ആലപ്പുഴ: കെ.എസ്.എഫ്.ഇയിൽ നടന്ന വിജിലൻസ് റെയ്ഡിൽ അസാധാരണമായി ഒന്നുമില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേരളത്തിൽ കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറക്കുന്നുവെന്ന് പറഞ്ഞ് വിജിലൻസിനെ പിരിച്ചു വിടണോ എന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സുധാകരൻ.

'വിജിലൻസ് പരിശോധനകൾ എല്ലാ വകുപ്പിലും നടക്കും. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ അവർ തന്നെ റിപ്പോർട്ടായി വകുപ്പ് മന്ത്റിക്ക് നൽകും. അതൊക്കെ പതിവ് കാര്യമാണ്.ഏജൻസികൾ ശരിയായിട്ടാണോ പ്രവർത്തിക്കുന്നത് എന്നാണ് നോക്കേണ്ടത്.
ഞാൻ കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിലും സ്ഥിരമായി വിജിലൻസ് പരിശോധന നടക്കാറുണ്ട്. അതിൽ സന്തോഷമേയുള്ളു. ഞാൻ തന്നെ 300 ഫയലുകൾ വിജിലൻസിന് അങ്ങോട്ട് കൊടുത്തിട്ടുണ്ട്. പലപ്പോഴും പത്രവാർത്തയിലൂടെയാണ് വിജിലൻസ് പരിശോധന നടന്ന വിവരം അറിയാറുള്ളത്. ഇതൊക്കെ സ്വാഭാവികമായ കാര്യമാണ്. ഇതൊന്നും മന്ത്റിമാരെ ബാധിക്കില്ല. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്റി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

എന്റെ വകുപ്പിൽ എത്ര തവണ വിജിലൻസ് പരിശോധന നടന്നു. ഞാൻ എന്തെങ്കിലും പറഞ്ഞോ?

ഇതൊക്കെ സ്വാഭാവികമായ നടപടിയാണ്. വിജിലൻസ് നന്നായി പ്രവർത്തിക്കണം. കേന്ദ്രത്തിന് നമ്മളെ ഉപദ്റവിക്കാനുള്ള വടി കൊടുക്കലാണ് അത്. അവർ വേണമെങ്കിലും അന്വേഷിച്ചോട്ടെ, പക്ഷേ ആരേയും ആക്ഷേപിക്കാനായി അന്വേഷിക്കരുത്.
പ്രതിപക്ഷത്തിന് ഇതൊന്നും ആയുധമായി മാറില്ല. അവരുടെ കൈയിലുള്ളത് ഒടിഞ്ഞ വില്ലാണ്. എല്ലാ വകുപ്പിലും വിജിലൻസ് അന്വേഷണമുണ്ട്. പാലാരിവട്ടം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് തരം അന്വേഷണത്തിന് ഞാൻ ശുപാർശ കൊടുത്തിട്ടുണ്ട്. കെ.എസ്.എഫ്.ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോൾ എന്തു കൊണ്ട് എന്ന ചോദ്യം വന്നുവെന്ന് മാത്രം. ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലൻസും എല്ലാം വേണം.എങ്കിൽ മാത്രമേ കാര്യങ്ങൾ നന്നായി നടക്കൂ. എന്റെ വകുപ്പിൽ നിന്നാണ് സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ കൊടുക്കുന്നത്. അവർ തെ​റ്റായി പ്രവർത്തിക്കാതെ നോക്കിയാൽ മതി. അല്ലാതെ അവരുടെ പ്രവർത്തനം തടയാൻ പ​റ്റുമോ? വിജിലൻസ് റെയ്ഡ് കൊണ്ട് കെ.എസ്.എഫ്.ഇക്ക് എന്ത് സംഭവിക്കാനാണ്. അതൊരു ബൃഹത്തായ സ്ഥാപനമാണ്.

ഊരാളുങ്കലിൽ ഇ.ഡി പരിശോധന നടത്തിയിട്ട് ഒരു കാര്യവുമില്ല. അവർക്ക് ഏ​റ്റവും കൂടുതൽ പദ്ധതി കൊടുത്തത് യു.ഡി.എഫ് സർക്കാരാണ്. കോർപ്പറേ​റ്റ് കമ്പനികൾക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. അവർക്ക് ബിസിനസാണ് പ്രധാനം. കൈക്കൂലിയായി അഞ്ച് നയാപൈസ അവർ ആർക്കും കൊടുക്കില്ല. കേരളത്തിൽ ഇത്തരം നിർമ്മാണ കമ്പനികൾ കുറവാണ്'- സുധാകരൻ പറഞ്ഞു.