പയ്യന്നൂർ: ദേശീയപാത കണ്ണൂർ ജില്ലാ അതിർത്തിയായ കാലിക്കടവ് ആണൂരിൽ കാൽനട യാത്രക്കാരനായ യുവാവിന് ലോറി കയറി ദാരുണാന്ത്യം. ആണൂരിലെ യാക്കോഹാമ ടയർ കമ്പനി ജീവനക്കാരൻ ആലപ്പുഴ താമരക്കുളംസതീഷ് ഭവനത്തിൽ പരേതരായ മുരളീധരൻ പിള്ളയുടെയും പൊന്നമ്മയുടെയും മകൻ സന്തോഷ് കുമാറാണ് (48) ഇന്നലെ പുലർച്ചെയോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ആണൂർ പാലത്തിന് മുകളിലായിരുന്നു അപകടം. കൂടെ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിക്കൊപ്പം ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് തിരിച്ചുവരുമ്പോഴാണ് ഇരുവരെയും ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സുഹൃത്ത് നിസാര പരിക്കോടെ തെറിച്ചുവീണെങ്കിലും സന്തോഷിന്റെ കാലിനു മുകളിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ പോയി. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ രക്തം വാർന്ന് റോഡരികിൽ കിടന്ന സന്തോഷിനെ അതുവഴി വന്ന നാട്ടുകാരാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചെയോടെ മരിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ലോറി കണ്ടെത്താനുള്ള ശ്രമം പയ്യന്നൂർ പൊലീസ് ഊർജിതമാക്കി. കുറച്ചു വർഷങ്ങളായി വെള്ളൂരിലെ രമേശന്റെ ഉടമസ്ഥതയിലുള്ള ആണൂരിലെ യോക്കാഹാമ ടയർ കമ്പനിയിൽ ജോലി ചെയ്യുന്ന സന്തോഷ്‌കുമാർ ഭാര്യയും മക്കളുമായി അകന്നുകഴിയുകയായിരുന്നു. ഭാര്യ : ബിന്ദു. മക്കൾ : ആര്യമോൾ,ആതിരമോൾ.