sura

ആലപ്പുഴ: മാഫിയാ സംഘങ്ങളെ പോലും വെല്ലുന്ന തരത്തിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്നും അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതു സർക്കാർ ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ നാണംകെട്ട് നിൽക്കുകയാണെന്നും സിനിമാ നടനും എം.പി. യുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

മാവേലിക്കര മുനിസിപ്പാലി​റ്റിയിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ദേശീയ ജനാധി​പത്യസഖ്യം മാവേലിക്കര മുനിസിപ്പാലി​റ്റി ഭരിക്കുമെന്നും സുരേഷ്ഗോപി കൂട്ടിച്ചേർത്തു.

ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ. കെ. അനൂപ് അദ്ധ്യക്ഷത വഹിച്ചു. ബി. ഡി. ജെ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ, ജില്ലാ ട്രഷറർ കെ. ജി. കർത്ത, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, ഏരിയ പ്രസിഡന്റുമാരായ സന്തോഷ് മ​റ്റം, ജീവൻ ആർ.ചാലിശേരി, ബി.ജെ.പി നേതാക്കളായ എസ്.ആർ.അശോക് കുമാർ, ദേവരാജൻ എന്നിവർ സംസാരിച്ചു.