തി കമ്പുകളിൽ ഉടക്കിക്കിടന്ന മഹാകവിയുടെ ചേതനയറ്റ ശരീരം കണ്ടത്. ബോട്ട് മുങ്ങിയിടത്ത് നിന്ന് അഞ്ഞൂറ് അടി തെക്കു മാറി. ഷർട്ടും കോട്ടും ദേഹത്തുണ്ടായിരുന്നു. മുണ്ട് അഴിഞ്ഞ നിലയിൽ. ചൊക്കൻ ശങ്കരനും മാന്നാറനാചാരിയും ചെണ്ടപ്പരമു മൂപ്പരും ചേർന്നാണ് മൃതദേഹം പൊക്കിയെടുത്തത്. കായിക്കരയിലും തോന്നയ്‌ക്കലും നിന്നെത്തിയ ബന്ധുക്കൾ ആശാന്റെ മൃതദേഹം കൊണ്ടുപോകണമെന്ന് വാദിച്ചു. പല്ലനയിൽ സംസ്‌കരിക്കണമെന്ന് നാട്ടുകാരും. പല്ലനയാറിന്റെ തീരത്ത് സംസ്കരിക്കണമെന്ന കലവറ കേശവപിള്ളയുടെ തീരുമാനത്തോട് ഉദ്യോഗസ്ഥർ ഉൾപ്പെടെ യോജിച്ചു. ആറിന്റെ പടിഞ്ഞാറെ തീരത്ത് ആശാന്റെയും മറ്റുള്ളവരുടേത് കിഴക്കേ കരയിലും സംസ്കരിച്ചു. അപകടം അന്വേഷിക്കാൻ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി പി.ചെറിയാൻ അദ്ധ്യക്ഷനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു...'

1924 ജനുവരി 16നായിരുന്നു പല്ലനയാറ്റിലെ പുത്തൻകരി വളവിന് സമീപം മഹാകവി കുമാരനാശാൻ ഉൾപ്പെടെ 24പേരുടെ ജീവൻ കവർന്ന റെഡീമർ ബോട്ട് ദുരന്തം.

''മഹാകവിയുടെ മരണം പ്രതിപാദിക്കുന്ന പുസ്തകം തയ്യാറാക്കാൻ കഴിഞ്ഞത് ദൈവനിയോഗമാണ്. പല്ലന മഹാകവി കുമാരനാശാൻ സ്മാരക സംഘത്തിന്റെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളും പഴമക്കാരിൽ നിന്ന് ലഭിച്ച അറിവും ചരിത്രരേഖകളുമാണ് ഇതിന് സഹായിച്ചത്.''

-- ഇടശേരി രവി, ഗ്രന്ഥകർത്താവ്

ആശാന്റെ അന്ത്യയാത്ര ആധികാരികമായും ആർദ്രമായും ഒരു ചലച്ചിത്രത്തിലെന്നോണം വിവരിക്കുന്ന പുസ്തകമാണിത്

രാജീവ് ആലുങ്കൽ, ചെയർമാൻ, പല്ലന കുമാരനാശാൻ ‌സ്‌മാരക സമിതി