 അന്യസംസ്ഥാന വിദഗ്ദ്ധ തൊഴിലാളികൾ അവിടെത്തന്നെ

 നിർമ്മാണ മേഖലകളിൽ പ്രതിസന്ധിയായി മെല്ലെപ്പോക്ക്

ആലപ്പുഴ: കൊവി​ഡി​ന്റെയും തി​രഞ്ഞെടുപ്പി​ന്റെയും പശ്ചാത്തലത്തി​ൽ ജി​ല്ലയി​ലെ നി​ർമ്മാണ പ്രവൃത്തി​കൾക്ക് കരാറുകാർ പ്രതീക്ഷി​ച്ചതു പോലെയുള്ള സാങ്കേതി​ക പ്രതി​സന്ധി​ ഇപ്പോഴില്ലെങ്കിലും അന്യസംസ്ഥാനക്കാരായ വി​ദഗ്ദ്ധ തൊഴി​ലാളി​കളുടെ ക്ഷാമം മെല്ലെപ്പോക്കിന് കാരണമാവുന്നു.

ലോക്ക്ഡൗൺ കാലത്ത് നാട്ടിലേക്ക് ട്രെയിൻ കയറിയ ഭൂരിഭാഗം അന്യ സംസ്ഥാന തൊഴിലാളികളും തിരികെ എത്തിയിട്ടില്ല. ഇത് നിർമ്മാണ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ആലപ്പുഴയിലടക്കം നിർമ്മാണ ജോലികൾ അറിയുന്ന വിദഗ്ദ്ധ മലയാളി തൊഴിലാളികളെ കിട്ടാനില്ല. അഥവാ ആളെ കിട്ടിയാൽപ്പോലും അധിക കൂലിയാണ് ആവശ്യപ്പെടുന്നതെന്ന് കരാറുകാർ പറയുന്നു. അന്യ സംസ്ഥാനക്കാരാവട്ടെ മിനിമം വേതനത്തി​ൽ ജോലി​ ചെയ്യാൻ തയ്യാറാണ്. ഭായി​മാർ തിരിച്ചെത്തുന്നതു വരെ മേഖലയിൽ തൊഴിലാളി ക്ഷാമം തുടരും. ലഭ്യമാകുന്ന തൊഴിലാളികളെ ഉപയോഗിച്ച് ജോലികൾ തീർക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്.

അടിമുടി പൊളിച്ച് നിർമ്മിക്കേണ്ട പല റോഡുകളുടെയും പണി ആരംഭിച്ചിട്ടില്ല. വോട്ടെടുപ്പ് കാലമായതിനാൽ റോഡ് വെട്ടിപ്പൊളിച്ചിടേണ്ട എന്ന് ഉദ്യോഗസ്ഥരെടുത്ത തീരുമാനമാണ് ഇതിന് കാരണം. പല വാർഡുകളിലും നിരവധി റോഡുകൾ കരാറായി​ കിടക്കുകയാണ്. വിവിധ വാർഡുകളിൽ തിരഞ്ഞെടുപ്പ് വിഷയമായ റോഡുകൾ പോലും ഈ ലി​സ്റ്റി​ലുണ്ട്. വോട്ടെടുപ്പ് പൂർത്തിയായാൽ ഉടൻ ഇവി​ടങ്ങളി​ൽ ജോലി​ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

 പോക്കറ്റ് പൊത്തിപ്പിടിച്ച്

തി​രഞ്ഞെടുപ്പ് നാളുകൾ കരാറുകാരെ സംബന്ധി​ച്ചി​ടത്തോളം 'ഭീതി'യുടെ കൂടി നാളുകളാണ്. തിരഞ്ഞെടുപ്പ് ഫണ്ടും ചോദിച്ചുകൊണ്ട്ഈർക്കിലി പാർട്ടികളുടെ നേതാക്കൾ വരെയെത്തും. 'നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങാ'മെന്ന പഴഞ്ചൊല്ല് വേദവാക്യമായി കൊണ്ടുനടക്കുന്ന കരാറുകാർ, ചെറുതെങ്കിലുമൊരു തുക കൊടുക്കാൻ ബാദ്ധ്യസ്ഥരാവും. പാർട്ടികളുടെയും കാശ് ചോദിക്കുന്നവരുടെയും വലിപ്പം കൂടി വിലയിരുത്തിയുള്ള വീതംവയ്പാവുമ്പോൾ ചെറുതല്ലാത്തൊരു തുക എല്ലാ തിരഞ്ഞെടുപ്പിലും കരാറുകാരുടെ പോക്കറ്റിൽ നിന്ന് ചോരും. ജോലികൾ പ്രതിസന്ധിയിൽ നിൽക്കവേ, സംഭാവന വാങ്ങാനെത്തുന്നവരെ പേടിയോടെയാണ് കരാറുകാർ കാണുന്നത്.

................................

നിലവിലെ എല്ലാ പ്രവൃത്തികളും തുടരുന്നുണ്ട്. ടാർ പൊളിക്കേണ്ട റോഡുകളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു മതി പണി എന്നാണ് തത്കാകാലം തീരുമാനിച്ചിരിക്കുന്നത്

മുനിസിപ്പൽ എൻജിനീയർ, ആലപ്പുഴ

.....................

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന്റെ പേരിൽ എവിടെയും റോഡ്, പാലം പണികൾ മുടങ്ങിയ സാഹചര്യമില്ല. എന്നാൽ വിദഗ്ദ്ധ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. അന്യസംസ്ഥാനക്കാർ മടങ്ങിപ്പോയതാണ് പ്രധാന പ്രതിസന്ധി

വർഗീസ് കണ്ണമ്പള്ളി, പ്രസിഡന്റ്, കേരള ഗവ.കോൺട്രോക്ടേഴ്സ് അസോസിയേഷൻ